Email to the writer - SANTHOSH KUMAR
അക്ഷരങ്ങൾ മറക്കുന്നു,
വാക്കുകളും മുറിയുന്നു.
അക്ഷമനായിരിപ്പു ഞാൻ
ഇക്ഷിതിയിലോ മൂഢനായ്!
ബന്ധുരമാം സ്നേഹവായ്പിൽ
ബന്ധനസ്ഥനാണു പാരിൽ.
വെട്ടിമാറ്റാൻ കഴിവില്ല
ഈ സംസാരമുരുളുമ്പോൾ.
ഗാന്ധാരിതുല്യമെന്നുടെ
കണ്ണുകളും കെട്ടി,യെന്റെ
കൈകളിൽ കൈത്തളയിട്ടു
പാവയാക്കിചമച്ചവർ.
കണ്ടതൊന്നും ചൊല്ലവേണ്ട.
കേട്ടതോ കുറിക്കവേണ്ട.
കരളുനൊന്താൽപോലുമിന്ന്
കരുണ വേണ്ടെന്നുചൊല്ലി.
പേരിൽ ഞാനും കവിയല്ലോ!
പേ പിടിച്ചതാമീനാട്ടിൽ.
പേടിയാണിന്നു ജീവിതം
പേക്കോലമുറഞ്ഞിടുമ്പോൾ.
ലഹരി നുരയും നേരം
നെറികേടു പെരുത്തീടും
ജനതയ്ക്കൊരു മാറ്റൊലി
ശുഭസൂചകമായേകാൻ.
കരുത്തുപകരാതെന്റെ
മറവി തടയായ് നിൽപ്പൂ
ഭയമതുകൊണ്ടൊന്നല്ലോ
പലവിധ പ്രാരാബ്ധത്താൽ.
കൊതിയതുണ്ടെൻ ജീവിത –
വഴിയതിലിഴയാതെ
മടങ്ങണമെന്നും ചിന്ത
നരകം വീതമതാലും!
എഴുത്തു മറന്നു ഞാനും
തൂലികച്ചുണ്ടുമുണങ്ങി.
ഭയമതുമായിച്ചെന്റെ
എഴുത്തിൻ പുഴയെ നെഞ്ചിൽ!