Chandalabhikshuki – Kumaran Asan ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ

2
Spread the love

Chandalabhikshuki, Kumaran Asan, ചണ്ഡാലഭിക്ഷുകി, കുമാരനാശാൻ, ദാഹിക്കുന്നു ഭഗിനീ, Chandaalika, Daahikkunnu Bagini,

Kumaranashan

കുമാരനാശാൻ, Poems of Kumaranasan

Spread the love

Chandalabhikshuki By Kumaran Asan

ഒന്ന്

പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,

രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ

കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി

സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ
നീർച്ചാലുപോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ

ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാർകൊണ്ടല്പോലെ

നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
മേലെ തൂവൈരത്തിൻ കാന്തി വീശും

ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ

പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
മെച്ചമായ് പറ്റും ഫലം നിറഞ്ഞും

ഭൂരിശാഖാഗ്രഹത്താൽ വിണ്ണും വേടിൻ ചാർത്താൽ
പാരും വ്യാപിച്ചു പടർന്നു നിൽക്കും

പേരാൽ മരമാണതായതിൻ പത്രത്തിൻ
ചാരുതണലാർന്ന കൊമ്പുതോറും

ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
സ്വൈരം ശരണമണഞ്ഞിരിപ്പൂ

ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;

വാടിവലഞ്ഞു ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലിക്കഖഗങ്ങൾ

വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും

ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പില്ന്മേൽ

വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും

ഹന്ത! തടിതളർന്നാർത്തി കലരുന്ന
ജന്തു നിസർഗ്ഗവികാരമേലാ!

വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
വാസാർഹമായ മുരട്ടിൽ ചുറ്റും

ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻ‌വേരാ-
മാസനം പാന്ഥോചിതമായേറെ,

ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി

പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കിൽ

മുട്ടും വഴികൾതൻ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ ചുമടുതാങ്ങി;

ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടിവീണുള്ള പഴംകിണറും

നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ

ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ

മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാൽ മേനിമൂടി

മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി

ദീർഘവൃത്താകൃതിയാം മരയോടൊന്നു
ദീർഘമാം വാമഹസ്തത്തിലേന്തി

ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോൽ

ഓടും വിശറിയും വൃക്ഷമൂലത്തിൽ‌വ-
ച്ചാടൽകലർന്നൊരു ഫുൽക്കരിച്ചു

ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ

അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ

അഞ്ചിതമായ് വളമിന്നുമിടം കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേർത്തും,

വീശും വലംകരവല്ലിയിൽ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും

ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും

പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ

ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും

മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
വന്നണയുന്നു വഴിക്കിണറിൽ

കാക്കയും വന്നൂ പനമ്പഴവും വീണെ
ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠൻ;

സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവിൽ!

രണ്ട്

തൂമതേടും തൻ പാള കിണറ്റിലി-
ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ

കോമളാംഗി നീർ കോരി നിന്നീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

എന്നുടനെ കരപുടം നീട്ടിനാൻ
ചെന്നളിനമനോഹരം സുന്ദരൻ

പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ;
തന്വിയാണവൾ കല്ലല്ലിരുമ്പല്ല!

കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന

ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടർത്തവൾ

പാരം വിസ്മയമാർന്നു വിസ്ഫാരിത
താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ

ചോരച്ചെന്തളിരഞ്ചുമരുണാംശു
പൂരത്താൽ മേനി മൂടിപ്പുലർച്ചയിൽ

വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ

പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ
ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്

മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധക്കണ്ണാടി കാന്തി ചിതറും നീർ

ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ

പുണ്യശാലിനി, നീ പകർന്നീടുമീ
തണ്ണീർതന്നുടെയോരോരോ തുള്ളിയും

അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

ശിക്ഷിതാത്മനിർവ്വാണരിലഗ്ര്യനീ;
ഭിക്ഷുവാരെന്നറിവീല ബാലേ നീ;

രക്ഷാദക്ഷമാം തൽ പ്രസാദം, നിന്നെ
പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം

അഞ്ജലിതന്നിലർപ്പിച്ചു തന്മുഖ-
കുഞ്ജം ഭിക്ഷു കുനിഞ്ഞുനിന്നാർത്തിയാൽ,

വെള്ളിക്കമ്പികണക്കെ തെളിഞ്ഞതി-
നുള്ളിൽവീഴും കുളിർവാരിതൻ പൂരം

പാവനം നുകരുന്നു തൻ ശുദ്ധമാം
ഭാവി വിഞ്ജാനധാരയെന്നോർത്തപോൽ;

ആ മഹാർനാർന്ന സംതൃപ്തി കണ്ടഹോ!
കോൾമയിർക്കൊണ്ടു നിൽക്കുന്നു പെൺകൊടി

ആമയംതീർന്നു; പോരും നീരെന്നവൻ
വാമഹസ്തമുയർത്തി വിലക്കുന്നു

സാദം തീർന്നു സിരകളുണർന്നുടൻ
മോദമാനമുഖാംബുജശ്രീയൊടും

ഭിക്ഷുവര്യൻ നിവർന്നു, കടചോന്നു
പക്ഷ്മളങ്ങളാം നീണ്ടമിഴികളാൽ

നന്ദിയോലവേ, തന്നുപകർത്തിയാം
സുന്ദരാംഗിയെ നോക്കിയരുൾചെയ്തു;

