Nalini – Kumaran Asan നളിനി – കുമാരനാശാൻ

1
Spread the love

Nalini, Kumaran Asan, നളിനി, കുമാരനാശാൻ, നല്ലഹൈമവതഭൂവിൽ Nalini Lyrics, Nalla hymavatha bhoovil,

Kumaranashan

കുമാരനാശാൻ, Poems of Kumaranasan

Spread the love

Nalini By Kumaran Asan

ഭാഗം 1

നല്ലഹൈമവതഭൂവിൽ,ഏറെയായ്
കൊല്ലംഅങ്ങൊരു വിഭാതവേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.

ഓതി,നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും.

പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ

തല്പരത്വമവനാർന്നിരുന്നു തെ-
ല്ലപ്പോൾ-വെന്നരീയെയൂഴി കാക്കുവാൻ,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതൽപോലെയും,

ഇത്ര ധന്യത തികഞ്ഞു കാൺ‌മതി-
ല്ലത്ര നൂനമൊരു സാർവഭൗമനിൽ
ചിത്തമാം വലിയ വൈരി കീഴമർ
ന്നത്തൽതീർന്ന യമിതന്നെ ഭാഗ്യവാൻ

ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാർന്നു തടശോഭ നോക്കിനാൻ
വാനിൽനിന്നു നിജ നീഡമാർന്നെഴും
കാനനം ഖഗയുവാവുപോലെവേ.

ഭൂരി ജന്തുഗമനങ്ങൾ, പൂത്തെഴും
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ,
ദൂർദർശന കൃശങ്ങൾ, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ.

പണ്ടു തന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയിൽ
കണ്ടവൻ കുതുകമാർന്നു തെന്നലിൽ
തണ്ടുലഞ്ഞു വിടരുന്ന താരുകൾ

സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ.

ആഗതർക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികൾ ഹരിക്കുമാരെയും.

എന്നുമല്ല ശുഭരമ്യഭൂവിവർ-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാർന്നൊരു നിസർഗ്ഗജം രസം

ആകയാൽ സ്വയമകുണ്ഠമാനസൻ
പോകയാമതു വഴിക്കു തന്നിവൻ,
ഏകകാര്യമഥവാ ബഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.

കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോൽ,
എന്നുമല്ല ചെറുതാർത്തിയാർന്നവാ-
റൊന്നുവീർത്തു നെടുതായുടൻ യതി.

എന്തുവാൻ യമിയിവണ്ണ മന്തരാ
ചിന്തയാർന്നതഥവാ നിനയ്ക്കുകിൽ,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.

അപ്പുമാന്റെയകമോളമാർന്ന വീർ-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയിൽ
അദ്ഭുതം തരുവിലീനമേനിയായ്
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം.

സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീർ-
ചിന്തുമീറനൊടു പൊയ്കതൻ‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാൾ.

കണ്ടതില്ലവർ പരസ്പരം, മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ,
രണ്ടുപേരുമകതാരിലാർന്നിതുൽ-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!

ആ തപോമൃദിതയാൾക്കു തൽക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.

ആശപോകിലുമതിപ്രിയത്തിനാൽ
പേശലാംഗിയഴലേകുമോർമ്മയിൽ
ആശ വായുവിൽ ജരൽ‌പ്രസൂനയാ-
മാ ശിരീഷലതപോൽ ഞടുങ്ങിനാൾ.

സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാം കരം.

ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാർന്നു വാടിനാൾ,
എന്തിനോ?-കുലവധൂടികൾക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാൻ!

ഒന്നു നിർണ്ണയമുദീർണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവൾ,
കുന്ദവല്ലി വനഭൂവിൽ നിൽക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.

എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൗരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത?
കൃച്ഛ്‌റമായിവൾ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൗഹൃദരിവൾക്കു തുല്യരാം,
അച്ഛനും ജനനിതാനുമാർത്തിയാ-
ലിച്ഛയാർന്നു മൃതിതാൻ വരിച്ചുപോൽ.

ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാൾ.
ഗേഹവും സുഖവുമൊക്കെവിട്ടു താൻ-
സ്നേഹമോതി, യതുചെയ്തതാണിവൾ.

ഭാഗം 2

സ്നിഗ്ദ്ധമാരിവളെയോർത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാൻ ചിരം
മുഗ്ദ്ധതൻ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കൾ വാണുതാൻ.

ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീർണ്ണമാക്കിനാൾ
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാൻ ഭഗവദർച്ചനാർഹമാം.

ജീവിതാശകൾ നശിച്ചു, വാടിയുൾ-
പൂവു, ജീവഗതിയോർത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവൾ.

ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാൾ
കാന്ത, യിന്നടിതകർന്ന സേതുപോൽ
ദാന്തിയറ്റു ദയനീയയായിതേ.

ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാൻ
ഹാ! മനുഷ്യനഥവാ ഹിതാർത്ഥമായ്
വാമലീല തുടരുന്നതാം വിധി.

മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാൽ
ദീനയായ് ഗതിതടഞ്ഞു, വേനലിൽ
ശ്യാമയാം തടിനിപോലെ തന്വിയാൾ.

നൊന്ത ചിത്തമൊടു നിന്നു കണ്ണുനീർ
ചിന്തി ഹൈമനസരോജമൊത്തവൾ
സന്തപിച്ചു-വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും.

ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാൻ
സന്നഹിച്ചഥ സരസ്സിൽ നോക്കിയാ-
സ്സന്നധെര്യ തനിയേ പുലമ്പിനാൾ.

“സ്വാമിയാം രവിയെ നോക്കിനിൽക്കുമെൻ
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തൽക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും.

സന്തതം മിഹിരാത്മശോഭയും
സ്വന്തമാമ്മധു കൊതിച്ച വണ്ടിനും
ചന്തമാർന്നരുളി നിൽക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”

കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം
പാട്ടിലാക്കി യപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാർന്നു കൗതുകം.

വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവൻ.

“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങൾ തൻ
പൂവെഴും തല തളർത്തശാഖയും

കാണി നിന്നവിടെയിത്ഥമാസ്ഥയാൽ
കാണുവാനുഴറി, കണ്ഠരീതിയാൽ
പ്രാണസൗഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി-

‘വന്യഭൂമിയിൽ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാൻ മലിനമേനിയല്ലെടോ’.

കഞ്ജലീനഖഗരാഗമെന്നപോൽ
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവൻ
കഞ്ജിനീതടമണഞ്ഞു നോക്കിനാൻ.

ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാൽ
കാഞ്ഞു, കാൺ‌മതു മനോരഥങ്ങളാൽ
മാഞ്ഞു തൻ‌നില മറന്നു നിന്നവൾ.

‘ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവൾ?
മാഴ്കിടുന്നു, ദയതോന്നും- ‘എന്നലി-
ഞ്ഞേകയാമവളെ നോക്കിനാൻ യമി.

അപ്പൊഴാശു തനിയെ വിടർന്നവൾ-
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകൾ
ഉൾപ്രമോദമഥ വേലിയേറ്റമാർ-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!

ദൂരെ നിന്ന് യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവൾ
പാരമിഷ്ടജനരൂപമോരുവാൻ
നാരിമാർക്കു നയനം സുസൂക്ഷ്മമാം.

ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവൾ
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോൽ.

‘അൻപിനിന്നു ഭഗവൻ, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാൻ’
വെമ്പിയേവമവളോതി, യോഗിതൻ-
മുൻപിൽ വീണു മൃദുഹേമയഷ്ടിപോൽ.

ഒറ്റയായിടകുരുങ്ങി വാച്ച തൻ
കുറ്റവാർകുഴലു തലപദങ്ങളിൽ
ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ
മുറ്റുമോർത്തു കൃതകൃത്യയെന്നവൾ.

ഉന്നിനിന്നു ചെറുതുൾക്കുരുന്നിനാൽ
ധന്യയെപ്പുനരനുഗ്രഹിച്ചുടൻ,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാൽ യമി.

സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലർന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവൾ.

ഭാഗം 3

മാറിൽ നിന്നുടനിഴിഞ്ഞ വൽക്കലം
പേറിയാശു പദരേണു തൊട്ടവൾ
കൂറൊടും തലയിൽ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാൾ.

‘എന്തുവാനഭിമതൻ കഥിക്കുമോ?
എന്തുവാൻ കരുതുമോ മഹാനിവൻ?’
ചിന്തയേവമവളാർന്നു; തുഷ്ടിയാൽ
ഹന്ത! ചെയ്തു യമി മൗനഭേദനം.

‘മംഗലം ഭഗിനി, നിന്റെ ഭക്തിയാൽ
തുംഗമോദമിയലുന്നു ഞാൻ ശുഭേ
എങ്ങു ചൊല്ലിവിടെയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദർശനേ?’

എന്നുരച്ചു പുനരുത്തരോൽകനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേൽ
മന്ദമാച്ചുഴിയിലാഞ്ഞപോലവൻ.

