Site icon മലയാളം കവിതകള്‍

Paschathapam – Edappally Raghavan Pillai -പശ്ചാത്താപം – ഇടപ്പള്ളി രാഘവൻ പിള്ള

Edappally Raghavan Pillai

Edappally Raghavan Pillai

Spread the love

Paschathapam By Edappally Raghavan Pillai

പകലവൻ ദഹിച്ചതാം പുകപോലെയുലകിട-
മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരം
നെടുവീർപ്പു വിടുമൊരു പനിമലരടുത്തായി
നിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:
അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;
അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,
വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-
വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.
നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരും
കരയലാൽ കലുഷത കലർത്തിടൊല്ലാ;
ഹതഭാഗ്യനെനിക്കിനിയൊരു ഞൊടിയിവിടത്തി-
ലധിവസിക്കുവാൻ കൊതി മതിയിലില്ലാ;
വിമലയായീടുമെന്റെ ലഘുകാലജീവിതത്തെ
വിഫലമായുലകിൽ ഞാൻ നിയിച്ചു കഷ്ടം!
കരിവരഗമനതൻ കചഭരേ ലസിപ്പാനോ,
പരമേശപദതളിർ പണിയുവാനോ,
കഴിയാത്തോരിവളുടെ കർമ്മഫലംമൂലമിപ്പോ-
ളൊഴിയാത്ത തിമിരത്തിലുഴന്നിടുന്നു;
പരിതാപകരമാമെൻ ചരിതങ്ങളൊരുവിധം
പറഞ്ഞിടാം സഖീ, നീയതറിഞ്ഞുകൊൾക:
ഭവതിയെപ്പോലെ ഞാനുമൊരു ചെറുകോരകമായ്
പലദിനം ലതയിങ്കൽ പരിലസിച്ചു;
അതിരറ്റ മധുരിമയൊഴുകുന്ന ഗീതങ്ങളിൽ
പൊതിഞ്ഞതാം കിനാവു ഞാനനേകം കണ്ടു;
മഴവില്ലിൻമാറിടത്തിലനേകനാൾകൊണ്ടു ഞാനൊ-
രഴകേറും മണിഹർമ്മ്യം പണിഞ്ഞുതീർത്തു;
ഒടുവിലതുടഞ്ഞുപോ;-യൊരു നൊടികൊണ്ടു, ഞാനും
വിടർന്നൊന്നെൻ പരിസരം പകച്ചുനോക്കി;
കരളിലൊരനഘമാം കുളിരിയറ്റിടുമാദ്യ-
ക്കണിയെന്നിലതിരറ്റു പുളകം ചാർത്തി;
വസുമതിതന്നിലാടിക്കളിച്ചിടുമുഷസ്സിന്റെ-
യസമമാം സുഷമ വാഗതീതം തന്നെ;
മൃദുലകരാംഗുലിയാൽ പുലരിമാതിവളുടെ
മൃദുദലതതികളിൽ തഴുകി മന്ദം;
മതിമുഖി മണിമഞ്ഞിൻകണികയൊരണിമുത്തു
മതിതളിർ തെളിഞ്ഞെന്റെ ഗളത്തിൽ ചാർത്തി;
കുതുകമോടപാംഗത്താലവളൊന്നു കടാക്ഷിക്കെ-
പ്പുതിയൊരു പ്രഭാപൂരം പകർന്നിതെന്നിൽ.
ഉരുതരസുഖാമൃതമശിച്ചതാമെനിക്കന്നി-
ദ്ധരാതലം സുരപുരസമമായ്ത്തോന്നീ!….

ആനന്ദച്ചാർ പുരണ്ടതാമമൂല്യമാം നിമിഷങ്ങൾ
ഞാനഞ്ചാറു കഴിച്ചു; ഹാ, പിഴച്ചുകാലം!
വളർത്തമ്മപോലെയെന്നെ രസിപ്പിച്ച പുലർകാലം
തളിർച്ചെടിപ്പടർപ്പിങ്കൽ മറഞ്ഞുപോയി!
അരുണന്റെ കിരണം ഞാനണിഞ്ഞതാം ഹിമമണി-
യഖിലവും തനിരത്നപ്രകാണ്ഡമാക്കി;
തൻകരത്താലിവളെയത്തങ്കച്ചാറിൽക്കുളിപ്പിച്ചി-
ട്ടെൻകായത്തിൻ കാന്തിയവൻ കവർന്നെടുത്തു!
അണകയായപ്പൊഴുതെന്നരികിലൊരളിവര-
നനുരാഗസംഗീതങ്ങൾ മുഴക്കി മന്ദം.
പ്രണയവിവശനാകുമവനു ഞാനറിയാതെ
പണയമായ്ക്കഴിഞ്ഞുപോയനുക്ഷണത്തിൽ;
കുടിലനാമവനെന്റെ ഹൃദയത്തിന്നടിത്തട്ടിൽ
കുടികൊള്ളും മകരന്ദം കവർന്നെടുത്തു!
അനന്തരമിലകൾതന്നിടയിൽനിന്നടുത്തെത്തി
മനംകവർന്നീടുംമട്ടിൽ മലയവാതം,
വിരുതനാമവനെന്റെ പരിസരേ പറന്നിട്ടെൻ-
പരിമളം ഹരിച്ചുടൻ തിരിച്ചു ചോരൻ!
വിലയും നിലയുമറ്റോരിവളിനി വസിക്കുകിൽ
പുലരിയിലഖിലരും പരിഹസിക്കും;
പരപരിഹാസമേറ്റു ധരയിങ്കലിരിപ്പതിൽ-
പ്പരമൊരു ദുരിതം മേ വരുവാനുണ്ടോ ?
സ്വാർത്ഥർതന്റെ പുഞ്ചിരിയാമിരയിൽ നാം ഭ്രമിക്കുകിൽ
കോർത്തുപോകുമഴലാകും കൊളുത്തുതന്നിൽ.
നിനക്കുമെന്നനുഭവമണയാതെയിരിപ്പാൻ ഞാൻ
നിനയ്ക്കുന്നു; വിളിക്കുന്നെൻ ജനനിയെന്നെ!…..”

Exit mobile version