“നിർവ്വാണനിധി കണ്ട മഹാസിദ്ധൻ
സർവ്വലോകൈകവന്ദ്യൻ ദയാകുലൻ

ഗുർവ്വധീശനനുഗ്രഹിക്കും നിന്നെ
പ്പർവ്വചന്ദ്രവദനേ, ഞാൻ പോകുന്നു”

എന്നുവീണ്ടുമായാൽക്കടലാക്കാക്കി
യുന്നതൻ ശാന്തഗംഭീരദർശനൻ

ചെന്നവിടെയച്ഛായാതലത്തിൽ
ചൊന്ന ദിക്കിലിരിപായി സൌഗതൻ

മന്ദം കാട്ടറവെത്തിദ്ദാഹം, തീർത്തു
കന്ദരം പൂകും കേസരിപോലവൻ

പിന്നെച്ചെമ്മേയങ്ങാസനം ബന്ധിച്ചു
ധന്യൻ ധ്യാനമിയന്നു വിളങ്ങിനാൻ

ഫൽഗുതീർത്തരയാൽത്തണലിൽ തൻ
സദ്ഗുരുവായ മാരജിത്തെന്നപോൽ

തൻ‌കുടവും നിറച്ചു തുടച്ചതു
മങ്കമാർമണി മാറ്റിവച്ചങ്ങവൾ,

നീളമേലും കയറുചുരുട്ടിയ
പ്പാളയിൽ ചേർത്തു സജ്ജമാക്കീടിനാൾ

പോകുവാനോങ്ങിയെങ്കിലും പെൺകിടാ-
വാഞ്ഞങ്ങൊട്ടലസയായ് ചുറ്റിനാൾ

അന്തികത്തിങ്കൽ പൂത്തുമനോജ്ഞമായ്
അന്തിവാനിന്നകന്നോരു കോണുപോൽ

ചന്തമാർന്നങ്ങു നിൽക്കും ചെറുവാക-
തൻ തണലിലണഞ്ഞാൾ മനോഹരി

ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു നോക്കിയും

ചാരുനേത്ര മരത്തിലിടത്തുതോൾ
ചാരിച്ചാഞ്ഞു ചരിഞ്ഞമിഴികളാൽ

ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും-
താരണിമാല മോഘമായ് നിർമ്മിച്ചും

പാരിലൊറ്റകാലൂന്നി നിലകൊണ്ടാൾ
മാരദൂതിപോൽ തെല്ലിട സുന്ദരി

മൂന്ന്

വെയിൽമങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടൻ ഭിക്ഷു പോയി<

റുമെന്തോ കളഞ്ഞുകേഴും
നിലയാർന്നബ്ബാലയും വീടുപൂകി

അവൾ പിന്നെയത്യന്തഖിന്നയായി
അവശയായ് പ്രത്യക്ഷഹേതുവെന്യേ

അഴുതവൾ കോണിലൊതുങ്ങിയെങ്ങും
പൊഴുതുപോകാതായി ബുദ്ധിമുട്ടി

ചിറകറ്റ മിന്നാമിനുങ്ങുപോലെ
യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞു

പൊറുതിയുണ്ടായില്ല രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല

അഴകേറും ഭിക്ഷുവുമപ്പേരാലും
വഴിയും കിണറും പരിസരവും

ഒഴിയാതവളഹോ മുമ്പിൽ കണ്ടു
മിഴിയടച്ചെന്നാലുമല്ലെന്നാലും

തനിയെ തുടർന്നെഴും ചിന്ത നിർത്താൻ
തനുഗാത്രിയാളായില്ലെന്നല്ലഹോ,

നിനവും കിനാവുമഭിന്നമായി
മനതാർ കുഴങ്ങി വലഞ്ഞു ബാല

നെടുരാത്രി നീങ്ങാഞ്ഞു നിർവ്വേദത്താൽ
പിടയും തൻ ശയ്യയിൽ പേലവാംഗി

ഝടിതിയെഴുന്നേറ്റവളിരിക്കും
ഉടനേ പോയ് വാതിൽ തുറന്നുനോക്കും

ഇരവിനെ നിന്നു ശപിക്കും തന്വി
തിരിയെക്കിടക്കയിൽ പോയി വീഴും

വിരഞ്ഞിതവൾ ഭൂതപീഡയാലോ
ജ്വരസംഭ്രമത്താലോയെന്നവണ്ണം

അറയിൽത്താനേകയായിപ്രകാരം
പറവാനാകാത്തൊരീയാമയത്താൽ

ശബളിതഭാവയിവളകമേ
വിപുലമാം പുണ്യവികാസത്താലേ

ശബരാലയത്തിന്നിരുട്ടറയിൽ
സപദിയൊതുങ്ങാതുഴൽകയാവാം

കുറുനരിയും പിന്നെ യകൂമൻ‌താനു-
മറിയിക്കും യാമങ്ങളെണ്ണിയെണ്ണി

പറയവനിത പൂങ്കോഴികൂവും
തിറമെഴും കാഹളം കേൾക്കയായി

ശയനം വെടിഞ്ഞു നനഞ്ഞു വീർത്ത
നയനാംബുജങ്ങൾ തുടച്ചു തന്വി;

ഉടനെ മുറിതുറന്നുമ്മറത്തൊ-
രടിവെച്ചൊട്ടാഞ്ഞു വെളിക്കു നോക്കി

പടിമേലവൾ തെല്ലിരുന്നു പിന്നെ
നെടുവീർപ്പിട്ടൊട്ടു മുറ്റത്തിറങ്ങി,

ഉടയോരുണർന്നു കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന പോലെ തന്നെ

പരിചിലവൾ നട വിട്ടു പോന്ന-
പ്പുരയുടെ പിന്നിലൊതുങ്ങിനിന്നു

പുറവേലിതൻ പടർപ്പിന്മേലപ്പോൾ
ചെറുവണ്ണാത്തിപ്പുള്ളുണർന്നുപാടി,

തളിർ വിടർന്നുള്ള മരംതലോടി
ക്കുളിർവായുവൂതി കിഴക്കുനിന്നും;

