എന്തെങ്കിലുമൊക്കെ വായിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചൊരു ബാല്യമുണ്ടായിരുന്നു. കാലത്തു പാലുകൊണ്ടു പോയി തിരികെ വരുമ്പോൾ അച്ഛന്റെ സൈക്കിളിയിലേക്കെത്തിനോക്കും ഞങ്ങൾ. മധു ചേട്ടന്റെ കയ്യിൽ അന്ന് കൂടുതലായി പത്രം ഉണ്ടായിരുന്നെങ്കിൽ അതിൽ ഒന്ന് അച്ഛന് കിട്ടിയിട്ടുണ്ടാകും. അതും വളരെ വിരളം. അങ്ങനെ ഒരിക്കൽ കിട്ടിയൊരു പത്ര താളിലാണ് ട്വിൻ ടവർ അറ്റാക്കിനെ പറ്റിയെല്ലാം വായിച്ചത്. അമ്മയുടെ വീട്ടിലേക്കു പോകുമ്പോൾ പഞ്ചായത്തിന് താഴെയുള്ള ഗ്രാമീണ വായനശാലയിലേക്കു കൊതിയോടെ നോക്കിയിരുന്നീട്ടുണ്ട്. ഒരു മെമ്പർ ഷിപ് എടുത്തു തരാൻ അന്ന് അച്ഛനോട് പറയാൻ തന്നെ പേടിയായിരുന്നു. മെംബെര്ഷിപ്പിന് അന്ന് 10 രൂപ കൊടുക്കണം. എല്ലാ മാസവും വരിയും കെട്ടണം.
വായനയിലേക്ക് വെളിച്ചം തുറന്നിട്ടത് സ്കൂളിലെ ഫിലിപ്പ് മാഷാണ്. എല്ലാവരുടെയും ജീവിതത്തിൽ വഴി തുറന്നു തരുന്ന ഒരാളുണ്ടാകുമല്ലോ. ജ്ഞാനപ്പാന ആയിരുന്നു മാഷ് ആദ്യം വായിക്കാൻ തന്നത്. അച്ഛന്റെ കീറിയ മുണ്ടു തെറുത്തിട്ട ചിമ്മിനി വെട്ടത്തിൽ കിട്ടിയതെല്ലാം ആർത്തിയോടെ വായിച്ച മധുരമൂറിയ നാളുകൾ. സ്കൂൾ കലോത്സവത്തിൽ കവിതാ രചനയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി തന്നിരുന്നു അന്നത്തെ വായന.
ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ പ്രാരാബ്ദങ്ങളുടെയും സന്തോഷങ്ങളുടെയും കഥകൾ വേണ്ടുവോളം ഉണ്ടായിരിക്കും. പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ഇന്നു നിൽക്കുന്ന മണ്ണിലേക്കെത്തിപ്പെടാൻ നമുക്ക് കരുത്തേകിയ ജീവിതാനുഭവങ്ങൾ. അരവയറിന്റെ, ഇല്ലായ്മയുടെ, അറിവിനോടുള്ള ആർത്തിയുടെ ഒരു ബാല്യം ഇല്ലായിരുന്നെങ്കിൽ, വഴി കാണിക്കാൻ അധ്യാപകർ ഇല്ലായിരുന്നെങ്കിൽ! അറിയില്ല.
2GB പെൻഡ്രൈവിൽ നിറയെ കവിതയുണ്ട്. അതിൽനിന്നും തുടങ്ങിയതാണ് ഈ വെബ്സൈറ്റ്. കയ്യിലുള്ളത് എല്ലാവരിലും എത്തിക്കുക എന്നതിനപ്പുറം ഒരു ദുരാഗ്രഹവും ഇല്ലാതെ 3 വർഷം പിന്നിടുന്നു. ഗൂഗിൾ ads തരുന്നുണ്ട് ഇപ്പോൾ. മലയാളം ആയതു കാരണം പുള്ളിക്ക് എന്തോ പുച്ഛമാണ്. $0.10 ടു $.50 വരെയുള്ള എമൗണ്ട് ദിവസവും ക്രെഡിറ്റ് ആകുന്നുണ്ട്. Space ഇന്നും, maintenance ഇന്നും വേണ്ടുന്ന തുക മാറ്റിവച്ചു ബാക്കി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കിടാൻ ആണ് തീരുമാനം. അതിന്റെ ഒരു receipt, സോഷ്യൽ മീഡിയ ഹാൻഡിൽസിലും പോസ്റ്റ് ചെയ്യുന്നതാണ്. ഇതെഴുതുമ്പോൾ ആദ്യമായി $100 ആകാൻ കാത്തിരിക്കുകയാണ്.
Write to us in case of any concerns: [email protected]