Kolangalum Kovilukalum – Ashraf Kalathode കോലങ്ങളും കോവിലുകളും – അഷ്‌റഫ് കാളത്തോട്

0
Spread the love

Kolangalum Kovilukalum, Ashraf Kalathode, കോലങ്ങളും കോവിലുകളും, അഷ്‌റഫ് കാളത്തോട്, Poems of Ashraf Kalathode, Ashraf Kalathode Kavithakal,

Spread the love

Email to the writer - Ashraf Kalathode

എന്റെ ജീവിത ചിത്രങ്ങളാണീ
വെള്ളക്കടലാസിലെ
പൂച്ചിരികൾ
ലോകത്തിനേകിയ സൗഹൃദനേരിന്റെ
താളമേളങ്ങളുടെ താരകങ്ങൾ
അതിനിടയിലെപ്പോഴോ
കാല വാഹന കണ്ണുകൾ
പാഞ്ഞടുക്കുന്നെന്റെ നിഷ്കളങ്കതയിൽ
ഇരുട്ടിന്റെ ഭൂതങ്ങളുറഞ്ഞു
തുള്ളുന്ന വഴികളിൽ പിന്തുടരുന്ന
വിഷനായ്ക്കൾ
പേകോലങ്ങൾ നിഴലുകൾ
പിന്തുടരുന്ന പർവ്വത പ്രേതങ്ങളുടെ
ഉറഞ്ഞതാണ്ഡവ കാഴ്ചകളുമുണ്ട്..
മറച്ചു നോക്കുമ്പോളീ
പുസ്തകത്താളുകളിൽ!
എങ്കിലും ചില നക്ഷത്ര തിളക്കങ്ങൾ
വഴിയുടെ ഇരുൾ നീക്കി
ലക്ഷ്യത്തിലേക്കുള്ള നാഴിക കല്ലുകളായി
സൽകൂട്ടുകാരുടെ ചിന്മുദ്ര പതിഞ്ഞ
സെല്ലുലോയിഡും നിങ്ങള്ക്ക് കാണാം
ഭൗമാന്തരങ്ങളിൽ
പ്രവേശനം നിഷേധിച്ച നീച ജന്മങ്ങളെ
നീങ്ങി പോകുക
നെഞ്ചോടുചേർത്ത ഈശ്വരക്കളങ്ങളിൽ ചവിട്ടാതെ
നീങ്ങി പോകുക..
സമചിത്തതയുടെ മൌനത്തിലൂടെ
സഞ്ചരിക്കുന്ന പാതകൾ അശുദ്ധപ്പെടുത്താതെ
കാലാന്തരങ്ങൾ പടുത്തുയർത്തിയ
മതവെറികളുടെ കലഹ കൂമ്പാരമാകാതെ
സ്നേഹ കോലായങ്ങളുടെ തിട്ടയിൽ കയറ്റാതെ
അമംഗളഹൃദയങ്ങളെ ആട്ടിയോടിക്കുക
സ്നേഹത്തിന്റെ ആത്മവിദ്യ പതിപ്പിച്ച ഹൃദയങ്ങളിൽ
ഭൗതിക പണ്ടങ്ങൾ നിറച്ചു
മുഷിഞ്ഞു പോകുന്ന
മനസ്സിൽ നടത്തിയ യുദ്ധങ്ങളുടെ
രണഭേരികളുണ്ട്!
തോറ്റോടുന്ന അഹങ്കാരങ്ങളുടെ
ഹൃദയ ചില്ലുപെട്ടികൾ പൊട്ടി നുറുങ്ങി
കൊഴിഞ്ഞു വീഴുന്ന ദയാമൽഹാറുകളുമുണ്ട്!
പശ്ചാതാപ പ്രവാഹങ്ങൾ
നുറുങ്ങിയലറുന്ന പാപമോചന തേട്ടങ്ങൾ
സൗഹൃദ പാദകൾ തെളിക്കുന്ന സൂര്യ കിരണങ്ങൾ
തെളിഞ്ഞ ഭൂമിയുടെ മുകളിൽ
കാളിയ വിഷം പുരട്ടിയാടുന്ന
രാക്ഷസനക്ഷത്ര ചിരിയിൽ
രക്ഷയുടെ വഴികൾക്കു വേണ്ടിയുള്ള രോദനങ്ങൾ
അത് കേട്ടെത്തും പ്രവാചക ഹൃദയങ്ങൾ
കാരുണ്യ നനവുകൾ
അറിവിന്റെയുറവകൾ
സ്നേഹതെളിനീരുകൾ
പുണരുവാനായ് കാനനങ്ങൾ തോറും
കറങ്ങുന്ന കാറ്റുപോലാകും
ഇച്ഛയുടെ സഞ്ചാരം..
ശത്രുവിന്റെ ഹൃദയ കാഠിന്യത്തെ
കൗതൂഹലത്തോടെ നോക്കുന്ന
ചകിതരുടെ വിഹ്വലത
ഉരുക്കുമൊരു കിരണം
മഞ്ഞു മലകൾ ഉരുകി കടലാഴങ്ങൾ
അരുവിയായൊഴുക്കുന്ന
ദൈവീക വിദ്യ..
ഇതിലുണ്ട്
ഹൃദയലേഖത്തിന്റെ ചിത്രതാളുകൾ
മറിച്ചു നോക്കുമ്പോൾ
കാണാം നന്മയുടെ ഗുരുകുല പാഠം!
അത് ശീലിക്കട്ടെ പുതു തലമുറ!
പഠിപ്പിക്കട്ടെ
നന്മയുടെ പാഠം
അറിയുക
ശത്രുവിലുമുണ്ട് വാത്സല്യം,
ഇഷ്ടം,
ഗുരുപ്രാര്ഥനയും, സാരോപദേശങ്ങളും
ഒന്ന് തലോടിയാൽ മാത്രം മതി