പ്രവിരളതാരയാം പൂർവ്വദിക്കിൻ
കവിളും വിളറിത്തുടങ്ങിമെല്ലെ

നടകൊണ്ടുടനെയവിടെനിന്ന-
ങ്ങിടവഴിയെത്തുന്നു കാതരാക്ഷി,

ഇടരാർന്നു വീണ്ടും തിരിഞ്ഞുനിന്നു
ഝടിതി വീക്ഷിക്കുന്നു സ്നേഹശീല

ഒടുവിൽ ജനിച്ചഹോ താൻ വളർന്ന
കുടിലോടു യാത്ര ചോദിക്കുമ്പോലെ

ഉഴറിത്തിരിഞ്ഞുടനോമലാളാ-
വഴിയേവരുന്നു കിണറ്റരികിൽ

സ്ഫുടമിവൾ നീരിനല്ലിപ്പോൾ പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല

അതുമല്ലവളങ്ങു ചുറ്റും തെണ്ടി
വിധുരയായ് ഭിക്ഷുവിൻ പാദമുദ്ര

ക്ഷിതിയിൽ കണ്ടാശു സൂക്ഷിച്ചുനോക്കി
നിധിചോരപോലെ കുനിഞ്ഞിരുന്നു

യതിവര്യൻ തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ നീട്ടിക്കണ്ട കൈത്താർ തന്റെ

മൃദുപാടലാഭതന്നോർമ്മ നൽകും
പ്രതിനവാർക്കാംശുക്കൾ തട്ടിച്ചോന്നു

പുതുരക്തമോടി വിളങ്ങും സാക്ഷാൽ
പദമലർ താനതെന്നാർത്തിയാലെ

പുളകിതഗണ്ഡയായ് താണു ഭൂവി-
ലളകാഞ്ചലം വീണടിയുമാറും

അധരം തുടുത്തു തുളുമ്പുമാറും
അതിനെയിതാ തന്വി ചുംബിക്കുന്നു

വിരവിലെഴുന്നേറ്റുടൻ നടന്ന-
പ്പെരുവഴിയെത്തുന്നു പേശലാംഗി;

പദമുദ്ര വേർതിരിയാതെയങ്ങു
പതറുന്നു പെൺകൊടി ദൂരെയെത്തി?

യതിപുംഗവന്റെ വഴിതുടർന്നീ-
മതിമുഖി പോകയാം തർക്കമില്ല

അഴലാർന്നിവളഹോ സ്വാമി തന്റെ
വഴിയോരും ശ്വാവിന്റെ നാസയ്ക്കേലും

അനഘമാം ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം

അഴകിൽ പൂർവ്വാഹ്നശ്രീ തങ്കച്ചാറാൽ
മെഴുകുന്നോരപ്പാതയുടെ പിന്നെ

വഴിപോക്കർ ചൊല്ലിയറിഞ്ഞു വേഗം
പിഴയാതെ ശ്രാവസ്തി പട്ടണത്തിൽ

പരിശുദ്ധ ജേതൃവനവിഹാര-
പരിസര രഥ്യയിലെത്തി ബാല

ഇടയിടെപ്പൂമരവൃന്ദമില്ലി-
പ്പടരിവതിങ്ങും വൻ‌വേലി ചൂഴ്ന്നു

കരിവാർശിലയാൽ തീർത്തുള്ള രണ്ടു
കരിവരർ കാക്കും പൂങ്കാവിൻ ദ്വാരം

അരികിലവൾ കണ്ടിതുള്ളിലോരോ
വരമന്ദിരാരാമവൃന്ദത്തോടും

ഇരുപുറവുമത്തി, തേന്മാവു, ഞാവൽ
അരയാൽ മുതലാ തരുനിരകൾ

സുരുചിരച്ഛായം വളർന്നു ശാന്ത-
പരിമോഹനമാം നടക്കാവൂടെ

അവളുള്ളിൽപ്പോയന്തർമന്ദിരത്തിൽ
നിവസിക്കും ഭിക്ഷുക്കൾതന്നെക്കണ്ടാൾ

വിവരങ്ങൾ ചോദിച്ചാളങ്ങങ്ങെത്തി
യവഗതസങ്കോചം ഗ്രാമകന്യ

വിദിത സമസ്നേഹരാജ്യലൿഷ്മി
സദനമതാർക്കും തറവാടല്ലോ

അകലെനിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കർക്കമ്പേലും പെങ്ങളല്ലോ?

