Kunjunni Mashinte Kavithakal – കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ

0
Spread the love

Kunjunni Mashinte Kavithakal കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ.. ഇത്തിരിയേയുള്ളൂ ഞാന്‍ എനിക്കുപറയാനിത്തിരിയേ വിഷയവുമുള്ളൂ അതുപറയാനിത്തിരിയേ വാക്കുംവേണ്ടൂ

Kunjunni Mashinte Kavithakal_malayalamkavithakal

Kunjunni Mashinte Kavithakal_malayalamkavithakal

Spread the love

Kunjunni Mashinte Kavithakal – Download the mp3


Kunjunni Mashinte Kavithakal – 1 കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ – 1

Kunjunni Mashinte Kavithakal – 2 കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ – 2

രൂപപരമായ ഹ്രസ്വതയെ മുൻനിർത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് (Haiku poems in Malayalam) കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. കുഞ്ഞുണ്ണി കവിതകൾ ഓരോന്നും വെളിപാടാണ് ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരൂപമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം. കുട്ടികള്‍ വിടരുന്ന മൊട്ടുകളാണ്. കുട്ടികളുമായുള്ള ചങ്ങാത്തവും കുട്ടികളെപ്പോലുള്ള ചില ശീലങ്ങളും അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനായ കവിയാക്കി.

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ

സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കു
വാനിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ

മഴയും വേണം
കുടയും വേണം
കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്

ശ്വാസമാവശ്യം
ആശ്വാസമാവശ്യം
വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം

പൂവു പോലുള്ളതാകേണം
പുഴ പോലുള്ളതാകേണം
ആഴി പോലുള്ളതാകേണം
കാവ്യമെന്നേ വിളങ്ങീടു

ഫലിതം പലതും പലരും പറയും
പലതും ഫലിതം പറയും പലരും
പലരും പറയും ഫലിതം പലതും
പറയും പലരും പലതും ഫലിതം

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!

അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി..!

ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം
ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം
ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം
മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..!

ഉറുമ്പുറങ്ങാറുണ്ടെന്നെനിക്കറിയാം
പക്ഷെ, സ്വപ്‌നം കാണാറുണ്ടോ എന്നറിയില്ല
അതിനാല്‍ ഞാന്‍ അജ്ഞാനി..!

ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു,
ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!

തുള്ളി ക്കൊണ്ട് വരുന്നുണ്ടേ…..
തുള്ളിക്കൊരു കുടം എന്ന മഴ….
കൊള്ളാമീ മഴ, കൊള്ളരുതീ മഴ…
കൊള്ളാം കൊള്ളാം പെയ്യട്ടെ….!!!

ഇതു ഞാനെന്നൊരൊട്ട വര
ഇതിലെഴുതാ‍മെന്റെ കൈപ്പടയില്‍
ത്തന്നെമറ്റൊരു സമാന്തര വര
വന്നിതൊരിരട്ട വരയായാല്‍
പിന്നെ കോപ്പി എഴുത്തു തന്നെ എനിക്കു ഗതി..!

അങ്ങിനെ ഇങ്ങിനെ എങ്ങിനെയെന്ന –
ല്ലങ്ങനെ ഇങ്ങനെ എങ്ങനെയെന്നു ശരി..!

ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര,
കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..!

കാക്കാ പാറി വന്നു പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി..!

ഞാനൊരു കവിയൊ കവിതയോ ?
അല്ലല്ല..!
കവിയും ഞാന്‍ കവിതയും ഞാന്‍
ആസ്വാദകനും ഞാന്‍..!

ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!

മഞ്ഞു വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്..!

പൂ വിരിയുന്നതു കണ്ടോ പുലരി വിരിയുന്നു?
പുലരി വിരിയുന്നതു കണ്ടോ പൂ വിരിയുന്നു..?

മണ്ണു വേണം പെണ്ണു വേണം പണം വേണം പുരുഷന്
പെണ്ണിന് കണ്ണു വേണം കരളുവേണം മന്നിലുള്ള ഗുണവും വേണം..!

കണ്ണിലെ കരട്‌ നല്ലതോ ചീത്തയോ
കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..!

കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
കുട്ടിയും കോലും മരിച്ചുപോയി
വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത
ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!

അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ
സൃഷ്‌ടിച്ചതീശ്വരന്‍ എന്നെ നന്നായ്
എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍
ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..!

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!

വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക..!

കണ്ണുപാടില്ല കാന്തയ്‌ക്ക്
കാതുപാടില കാന്തനും
ഇങ്ങനെ എന്നാല്‍ ദാമ്പത്യം കാന്തം
ഇല്ലെങ്കില്‍ കുന്തമായിടും..!