‘മുന്നിലെൻ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെൻപ്രിയനറിഞ്ഞതില്ലിവൻ!
സന്നവാസനനഹോ മറന്നുതാൻ
മുന്നമുള്ളതഖിലം മഹാശയൻ.‘
ഏവമോർത്തുമഥ വീർത്തുമാർന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാൾ-

“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോൽ
മൃഷ്ടനായിഹ ഭവാൻ; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാൻ മഹാമതേ!

പ്രാണനോടുമൊരുനാൽ ഭവൽ‌പദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

സന്ന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കൺ‌കമൂലമ-
ങ്ങെന്നെ യോർക്കുകിലു മോർത്തീടായ്കിലും.”

ഏവമോതിയിടരാർന്നു കണ്ണുനീർ
തൂവിനാൾ മൊഴി കുഴങ്ങി നിന്നവൾ.
ഭാവശാലികൾ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.

ധീരനായ യതി നോക്കി തമ്പിതൻ
ഭൂരിബാഷ്പപരിപാടലം മുഖം,
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർസുമോപമം.

ആരതെന്നുടനറിഞ്ഞു കൗതുകം
പാരമാർന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേർ-
ന്നോരുവാക്കരുളിനാൻ കനിഞ്ഞവൻ.

“പാരവും പരിചയംകലർന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയിൽ നീയുമിപ്പൊൾ നിൻ
ദൂരമാം ഭവനവും വരുന്നയേ!

കണ്ടുടൽ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽ‌വേണ്ട സഖി! കേണിടേണ്ടകേൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ

എന്നിൽ നിന്നണുവുമേൽക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.

പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാർന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:

ഓർക്കുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേൾക്കുവതൊരർത്ഥമേതിനോ
നീ തുനിഞ്ഞു-നിജകർമ്മനീതരാ-
യേതുമാർഗ്ഗമിയലാ ശരീരികൾ!

പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോർത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികൾ.“

മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാൾ
ലോലകണ്ഠമതിലോലലോചന.

നവ്യമാം പരിധിയാർന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവൾ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാൾ.

പാരമാശു വിളറിക്കറുത്തുടൻ
ഭൂരിചോന്നുമഥ മഞ്ഞളിച്ചുമേ
നാരിതൻ കവിൾ നിറം കലർന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോൽ.

തെല്ലുനിന്നരുണകാന്തിയിൽ കലർ-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാർന്നു മൃദുഹാസമശ്രുവും
ചൊല്ലിനാൾ മൊഴികൾ ചാരുവാണിയാൾ

“ആര്യ! മുൻപരിചയങ്ങൾ നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?

പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ത്താരുമില്ലതുമിവൾക്കു കേൾക്കുവാൻ.

ആഴുമാർത്തിയഥവാ കഥിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?

ഭാഗം 4

തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!

മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമായനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിള്ളിലും”

ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതൻ മുഖാംബുജം
പാവനം പരിചിൽ നോക്കിനാൾ, അവൻ
കേവലം കരുണയാർന്നു ചൊല്ലിനാൻ!-

“അന്യഥാ മതിവരില്ലെനിക്കു നിൻ
മന്യുവിങ്കൽ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികൾ.

ആടലൊട്ടവൾ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതൻ നടുവിലും സുമർത്തുവിൽ
പാടീടും കുയിലുപോലെ, ചൊല്ലിനാൾ-

“വന്നു വത്സല, ഭവാൻ സമക്ഷമാ-
യിന്നു, ഞാൻ വ്യഥ മറന്നതോർക്കയാൽ,
എന്നുമല്ല, കരുതുന്നു വീട്ടിൽ നാ-
മന്നു വാണതു തുടർന്നുപോൽ മനം.

ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ.

ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടുനതിൻ-
ചാരെ നാമെഴുമെഴുത്തുപള്ളിയും.

ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം
കോർത്തു കാവിനരികേ നടന്നതും.

പാടുമാൺ‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.

ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.

എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണാങ്ങതിൽ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും.

എന്തിനോതുവതതോർക്കിലാ രസം
ചിന്തുമെൻ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യൻ, ഏകിലാ-
മന്തരായമെതിർവാത്യപോലിവൾ.

പോട്ടെ-എൻ സഹചരൻ വിയുക്തനായ്
നാട്ടിൽ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗർജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാൻ.

പിന്നെയെൻ പ്രിയപിതാക്കൾ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാൻ വിടാതെയും.

ഹർഷമേകുവതിനച്ഛനേറെ നി-
ഷ്കർഷമാർന്നഥ വളർന്നു ഖിന്നയായ്,
കർഷകൻ കിണറിനാൽ നനയ്ക്കിലും
വർഷമറ്റ വരിനെല്ലുപോലെ ഞാൻ

ഓർത്തിടായ്കിലുമഹോ! യുവത്വമെൻ-
മൂർത്തിയാർന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകൾ, കാലമെത്തിയാൽ

ഓതുവാനമുതെനിക്കു പിനെ,യെൻ-
തതനോർത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോൽ
കാതരാശയ കുഴങ്ങി വീണു ഞാൻ.