മുകിൽ‌വേണിക്കസ്ഥലമാഹാത്മ്യം താൻ
പകുതിമോഹം തീർത്തിരിക്കുമിപ്പോൾ

പരിസരശക്തിഗുണത്താൽ മർത്ത്യർ
പരിശുദ്ധരാകും പാപിഷ്ഠർപോലും

ജഗദേക ധർമ്മപിതാവു സാക്ഷാൽ
ഭഗവാൻ തഥാഗതൻ സാന്നിദ്ധ്യത്താൽ

അരിയ വിഹാരമതന്നുപാരം
പരിപാവനമാക്കിച്ചെയ്തിരുന്നു

ഗുരുദേവരെക്കാണ്മാൻ പൂർവ്വാരാ‍മ-
വരവിഹാരത്തിൽ നിന്നിങ്ങുപോരും

സുവിദിതൻ “ആനന്ദ”ഭിക്ഷുവത്രേ
അവൾ തണ്ണീർ നൽകിയ യാത്രക്കാരൻ

വിവരമറിഞ്ഞവൾ തന്നെദ്ദേവൻ
സവിധത്തിലമ്പിയന്നാനയിച്ചാൻ

അവളജ്ഞ ചണ്ഡാലബാലയെങ്ങാ-
ബ്ഭുവനഗുരുപാദരെങ്ങു? പാർത്താൽ

ഗുരുലഘുഭേദമതിഥികളിൽ
പരമോദാരന്മാർ കാണ്മീല നൂനം

മണി മണ്ഡപത്തിന്റെ പൂമുഖത്തിൻ
ക്ഷണമെഴുന്നള്ളി നിന്നീടും രൂപം

പരമവൾ കണ്ടിതു ഭിക്ഷുവേഷം
പുരുഷസൌന്ദര്യത്തിൻ പൂർണ്ണാഭോഗം

സുഭഗനാനന്ദൻ മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത തേജ:പുഞ്ജം

പതറീ ഹൃദയം വിറച്ചു പൂമെ-
യ്യെതിരേ മഹാത്മാവെക്കണ്ടു ഞെട്ടി

അവിദിതാചാരമാതംഗകന്യ
അവശയായ് സംഭ്രമമാർന്നുനിന്നു

പുതുദീപം മുമ്പിൽ പതംഗിപോലെ
കതിരവൻ മുമ്പിൽ ധരിത്രിപോലെ

നിഗമരത്നത്തിന്റെ മുൻപിൽ യുക്തി-
വികലമാം പാമരവാണിപോലെ

അചലമാം ബോധം മുമ്പപ്രഗത്ഭ-
വിചികിത്സപോലെയും, വിഹ്വലാംഗി

അതുകണ്ടകമലിഞ്ഞോരു ദേവ-
നതിവിശ്വാസം ബാലയ്ക്കേകുംവണ്ണം

സദയം തൻ തൃക്കണ്ണവളിൽ ചാഞ്ഞു
മൃട്ടുലസ്ഫീതാർദ്രയായ് മംഗളമാം

അധരമലർവഴി വാക്ക്‌സുധകൾ
മധുരഗംഭീരമായൂർന്നൊഴുകി-

“മകളെ, നീ പോന്നതു ഭംഗിയായി
സകലമറിഞ്ഞു നാം കാര്യം ഭദ്രേ!

അനഘനാനന്ദനു തണ്ണീർനൽകി
ക്കനിവാർന്നു വത്സേ! നീ ദാഹം തീർത്തു;

ജനിമരണാർത്തിദമാകും തൃഷ്ണ-
യിനി നിനക്കുണ്ടാകാതാകയാവൂ”

അവളുടെ ഭാവമറിഞ്ഞു പിന്നെ
സ്സുവിമല ധർമ്മോപദേശം ചെയ്തു

അവളെത്തൻ ഭിക്ഷുകീ മന്ദിരത്തിൽ
നിവസിച്ചുകൊൾവാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
ന്നിരുപാധികകൃപാവാരിരാശി

അരിയ നീർത്താർമൊട്ടേ, നിൻ തലയിൽ
സ്ഫുരിതമാം തൂമഞ്ഞിൻ‌തുള്ളി തന്നിൽ

അരുണൻ നിർമ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയർക്കദീപ്തിതന്നിൽ

അതുമല്ല മൂത്തേലും ബിന്ദു മാഞ്ഞു
സുധയൂറും നിൻ‌കരൾക്കാമ്പിൽ മെല്ലെ;