ഒരു തീപ്പെട്ടിക്കൊള്ളി തരൂ
ഒരു ബീഡി തരൂ
ഒരു ചുണ്ടുതരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ..!

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ..!

കോവാലന്‍ പൂവാലന്‍ കന്നാലി വാലിന്മേല്‍
ഊഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്റെ വീട്ടിലീ അടുക്കളേലമ്മേടെ
വാലില്‍ തൂങ്ങി കരയുന്നു..!

മഴയറിയാതെ ഞാന്‍ കട്ടെടുത്ത
മഴത്തുള്ളികള്‍ കൊണ്ടോരു
മഴനൂല്‍ തീര്‍ത്തു
നിനക്കായ് മാത്രം..!

ഉണ്ടാല്‍ ഉണ്ട പോലിരിക്കണം
ഉണ്ടാല്‍ ഉണ്ട പോലിരിക്കരുത് ..!

കൊച്ചിയില്‍ നിന്നും
കൊല്ലത്തെത്തിയ
കുസൃതിക്കാരന്‍ പൂച്ച
കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു
കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാന്‍ കൂടെക്കേറിയ
കൊതിയച്ചാരന്‍ ഈച്ച
കഥകള്‍ കേട്ടുചിരിച്ചു പിന്നെ
കാപ്പിയില്‍ വീണു മരിച്ചു..

ഗുരുവായൂരിലേക്കുള്ള വഴി ഞാന്‍ ചോദിക്കവേ
എന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കണ്ടമ്പരന്നു ഞാന്‍..!

അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാ‍ല്‍ അമ്മിഞ്ഞക്കല്ല് !!

ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും

ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍

ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലും ചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

ഞാനെനിയ്ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്‌

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ

ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും

എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

നീണ്ടവഴി
മഴക്കാലമൂവന്തി
ഞാനേകന്‍

കുഞ്ഞുണ്ണി എന്ന ഞാനോ
ഞാനെന്ന കുഞ്ഞുണ്ണിയോ

എന്റെപേരെന്റെ വേര്‌
എന്‍മനമെന്‍ മന
എനിക്കുള്ള കവിത ഞാന്‍തന്നെ
എന്നെത്തിന്നൊരു പുലി
യെത്തിരയുകയാകുന്നൂ ഞാന്‍

എനിക്കുറങ്ങാനറിയില്ല
ഉണരാനൊട്ടുമറിയില്ല

കുഞ്ഞില്‍ നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ

കൊട്ടാരം കാക്കുന്ന പട്ടിയാണല്ലോ ഞാന്‍
കേള്‍ക്കട്ടെ പട്ടീ നിന്‍ മേല്‍വിലാസം

എന്‍നാമമെന്നാമം

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഞാനെന്ന കുഞ്ഞുണ്ണിയോ
കുഞ്ഞുണ്ണി എന്ന ഞാനോ

എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ

ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ
അഥവാ
വെറുമൊരരയ്ക്കാക്കവിയാമോ

ഞാന്‍ ആധുനികോത്തരനല്ല
അത്യന്താധുനികനല്ല
ആധുനികനുമല്ല
വെറും ധുനികനാണ്‌
തനി ധുനികന്‍

ഞാനൊരു വാടകവീടാണ്‌
ആരുടെ
ആരാണിതില്‍ താമസിക്കുന്നത്‌

ഞാനെനിക്കു മരിക്കാനായ്‌
ജീവിക്കാമെന്നുവെയ്ക്കുക
എനിക്കു ജീവിച്ചീടാനാ
യാരുണ്ടൊന്നു മരിക്കുവാന്‍

ഞാനാകും കുരിശിന്മേല്‍
തറഞ്ഞു കിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ്‌ തീരുന്നില്ല

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ്‌ കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

ഹായി ഠായി മിഠായി
തിന്നുമ്പോഴെന്തിഷ്ടായി
തിന്നു കഴിഞ്ഞൂ കഷ്ടായി.

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

Kunjunni Kavithakal കുഞ്ഞുണ്ണി മാഷിന്റെ മറ്റു കവിതകൾ

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണി മാഷ് (Kunjunni Mashu) (മേയ് 10(1927- മാർച്ച് 26, 2006) ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണവേരുറച്ചു പോയിട്ടുണ്ട്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി
മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.

കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

കടപ്പാട് : wiki

English Summary: Kunjunni Mash was a Malayalam poet who lived in Kerala, India. His compositions were popular with both children and adults, and he was known for his short poetry with a philosophical overtone. This page contains the poems of Kunjunni Maashu. This page tried to include the lyrics of several short poems of Kunjunni Maashu. Kunjunni Maashu Kavithakal Malayalam Lyrics.

Leave a Reply