P Siva Prasad

Ormayude Thadakam – P. Siva Prasad ഓർമ്മയുടെ തടാകം – പി. ശിവ പ്രസാദ്

Ormayude Thadakam poem written by P. Siva Prasad പകൽവെട്ടം പതറുന്നൊരു കുന്നിൻ ചെരിവിൽഅകലുന്നൊരു പെരുമീന്റെ കൊടി താഴുമ്പോൾഅരികത്തൊരു നെടുവീർപ്പിൻ തുടിയാളുന്നുചെറുതോണിക്കകമേയൊരു മഴ ചാറുന്നു. ഒറ്റയ്ക്കൊരു ഞാറമരം ഇരുൾ കായുന്നു,തെറ്റി ചില കാക്കക്കുരൾ ചേക്കേറുന്നു.മഴയിൽ നിന്നൊരു വേനൽക്കിളി പാറുന്നുതരുവാകെയുലയ്ക്കുന്നൊരു തെറി ചാറ്റുന്നു "മണലൂറ്റും മറുതകളേ, മല തോണ്ടും പരിഷകളേചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം.മണ്ണിത് പാഴ്മരുഭൂവായ്‌ത്തീരും മുമ്പേമരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ..!" കായൽക്കരിമുടിയിൽ  പീലിക്കതിർപോലെഖരജീവിത പടുതാളം പുലരുന്നേരംതീരക്കൽപ്പടവിൽ കൊതി തീരാത്തൊരു പാട്ടിന്റെലോലത്തരിവള മെല്ലെ ശ്രുതി ചേർക്കുന്നു. കോട്ടത്തെരുവുണരും  ശനിയാഴ്ചക്കുളിരിൽഏട്ടയ്ക്കരി വിതറുന്നു ചെറുബാല്യങ്ങൾ,കാടേറിയിറങ്ങുന്നു പല വാനരസംഘങ്ങൾപശിമാറാ വയറോടെ കലഹിക്കുന്നു. തളിർയൗവന തരളിതരായ് ഘോഷത്തോടെവരുമക്ഷരപ്രണയികളാ മലകേറുന്നു,പല വിദ്യകൾ, കല-കാഞ്ചനമണിമേളങ്ങൾഅറിവിന്റെയകങ്ങളിലെ പൊരുൾവാക്യങ്ങൾ,എല്ലാമൊരു രുചിഭേദം കലരുമ്പോലെവല്ലായ്മകളില്ലാത്തൊരു കാലം സുഖദം. നല്ലോർമ്മകൾ സുല്ല് പറഞ്ഞെങ്ങു മറഞ്ഞു ?നമ്മിലെ നാമെങ്ങനെയാ നന്മ മറന്നു ? ഘനമൂകതയവിരാമം പുണരുന്നൊരു രാവിന്റെതുറുകണ്ണായൊരു മിന്നൽക്കൊടി പാറുന്നു.എരിയുന്നു കിഴക്കുള്ളോരുപരിക്കുന്ന്,കരിയുന്നു കരിന്തോട്ടുവ, കല്ലടയാറും…പൊരിയുന്നു ജലസന്ധികൾ പുഞ്ചനിലങ്ങൾഒഴിയുന്നു മൊഴിക്കുളിരും മധുരോർമ്മകളും! ജലശേഖരമേ… നിന്റെ ഉടലോർമ്മകളിൽമദനിർഭരമഴകിന്റെ അതിമേദുരത,മൃദുവസ്ത്രമുലച്ചലസം ശയനം ചെയ്കെഅസ്ഥികളിൽ മുളപൊട്ടിയ രതിശാസ്ത്രത്താൽമുടിചിക്കിയിളക്കിക്കൊണ്ടഗ്നിക്കണ്ണിൽമുനയുള്ളൊരു ലഹരികളിൽ  ശയ്യ വിടർത്തി.കാമുകരായ് പുരുഷാരം നിന്നെ വരിക്കെകാണികളായ് മലമുടികൾ സ്തുതിപാഠകരായ്.പ്രണയത്തെയുപേക്ഷിപ്പാൻ കഴിയാത്തവരായ്ചിരനിഷ്ക്രിയ ബന്ധിതരായ് മാറി ഞങ്ങൾ. കാലം ഋതുഭേദമതിൽ കാഴ്ചകൾ തിങ്ങിജാലം പോൽ നിന്നുടലിൻ കാമന മങ്ങിഅതിഭീകര മൃതിശയ്യയിൽ നീ മരവിക്കെഅരുതിന്നിത് കാണ്മാൻ, പ്രിയ ജലജീവിതമേ! ഒരു  പൊക്കിൾ‍ച്ചുഴിയായ് നീ ഉറയുമ്പോൾ ‍നീലിച്ച മൃതിശാഖികളിൽ ചുടുകാറ്റിടറുമ്പോഴും ‍കരിമേഘ നിഴൽ  പോലും പതിയാത്ത  മാറത്ത്കിളിനഖമുന പോൽ  നൊമ്പരമുണരുമ്പോഴും ‍അമരുന്നുണ്ടെന്നുള്ളിൽ  ഒരു കുട്ടിക്കരുമാടിജലപാളികൾ പകരും നിൻ  ഗീതം കേൾക്കെ....