ദിവസം പുലർന്നു വിടർന്നിനി നീ-
യവികുലശോഭ വഹിക്കും പൂവേ

നാല്

“ഭിക്ഷുണീ” മന്ദിരം തന്നിൽ ബുദ്ധ-
ശിക്ഷിത വാണു മാതംഗി

ഭൂഷണമൊക്കെ വെടിഞ്ഞു, ബാല
തോഷിച്ചു കൂന്തലരിഞ്ഞു

ശേഷം “ശ്രമണി”മാരേലും ശുദ്ധ
വേഷം ശരിയായണിഞ്ഞു

അഷ്ടാംഗമാം ധർമ്മമാർഗ്ഗം-ബാല
കഷ്ടതയെന്നി ധരിച്ചു

പാവനമൈത്രിമുതലാം-ചിത്ത
ഭാവന മൂന്നുംശീലിച്ചു

ആനന്ദനിർവ്വാണം ചെയ്യൊ കാമ-
ധേനുവാം ധ്യാനം ഗ്രഹിച്ചു

നിർമ്മല ശീലമാരാകും-അന്യ
ധർമ്മഭഗിനിമാരൊപ്പം

സമ്മോദം സ്നാനാശനാദി കളിൽ
ചെമ്മേയിണങ്ങി രമിച്ചു

കൃത്യങ്ങൾ കാലം തെറ്റാതെ, അവൾ
പ്രത്യഹം ചെയ്യു മാഴ്കാതെ

നേരത്തെയേറ്റു നിയമം-കഴി
ഞ്ഞാരാമ പീകും കൃശാംഗി

സ്നിഗ്ദ്ധശിലകൾപടുത്തു പരി
മുഗ്ദ്ധമാം കല്പടയാർന്നു

താമരപൂത്തു മണംവീ-ശുന്ന-
ല്ലോമൽ നീരേലും കുളത്തിൽ

കൈയ്യിൽ ചെറുകുടം താങ്ങി-മറ്റു
തയ്യൽമാരോടൊത്തിറങ്ങി

കോരും ജലമവൾ, പോയി ച്ചെന്നു
ചാരുമഹിളാലയത്തിൻ

മുറ്റത്തെഴുന്ന പൂവല്ലി-നിര
മുറ്റും രസത്തിൽ നനയ്ക്കും

പാവനശീലയാൾ പിന്നെ-ദ്ദന്ത-
ധാവന ചെയ്തു നീരാടും

ചായം പിഴിഞ്ഞ വസനം-തല്ലി
ക്കായാനിട്ടന്യമണിയും

വായ്ക്കും കൂതുഹലമാർന്നു-നല്ല
പൂക്കളിറുത്തവൾ ചെന്നു

ശ്ലാഘ്യരാം ധർമ്മമാതാക്കൾ-തന്റെ
കാൽക്കൽ വച്ചമ്പിൽ വണങ്ങും

ശ്രദ്ധയാർന്നങ്ങിരുന്നോരോ-ധർമ്മ
തത്വങ്ങൾ ബാല ശ്രവിക്കും

മദ്ധ്യാഹ്നമായാൽ വിളമ്പീ-ടുംനൽ
ശുദ്ധമാം ‘ഭിക്ഷ’ യശിക്കും

ഇങ്ങനെ കാലം‌നയിച്ചു-സ്നേഹം
തിങ്ങുമാ ധർമ്മാലയത്തിൽ

ഏകാന്തസൌഖ്യമായ് ബാല-സ്നേഹം
ലോകാന്തരമാർന്നപോലെ

അമ്മമന്ദിരത്തിൽ വസിക്കും-പല
മേന്മയെഴും രാജ്ഞിമാർക്കും

ബ്രാഹ്മണ ‘ഭിക്ഷുണി’മാർക്കു-വൈശ്യ
മാന്മിഴിമാർക്കുമല്ലാർക്കും

കൂറും ബഹുമതിതാനും-ദിനം
തോറുമിവളിൽ വളർന്നു

ഏറു ഗുണം കണ്ടവൾമേൽ-പ്രീതി
യേറി ഭഗവാനും മേന്മേൽ

ഹാ! കാമ്യമാമീ നഭസിൽ-ഒരു
കാർകൊണ്ടൽ വന്നുകേറുന്നു;

ലോകമേ, നിൻ‌ജഠരത്തിൽ-ഇല്ല
ഏകാന്തതയൊരിടത്തിൽ

അന്തികത്തന്നഗരത്തിൽ-ഈ ന-
ല്ലന്തരത്തിൽ തരം‌നോക്കി

അന്തരണരിൽ ചില്പേരേ-ഈർഷ്യ
ഹന്ത! തൻ കോമരമാക്കി

“നിർണ്ണയം കാലം മറിഞ്ഞു-വര
വർണ്ണിനീ ധർമ്മമഠത്തിൽ

മുണ്ഡനം ചെയ്കയാലിന്നു-ശുദ്ധ
ചണ്ഡാലി കേറി സമത്തിൽ

താണ ചെറുമിയൊന്നിച്ചായ്-അവർ
ക്കൂണുമിരിപ്പും കിടപ്പും;

കാണി കൂസാതായി വെപ്പും ശാസ്ത്ര
വാണിയും നാട്ടിൽ നടപ്പും;

പാരിൽ യജ്ഞങ്ങളില്ലാതായ്-ദേവ-
ർക്കാരാധനകളില്ലാതായ്;

ആരും പഠിക്കാതെയായി-വേദം
പോരെങ്കിൽ ജാതിയും പോയി.”

ഇങ്ങനെയൊക്കെയുരച്ചും-അതിൽ
തങ്ങും വിപത്തു വർണ്ണിച്ചും

അഗ്രഹാരം തോറുമെത്തി-അവർ
വ്യഗ്രരായ് വാർത്ത പരത്തി

ക്ഷത്രിയഗേഹത്തിൽ ചെന്നു കാര്യ-
മത്രയും കേൾപ്പിച്ചുനിന്നു

ചെട്ടിമാരെച്ചെന്നിളക്കി-വാർത്ത
പട്ടണമെങ്ങും മുഴക്കി

എന്തിനു വിസ്തരിക്കുന്നു-ജന-
മെന്തെന്നില്ലാതെയുഴന്നു

പെട്ടെന്നമാത്യരറിഞ്ഞു-കഥ
കൊട്ടാരമെത്തിക്കഴിഞ്ഞു

വാദരായ് മന്ത്രിസഭയിൽ-കാര്യം
ഖേദമായ് മന്നവനുള്ളിൽ

ധന്യൻ പ്രസേനജിത്തെന്നു-പുകഴ്
മന്നിലെഴും ബുദ്ധഭക്തൻ

കല്പിച്ചിതോർത്തന്നൃപാ‍ലൻ-പിന്നെ
സ്വപ്രജാരഞ്ജനലോലൻ;

“സംഘാരാമത്തിൽഭഗവൽ, പദ
പങ്കജത്തിൽതന്നെയെത്തി

ശങ്ക ഉണർത്താമതല്ലാ-തുണ്ടോ
സങ്കടത്തിന്നു നിവൃത്തി?