പിശാചിന്റെ തലയിണ മന്ത്രങ്ങളിൽ നിന്നും
മോചിപ്പിച്ചു മിത്രമാക്കുവാൻ..
ഓതിക്കൊടുക്കണം കാറ്റ് നീതിയുടെ അന്തസാരങ്ങൾ
അശാന്തിയില്ലാത്ത കാനനപാഠങ്ങൾ
തിന്നും തീർത്തും പ്രതികാരമില്ലാത്ത
കൊണ്ടും കൊടുക്കലുകൾ
സാഗര ജീവികളുടെ ജീവിത ദർശനങ്ങൾ
ഒന്ന് മറ്റൊന്നിനു വളമാകുമെന്ന
പ്രാകൃത പ്രകൃതി!
പ്രാർത്ഥനകളെ ചുട്ടെടുക്കുന്ന
വിദ്വേഷങ്ങളുടെ നീച സഞ്ചാരങ്ങളിൽ
സ്നേഹം ക്ഷാരമാക്കുന്ന
പകയുടെ അഗ്നി പർവ്വതങ്ങൾ
ആഴക്കടലിലെ അജ്ഞാത ലാര്‍വകള്‍…
അത് വേണം
അതും വേണം
കാറ്റും, മഴയും, തീയും, പുകയും,
ഇടിയും, മിന്നലും
പ്രക്ഷോഭങ്ങളും
തമസ്ക്കരിച്ചിടാനുള്ള തമ്പുരാന്റെ
നശീകരണായുധങ്ങൾ
അത് വേണം
അതും വേണം
പകയില്ലാത്ത മനസ്സുകൾ
പുതു പാഠങ്ങൾ നൽകാത്ത
പൂർവികർ തമ്സ്കരിച്ച പ്രദക്ഷിണ വീഥികൾ
അശുദ്ധങ്ങളാകുമോ എന്ന വ്യഥകൾ..
അതിന്റെ കരുതലുകളും..
പൗരാണിക പ്രമാണങ്ങളും
കേട്ടുകേൾവികളും,
ചാർവാക പിന്തുടർച്ചകളും,
മഹോത്സവങ്ങൾ, ഭൂതപൊലിയാട്ടങ്ങൾ ,
എല്ലാം നമ്മുടെ സംസ്‌കൃതിയുടെ അടയാളങ്ങൾ
വിശ്വാസികളുടെ ചാവേറുകൾ
കൊടും വിഷ വായയിൽ കൊത്തുവാനുള്ള
കോമ്പല്ലുമായി പിന്തുടരുന്ന നിഴലുകൾ
പാതത്തെറ്റാത്ത
ഉറുമ്പിൻ പ്രയാണങ്ങളെ
ഞെരിച്ചൊടുക്കാനുള്ള കുതിരക്കുളമ്പടികൾ
ചെവിയിൽകുത്തും ചെമ്പരത്തിപൂവുകൾ,
തുള്ളൽ നിറങ്ങൾ
വെളിച്ചപ്പാടിന്റെ വെളിപ്പെടുത്തലുകൾ
നിറങ്ങളില്ലാത്തവർക്കായ്
ഒരുങ്ങുന്നു അറവുശാലകൾ
കരഞ്ഞു തീർക്കാൻ നിരവധി നിമിത്തങ്ങൾ
ശാന്തമായിമേടുകൾ തഴുകുന്ന മന്ദമാരുത
തന്ത്രികൾ മീട്ടുന്ന സ്നേഹഗീതങ്ങൾ
മുളങ്കാടുകൾ കൈകോർത്തുമൂളുന്ന
ഒരുമയുടെ സങ്കീർത്തനങ്ങൾ
ഝടിതിയിൽ ഭാവപ്പകർച്ചകൾ
പിന്നെ സർവ്വസംഹാര കൊടുങ്കാറ്റാകുന്ന
നിമിഷങ്ങൾ
തേഞ്ഞു പോകുന്ന സാരോപദേശങ്ങൾ
തേനിൽ ചാലിച്ച മാസ്മരിക വചനങ്ങൾ
വീണയിൽ നിന്നും നിതാന്ത വാനങ്ങളെ ചുംബിച്ച
ദൈവദത്ത പ്രബോധനകൾ..
ഉയിർത്തെഴുന്നേൽപ്പിന്റെ വ്രാളികൾ
പൊക്കിൾ ചുഴികളെ ദണ്ണിച്ച
വൃത്തിഹീന കർമ്മങ്ങൾ
കുലം മുടിഞ്ഞു പോകുമെന്നുരുകുന്നു
പെറ്റമ്മച്ചങ്കുകൾ!
അവരുടെ ആകാശം മൂടുന്ന കരിങ്കാറുകൾ
അവിടെ
ചിഹ്നം വിളിച്ചലറുന്നു കൊമ്പന്മാർ
പ്രകമ്പനം കൊള്ളുന്ന വാനമേഘങ്ങൾ
ധരണിയെമുക്കുന്നു മിന്നൽപിണറുകൾ
മിഴികളുടെ കടൽ പ്രവാഹങ്ങൾ..
കരിനാക്കിനാൽ മുടിയുന്ന കഴകങ്ങൾ
നിലയ്ക്കാത്ത ശതനാമങ്ങളിൽ ഓംകാരം
സ്ഫന്ദിച്ച തീ നിലാവുകൾ കെട്ടുപോകുന്ന
കരളടുപ്പുകൾ
വേവുന്ന ദുഷിച്ച വികല വേഷങ്ങൾ
അതിന്റെ നിറങ്ങളിൽ
മാത്രം ഒതുങ്ങാത്ത സ്വാച്ഛന്ദ്യപ്രകോപനങ്ങൾ!
വിശ്വാസങ്ങളുടെ ധർമ്മചന്തം കെടുത്തുന്ന പേക്കൂത്തുകൾ!
പരബ്രഹ്മപൊരുളിന്റെ
ഹിതവും നന്മയും, സ്നേഹവും, കാരുണ്യവും
തിരിച്ചറിയാത്ത നീക്കങ്ങൾ..

