Site icon മലയാളം കവിതകള്‍

Ormayude Thadakam – P. Siva Prasad ഓർമ്മയുടെ തടാകം – പി. ശിവ പ്രസാദ്

Spread the love

Email to the writer - P. Siva Prasad

Ormayude Thadakam poem written by P. Siva Prasad

പകൽവെട്ടം പതറുന്നൊരു കുന്നിൻ ചെരിവിൽ
അകലുന്നൊരു പെരുമീന്റെ കൊടി താഴുമ്പോൾ
അരികത്തൊരു നെടുവീർപ്പിൻ തുടിയാളുന്നു
ചെറുതോണിക്കകമേയൊരു മഴ ചാറുന്നു.

ഒറ്റയ്ക്കൊരു ഞാറമരം ഇരുൾ കായുന്നു,
തെറ്റി ചില കാക്കക്കുരൾ ചേക്കേറുന്നു.
മഴയിൽ നിന്നൊരു വേനൽക്കിളി പാറുന്നു
തരുവാകെയുലയ്ക്കുന്നൊരു തെറി ചാറ്റുന്നു

“മണലൂറ്റും മറുതകളേ, മല തോണ്ടും പരിഷകളേ
ചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം.
മണ്ണിത് പാഴ്മരുഭൂവായ്‌ത്തീരും മുമ്പേ
മരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ..!”

കായൽക്കരിമുടിയിൽ  പീലിക്കതിർപോലെ
ഖരജീവിത പടുതാളം പുലരുന്നേരം
തീരക്കൽപ്പടവിൽ കൊതി തീരാത്തൊരു പാട്ടിന്റെ
ലോലത്തരിവള മെല്ലെ ശ്രുതി ചേർക്കുന്നു.

കോട്ടത്തെരുവുണരും  ശനിയാഴ്ചക്കുളിരിൽ
ഏട്ടയ്ക്കരി വിതറുന്നു ചെറുബാല്യങ്ങൾ,
കാടേറിയിറങ്ങുന്നു പല വാനരസംഘങ്ങൾ
പശിമാറാ വയറോടെ കലഹിക്കുന്നു.

തളിർയൗവന തരളിതരായ് ഘോഷത്തോടെ
വരുമക്ഷരപ്രണയികളാ മലകേറുന്നു,
പല വിദ്യകൾ, കല-കാഞ്ചനമണിമേളങ്ങൾ
അറിവിന്റെയകങ്ങളിലെ പൊരുൾവാക്യങ്ങൾ,
എല്ലാമൊരു രുചിഭേദം കലരുമ്പോലെ
വല്ലായ്മകളില്ലാത്തൊരു കാലം സുഖദം.

നല്ലോർമ്മകൾ സുല്ല് പറഞ്ഞെങ്ങു മറഞ്ഞു ?
നമ്മിലെ നാമെങ്ങനെയാ നന്മ മറന്നു ?

ഘനമൂകതയവിരാമം പുണരുന്നൊരു രാവിന്റെ
തുറുകണ്ണായൊരു മിന്നൽക്കൊടി പാറുന്നു.
എരിയുന്നു കിഴക്കുള്ളോരുപരിക്കുന്ന്,
കരിയുന്നു കരിന്തോട്ടുവ, കല്ലടയാറും…
പൊരിയുന്നു ജലസന്ധികൾ പുഞ്ചനിലങ്ങൾ
ഒഴിയുന്നു മൊഴിക്കുളിരും മധുരോർമ്മകളും!

ജലശേഖരമേ… നിന്റെ ഉടലോർമ്മകളിൽ
മദനിർഭരമഴകിന്റെ അതിമേദുരത,
മൃദുവസ്ത്രമുലച്ചലസം ശയനം ചെയ്കെ
അസ്ഥികളിൽ മുളപൊട്ടിയ രതിശാസ്ത്രത്താൽ
മുടിചിക്കിയിളക്കിക്കൊണ്ടഗ്നിക്കണ്ണിൽ
മുനയുള്ളൊരു ലഹരികളിൽ  ശയ്യ വിടർത്തി.
കാമുകരായ് പുരുഷാരം നിന്നെ വരിക്കെ
കാണികളായ് മലമുടികൾ സ്തുതിപാഠകരായ്.
പ്രണയത്തെയുപേക്ഷിപ്പാൻ കഴിയാത്തവരായ്
ചിരനിഷ്ക്രിയ ബന്ധിതരായ് മാറി ഞങ്ങൾ.

കാലം ഋതുഭേദമതിൽ കാഴ്ചകൾ തിങ്ങി
ജാലം പോൽ നിന്നുടലിൻ കാമന മങ്ങി
അതിഭീകര മൃതിശയ്യയിൽ നീ മരവിക്കെ
അരുതിന്നിത് കാണ്മാൻ, പ്രിയ ജലജീവിതമേ!

ഒരു  പൊക്കിൾ‍ച്ചുഴിയായ് നീ ഉറയുമ്പോൾ ‍
നീലിച്ച മൃതിശാഖികളിൽ ചുടുകാറ്റിടറുമ്പോഴും ‍
കരിമേഘ നിഴൽ  പോലും പതിയാത്ത  മാറത്ത്
കിളിനഖമുന പോൽ  നൊമ്പരമുണരുമ്പോഴും ‍
അമരുന്നുണ്ടെന്നുള്ളിൽ  ഒരു കുട്ടിക്കരുമാടി
ജലപാളികൾ പകരും നിൻ  ഗീതം കേൾക്കെ.

Exit mobile version