സർവ്വജ്ഞനല്ലോ ഭഗവാൻ ധർമ്മം
നിർവ്വചിക്കേണ്ടതങ്ങല്ലോ”

പിന്നെത്തിരുവിഹാരത്തിൽ-ദൂത
തന്നിശ്ചയം ചെന്നുണർത്തി

വേഴ്ചയിൽ സമ്മതം വാങ്ങി-കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി

പിറ്റേന്നപരാഹ്നമായി-വിണ്ണു
പറ്റിപ്പടിഞ്ഞാറുനിന്നു

മന്നിന മലിനമുഖത്തിൽ നിത്യം
പൊന്നിൻപൊടി പൂശു ദേവൻ

ദൂരെക്കിഴക്കേ നിരത്തിൽ-ഉടൻ
തേരൊലി കേട്ടു തുടങ്ങി

മങ്ങും ദിനജ്വാല മേലേ-പൊടി
പൊങ്ങി വാനിൽ പുകപോലെ

ഓരോ വഴിയായ് ഞെരുങ്ങി-ജ്ജന
മരാമദ്വാരത്തിൽ തിങ്ങി;

ഉൽക്ഷിപ്തഖഡ്ഗം തിളങ്ങും-അംഗ-
രക്ഷകർ സാദിഭടന്മാർ

തൽക്ഷണം വാതുക്കലെത്തി-മാർഗ്ഗ-
വിക്ഷോഭം മെല്ലെയൊതുക്കി

സംഘാരാമത്തിൽ വളർന്ന വൃക്ഷ-
സംഘത്തിൽ ഛായാഗണങ്ങൾ

എത്തുമതിഥിജനത്തെ-സ്വയം
പ്രത്യുദ്ഗമിക്കുന്നപോലെ

ദുർവ്വാഭിരാമച്ഛവിയിൽ നീണ്ടു
പൂർവ്വമുഖങ്ങളായ് നിന്നു

ഉള്ളിലത്തെ നടക്കാവിൽ-കാറ്റിൽ
തുളും മരങ്ങൾ നടുവിൽ

കോമളമായ് മേൽ കുറുക്കേ-ചേർത്ത
ചേമന്തിപ്പൊന്തോരണത്തെ

ചാലവേ ചാഞ്ഞൊഴുകും രശ്മി
മാല ബഹുലീകരിച്ചു

ഒപ്പമായ്ത്തല്ലിമിനുക്കി-യെങ്ങും
നൻപ്പനിനീരാൽ നനച്ചു

പുഷ്പദലകൃതമാമം-ഗല-
ശില്പമേർന്നാരാവടിയേ

ആനന്ദഭിക്ഷുവുദാരൻ-ശിഷ്യ-
സാനുഗനായെതിരേല്പാൻ

ചെന്നുടൻ വാതുക്കൽ നിന്നു നൃപ
സ്യന്ദനവും വന്നണഞ്ഞു

അന്യോന്യമാചാരം ചെയ്തു-പിന്നെ
മന്നവൻ തേർവിട്ടിറങ്ങി

പുക്കിതു പുണ്യാരാമത്തിൽ-പൌര
മുഖ്യസചിവസമേതൻ

ജോഷംനടന്നു നരേന്ദ്രൻ മിത-
ഭൂഷൻ മിതപരിവാരൻ

പാടിനടന്നിതൊളിവിൽ മാവിൻ
വാടിയിൽ പൂങ്കുയിൽ വൃന്ദം

മഞ്ഞക്കിളി മിന്നൽ‌പോലെ-ഞാവൽ
കുഞ്ജങ്ങളുള്ളിൽ പറന്നു

പാലമേൽ പാതി കരേറി-അണ്ണാൻ-
വാലുയർത്തിത്തെല്ലിരുന്നു

കൂടെക്കൂടെത്തിരുമേനി തിരി-
ഞ്ഞോടിച്ചു കണ്ണിതിലെല്ലാം

ഉള്ളിൽ ത്തൈമാതളത്തോപ്പിൽ-തൊണ്ടു-
വിള്ളും ഫലങ്ങളിൽ നിന്നും

മാണിക്യഖണ്ഡങ്ങൾകൊത്തി-ത്തിന്നൊ
ട്ടീണം കലർന്ന ശുകങ്ങൾ

“ബുദ്ധം ശരണം ഗച്ഛാമി:-എന്ന
സങ്കേതം പാടിപ്പറന്നു

ഇമ്പം കലർന്നതു കേട്ടു ഭക്തൻ
തമ്പുരാൻ രോമാഞ്ചമാർന്നു

തൽ‌ക്ഷണമെല്ലാരുമെത്തി-യങ്ങാ
സാക്ഷാൽ സുഗതനികേതം

ഉള്ളറതൻ മറ മാറ്റി-യെഴു
ന്നെള്ളി ഭഗവാൻ വെളിയിൽ

പൊൻ‌മുകിൽച്ചാർത്തുകൾ നീക്കി യുദി
ച്ചുന്മുഖനാം രവിപോലെ!

