Jessy – Kureepuzha Sreekumar – ജെസ്സി – കുരീപ്പുഴ ശ്രീകുമാർ

0
Spread the love

Jessy, Kureepuzha Sreekumar, ജെസ്സി, കുരീപ്പുഴ ശ്രീകുമാർ, Jessy Audio, Jessy Lyrics,

Kureepuzha Sreekumar

കുരീപ്പുഴ ശ്രീകുമാർ

Spread the love
Jessy Kavitha By Kureepuzha Sreekumar

ജെസ്സീ നിനക്കെന്തു തോന്നി?

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
“കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍”
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ…

കണ്ടോ പരസ്‌പരം ജെസ്സീ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?

Leave a Reply