ആശ്വാസം – കൽപ്പറ്റ നാരായണൻ Aaswasam Kalpatta Narayanan

Kalpetta Narayanan Malayalam Poet
Spread the love
Malayalam Poem – Aaswasam Written By Kalpatta Narayanan

അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.

ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ ഊർന്ന്
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.

തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന
ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.

ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.

English Summary : Aaswasam Poem, Malayalam written By Kalpatta Narayanan

Amma marichappol
Aaswasamaayi
Iniyenikku athaazhapashni kidakkaam
Aarum swairym keduthilla