വീണു വണങ്ങി നൃപാലൻ-മൌലി
മാണിക്യദീപിതശാലൻ

ഒട്ടു ഭഗവാനുയർത്തീ-മഞ്ഞ
പ്പട്ടാടതൂങ്ങ്നും പൊൻ‌കൈകൾ

മിന്നി ക്ഷണം കൂറ പാടി-നിൽക്കും
പൊന്നിൻ‌കൊടിമരം‌പോലെ

പിന്നെ വിചിത്രാസ്തരത്തിൽ-ദേവൻ
മന്നവൻ തന്നെയിരുത്തി

താനും വിരിപ്പിലിരുന്നാൻ-ശുദ്ധ
മേനിയേറും പൂന്തളത്തിൽ

മറ്റു ജനങ്ങളും വന്നു-വന്ദി
ച്ചുറ്റതാം സ്ഥാനത്തിരുന്നു

കോലായിലുമാസ്തൃതമായ്-വ്യാസ
മേലും തിരുമുറ്റമെങ്ങും

ശാലതൻ വാമപാർശ്വത്തിൽ-ഖ്യാതി
കോലും ശ്രമണിമാർതങ്ങി;

ദക്ഷിണപാർശ്വത്തതുപോൽ-പോന്നു
ഭിക്ഷുവര്യന്മാരിരുന്നു

അന്തിപ്പൊന്മേഘാംബരമാർന്നൊളി
ചിന്തുന്നതാരങ്ങൾ പോലെ

മദ്ധ്യത്തിൽ വീരാസനസ്ഥൻ-പരി-
ബദ്ധാസ്യ തേജോവലയൻ

ബുദ്ധൻ തിരുവടി തന്നെ-നൃപ-
നുത്തരളാശയൻ നോക്കി
സംഗതി തന്റെ ലഘുത്വം-കൊണ്ടു
ഭംഗുരകണ്ഠനായ് മൌനം

കൈക്കൊള്ളും ഭൂപനെനോക്കി-സ്വയം-
മക്കൃപാത്മാവരുൾചെയ്തു;-
‘വത്സ, മാതംഗിയെച്ചൊല്ലി-വിചി-
കിത്സയല്ലല്ലി വിഷയം?

എന്തു പറവൂ! എന്തോർപ്പൂ-ജാതി
ഹന്ത വിഡംബനം രാജൻ!

ക്രോധിച്ചു ജന്തു പോരാടും-സ്വന്ത-
നാദത്തിൻ മാറ്റൊലിയോടും

വല്ലിതന്നഗ്രത്തിൽനിന്നോ-ദ്വിജൻ
ചൊല്ലുക മേഘത്തിൽനിന്നോ

യാഗാഗ്നിപോലെ ശമിതൻ-ഖണ്ഡ-
യോഗത്തിൽ നിന്നോ ജനിപ്പൂ?

അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?

ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ?

പുണ്ഡ്രമോ പൂണുനൂൽതാനോ-ശിഖാ-
ഷണ്ഡമോ ജന്മജമാണോ?

അക്ഷരബ്രഹ്മം ദ്വിജന്മാർ സ്വയം
ശിക്ഷകൂടാതറിയുന്നോ?

എല്ലാ ക്രീമികളുംപോലെ-ജനി-
ച്ചില്ലാതാം മർത്ത്യരെയെല്ലാം

കല്യമാം കർമ്മനിയതി-കര-
പല്ലവം താൻ ചെയ്കയല്ലേ?

മുട്ടയായും പുഴുവായും; – നിറം
പെട്ട ചിറകുകളാർന്നു,

ചട്ടറ്റ വിണ്ണിൽ പറന്നു മലർ
മട്ടുണ്ണു പൂമ്പാറ്റയായും

പോകുന്നിതു മാറിമാറി പ്പല
പാകത്തിലേകബീജംതാൻ

നാമ്പും കുരുമൊട്ടും വർണ്ണം-പൂണ്ട
കൂമ്പും മലരും സുമം താൻ

നെല്ലിൻ ചുവട്ടിൽ മുളയ്ക്കും-കാട്ടു
പുല്ലല്ല സാധു പുലയൻ!

ശങ്ക വേണ്ടൊന്നായ് പുലർന്നാൽ-അതും
പൊങ്കതിർപൂണും ചെടിതാൻ;

സിദ്ധമതിന്നു ദൃഷ്ടാന്തം-അസ്മൽ
പുത്രിയീ മാതംഗിതന്നെ

സത്യധർമ്മങ്ങൾക്കെതിരാം-ശാസ്ത്രം
ശ്രദ്ധിയായികങ്ങു നൃപതേ!

അർത്ഥപ്രവചനം ചെയ്യാ-മതിൽ
വ്യർത്ഥമുദരംഭരികൾ

ഇന്നലെചെയ്തൊരബദ്ധം-മൂഢ-
ർക്കിന്നത്തെയാചാരമാവാം;

നാളത്തെശാസ്ത്രമതാവാം-അതിൽ
മൂളായ്ക സമ്മതം രാജൻ

എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം
ഹന്ത! വിവരമില്ലാതെ

അന്ധകാരപ്രാന്തരത്തിൽ കഷ്ടം!
അന്ധരെയന്ധർ നയിപ്പൂ

വൃക്ഷമായും ചെടിയായും-പരം
പക്ഷിയായും മൃഗമായും

ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ-ജന്തു
പക്ഷേ, മനുഷ്യനായെന്നാം

എന്നെത്തുടർന്നെഴും നീണ്ട ജന്മ
പൊന്നോമൽച്ചങ്ങലതന്റെ

പിന്നിലെക്കണ്ണിയോരോന്നിൽ-പൊങ്ങി
മിന്നിയെന്നെത്തന്നെ കാൺമൂ

ഓടും, മുയൽകൂറ്റനായും,-മരം-
ചാടിയായും പാഞ്ഞിരകൾ

തേടും കരിമ്പുലിയായും-വേട്ട
യാടുന്ന വേടനായും താൻ

ജന്തുക്കളൊക്കെയീവണ്ണം‌-ശ്രീമൻ
ഹന്ത! സഹജരെന്നല്ല

ചിതിക്കിലൊന്നായ് വരുന്നൂ-പിന്നെ
ന്തന്തരം മർത്ത്യർക്കു തമ്മിൽ?