പരമേശ്വരനു മാത്രം പകരുവാനാകുന്ന
വെന്മയുറ്റുന്ന സ്വർഗ്ഗ ഭവനങ്ങൾക്കുവേണ്ടിയുള്ള
ഭാഗം വെയ്ക്കലുകളും
നിണം കൊണ്ട് നിറയുന്ന നിള
നരക നാഗരികതയുടെ തുടർച്ചകൾ
ചിലരുടെ പുളകമാകുന്ന കർമ്മങ്ങൾ
വേണ്ട
വേണ്ട വേണ്ട ഈ വിപരീത ചിഹ്നങ്ങൾ!
അംഗശുദ്ധിയിലാകട്ടെ ദൈവമഹത്വങ്ങൾ
അശുദ്ധിസ്പർശങ്ങളിൽ കോപജ്ജ്വാലകളുടെ
തീക്കട്ടയാൽ പൊതിയുന്ന ദേഹങ്ങലാകാതിരിക്കട്ടെ
ഭദ്രമായിരിയ്ക്കട്ടെ വിശ്വാസ സംഹിതകൾ
അശുദ്ധരുടെ പാദസ്പർശമേൽക്കാതെ-
യീശ്വരൻ പാവന ക്ഷേത്രങ്ങളിൽ കുടികൊള്ളട്ടെ!
സ്മരണയുടെ ഭജനയിൽപൊലിക്കട്ടെ!
അതാകണം പരമേശ്വര സ്‌മരണാഞ്ജലികൾ
നശ്വര വിഗ്രഹങ്ങളത്രയും
ഹൃദ്യവിശ്വാസങ്ങളത്രയും
അനശ്വരമാക്കട്ടെ..
ദൈവം ദൈവമായ് തന്നെ
കരളുകളിൽ ഒതുങ്ങിയിരിയ്ക്കട്ടെ.
ആരോ പാടിയ വരികളും
ആരോ നിർമ്മിച്ചൊരു ബിംബവും
ക്ഷേത്ര കുടീരങ്ങളിൽ ചൈതന്യം നേടുന്നു..
ആ ആരോകൾ തന്നെ മനുഷ്യ മനസ്സുകളുടെ
അശാന്തിയാകുന്നു..
ദൈവമാകണം തോളുകൾ ചേർക്കുന്ന
കാലടികൾ നേർ രേഖയിൽ നടത്തുന്ന
കൈകെട്ടി കൈകൂപ്പി എതിരേല്പിൻ
ചെന്തെങ്ങും, വാഴക്കുലകളുമാകുവാൻ
അശാന്ത പർവ്വമാകാതെ
വിനീത പർവ്വമാകുന്ന
മനുഷ്യരായ് മാറുവാൻ

English Summary: ‘Kolangalum Kovilukalum’ is a Malayalam Poem wrtitten by Ashraf Kalathode.

Leave a Reply