Site icon മലയാളം കവിതകള്‍

വാക്ക് – ദീപ നായർ

Spread the love

Email to the writer - DEEPA NAIR

Vaakku Poem By Deepa Nair

വാക്കിന്റെ വിലയിലൂടറിയുന്ന സത്യവും
വാക്കാൽ പറയുന്ന പൊള്ളത്തരങ്ങളും
വാക്കിനാൽ തീർക്കുന്നു വേലികൾ മനസിലും
വാക്കോ മഹത്തരമാകണം നമ്മുടെ

നിന്റെ വാവിട്ട വാക്കിന്റെ മൂർച്ചയിൽ
നീറാതിരിക്കട്ടെ അപരന്റെ ഹൃത്തടം
വാക്കുകളാകുന്ന കൂരമ്പുകൾ തറക്കുന്നതാ-
ഴത്തിലുള്ളൊരു മുറിവായെവിടെയും

കാലങ്ങൾ മായ്ക്കാത്ത മുറിവുകളുണ്ടല്ലോ
കരുതണമെപ്പോഴുമോരോ അണുവിലും
താതന്റെ വാക്കിലും മാതാവിൻ ചൊല്ലിലും
നിന്നുണ്മയേയുള്ളുവെന്നറിയാതെ പോകയോ

നിന്നെ തിരുത്തുവാനായിരം വാക്കുകൾ
നിന്നിൽ പകർന്നൊരു ഗുരുനാഥനും,
നിന്നിലെ നന്മയെ സത്യമായ് മാറ്റാനൊരുങ്ങിയ
കാലാന്തരങ്ങളും

അറിവിന്റെ നിറകുടമാകുന്ന പുസ്തകത്താളിൻ
വരികൾ നുകർന്നതിൻ ശേഷവും,അറിയാതെയെപ്പോഴോ
ഉതിർന്നു വീണൊരാ വാക്കിന്റെ ശീലുകൾ അടക്കുന്നു
മുന്നിലെ ബന്ധമാം കണ്ണികൾ ജീവിതാന്ത്യം വരെ

അരുതരുതൊരിക്കലും കീറി മുറിക്കാതെ
മുതിരുക ചൊല്ലുവാൻ വാക്കുകൾ കാതലായ്
മൃദുവാം തളിരില പോലെ വിടരട്ടെ ചിന്തകൾ
കാണുമാറാകട്ടെ നന്മകൾ മൊഴികളിൽ

Exit mobile version