വ്യാമോഹമാർന്നും സുഖത്തിൽ-പര-
ക്ഷേമത്തിൽ വിപ്രിയമാർന്നും

പാമരചിത്തം പുകഞ്ഞു-പൊങ്ങും
ധൂമമാമീർഷ്യതൻ ‘ജാതി’

ഗർവ്വമായും ദ്വേഷമായും-പിന്നെ
സർവ്വമനോദോഷമായും

ആയതു മാറുന്നു വർണ്ണം-സ്വയം
സായന്തനാംബുദമ്പോലെ

സ്വന്തകുടുംബം പിരിക്കും-അതു
ബന്ധുക്കളെ വിഭജിക്കും

ഹന്ത! വർഗ്ഗങ്ങൾ തിരിക്കും-പക
ച്ചന്ത്യമായ് ലോകം മുടിക്കും

തന്നാശ്രിതരെയും ലോക-ത്തെയും
തിന്നും കറുത്തോരിത്തീയെ

ആരാധിക്കായ്‌വിൻ അസൂയാ-മഹാ
മാരിയെ, ജ്ജാതിയെ ആരും

ചൊല്ലുവൻ ജന്തുവെത്താഴ്ത്തും-ദോഷ
മെല്ലാമിതിലടങ്ങുന്നു

ഈ രാക്ഷസിയെജ്ജയിച്ചാൽ-ഘോര-
നാരകദ്വാരമടഞ്ഞു

ഭോഗപരയായി, ജ്ജന്തു-രക്ത
രാഗയാമാ ഹിംസതന്നെ

പൂജ്യൻ നൃപൻ ബിംബിസാരൻ-തന്റെ
രാജ്യത്തിൽ നിന്നകലിച്ചു

താണ സംസൃഷ്ടർതന്നെ-നിജ
ഭ്രൂണത്തിൽ കൊല്ലാതെകൊന്നു

ജന്മം വിഫലമാക്കിടും-മഹാ-
കലുഷകാരിണിയായി

ചാതുര്യമായ് പലവർണ്ണം-തേടും
ജാതിയാമീ ഹിംസതന്നെ

ഭൂതദയയെ നിനച്ചും-സ്വന്ത
നീതിയെയോർത്തും നൃപേന്ദ്ര!

നിഷ്കൃഷ്ടമാമാജ്ഞയാലേ-യങ്ങും
നിഷ്കാസിക്കിൽ ശുഭമായി

ചെന്നതു ലോകക്ഷേമാർത്ഥം-ചെയ്ക
എന്നല്ലിദ്ധർമ്മാശ്രമത്തിൽ

എന്നുമീ ബാധ കടക്കാ-താക്കു
കെന്നർത്ഥിക്കുന്നു, യൂപത്തിൽ

ആട്ടിൻ‌കിടാവിനെ മീളാൻ ആഞ്ഞു
നീട്ടിയ കണ്ഠ നൃപതേ!

മോഹം കളഞ്ഞു ജനത്തെ-ത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്ര!‍

സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും

സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം

അമ്മതൻ നെഞ്ഞുഞെരമ്പിൽ-തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ

അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
നമ്മോടതോതുന്നു രാജൻ!

ചൊല്ലിനേനീർഷ്യയല്ലാതെ-മർത്ത്യ-
ർക്കില്ലതാനില്ലതാൻ ജാതി.

മുല്പാടു വീണുവണങ്ങി-നൃപ-
നത്ഭുതഭക്തിവിവശൻ

“കല്പനപോലെ”യെന്നോതി, – സ്ഫുടം
കൂപ്പിയ പാണിദ്വയത്താൽ

ആനന്ദബാഷ്പം ചൊരിഞ്ഞു-സഭ-
യാനതമൌലിയായപ്പോൾ

ലോലാശ്രു വീണു പൂർവ്വാംഗം-ആർദ്ര-
ചേലമായ് ഭിക്ഷുകീവൃന്ദം

ഓലും മജ്ഞിൽ പൂനനഞ്ഞ-കൃത
മാലവനിപോൽ വിളങ്ങി.

ചെമ്പൊൽക്കരാബ്ജങ്ങൾ പൊക്കി-ആശി-
സ്സമ്പിലരുളിയെല്ലാർക്കും,

ഉള്ളിലേക്കാദ്ദിവ്യരൂപം-എഴു-
ന്നള്ളി ഭുവനൈകദീപം.

ഉന്നതശാഖിമേൽനിന്നും-വെയിൽ-
പൊന്നൊളി, യാഗതദേവർ

വിൺ‌മേൽ മടങ്ങും കണക്കേ-പൊങ്ങി;
അമ്മഹായോഗം പിരിഞ്ഞു

വാസന്തി കുന്ദ കുമുദ-മലർ
വാസനാചർച്ചിതമായി

എങ്ങുമൊരുശാന്തി വീശി-ലോകം
മുങ്ങി നിർവ്വാണത്തിൽ താനേ

എത്തിനിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി.

2 thoughts on “Chandalabhikshuki – Kumaran Asan ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ

    1. Thanks for the query. We will try to collect the translation and share it with you. This poem is actually a free translation of Chandalika by Rabindranath Tagore.

Leave a Reply