ആഴുമമ്പൊടതി സ്വാന്തമോതുമെൻ
തോഴിമാരെയുമെഴിച്ചു ഞാൻ പരം
വാഴുമൗഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികൾ.

ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാൻ
ധ്വാന്തവും ഭയവുമോർത്തിടാതുടൻ
ഞാൻ തടാകതടമെത്തി രാത്രിയിൽ”.

വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയൻ,
ഏകിനാൻ ചെവിയവൻ, സഗദ്ഗദം
ശോകമാർന്നു കഥ പിൻ‌തുടർന്നവൾ.

ട്ടാകെ മൂടിയമമൂർത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാൻ

തിണ്ണമായിരുളിൽനിന്നു വിശ്വസി-
ച്ചെണ്ണിനേൻ ഝടിതി ഭൂതഭാവികൾ,
വിണ്ണിൽ ഞാനൊടുവിൽ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങൾ കാൺ‌കയാൽ,

‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ
അത്യനർത്ഥവശ ഞാൻ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാൻ.

ഓർത്തുപിന്നുടനഗാധതോയമാം
തീർത്ഥസീമയിലിറങ്ങിയങ്ങു ഞാൻ
ആർത്തിയാൽ മൊഴിയിലോ മനസ്സിലോ
പ്രാർത്ഥിതം ചരമാമവമോതിനാൻ.

ഭാഗം 5

‘ജീവിതേശനെയനുഗ്രഹിക്ക, വൻ-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടൻ
ഈവിധം തുനിവതാമശക്ത ഞാൻ
ദേവി, നിൻപദമണയ്ക്കയംബികേ!

കാണുകിൽ പുളകമാം കയത്തില-
ങ്ങാണുകൊൾവതിനുടൻ കുതിച്ചു ഞാൻ,
ക്ഷോണിയിൽ പ്രണയപാശമറ്റെഴും
പ്രാണികൾക്കു ഭയഹേതുവേതുവാൻ?

ചണ്ടിതൻ പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

സത്വരം പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവൾ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാൾ!

നിഷ്ഠപൂണ്ടരികിൽ വണിരുട്ടിലെൻ
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാൾക്കതേ വരൂ.

കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവൾ
ഒട്ടതെൻ പ്രലപനത്തിൽ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാൽ.

ഈറനമ്പൊടു പകർന്നു വൽക്കലം
മാറിയാ മഹതിയെത്തുടർന്നു ഞാൻ
വേറുമെയ് നിയതി നൽകുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോൽ.

അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനിഞ്ഞ വാർത്തകൾ
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.

അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചവൾ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം

കീർത്തനീയഗുണയെന്നെ നിർഭയം
ചേർത്തു ഇന്നെയവളിത്തെപോവനം,
ആർത്തിയെങ്കിലുമതീവ ധന്യയെ-
ന്നോർത്തിയ്താര്യനെ യനുപ്രയാത ഞാൻ

ഒത്തു ഞങ്ങളുടജത്തിലുന്നിൽ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നൽകിനാൾ.

പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാൻ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.

കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാർന്ന ഗുരുവിൻ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരിൽ

മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാർന്നുമന്തരാ
മങ്ങിടുന്നു ഭയമാർന്നുമെന്മനം

സ്വൈരമായ മുഹുരുദിച്ചിടുന്നു ദുർ-
വ്വാരമെന്റെ മതിയിൽ, തപസ്യയിൽ
കൗരിയോടരിയ പുഷ്പഹേതിതൻ
വൈരിയായ വടുവിൻ സമാഗമം.

ഇന്നലെ ബ്ഭഗണമദ്ധ്യഭൂവിൽ ഞാൻ
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതിൽ “ഏൽക്ക നിൻ പ്രിയൻ
വന്നു’ എന്നരുളിനാൾ ദയാവതി”

എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാർഗ്ഗഖിന്നയായ്
എന്നപോൽ, ഭരമകന്നപോലിള-
ച്ചൊന്നു തമ്പി നെടുവീർപ്പിയന്നവൾ

ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാർന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.

“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടിൽ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിൻ നിയമചര്യ നന്നയേ!

ഉണ്ടു കൗതുകമുരയ്ക്കിൽ, നാടതിൽ
പണ്ടിരുന്നതുമകന്നു കാടിതിൽ
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാർന്നതും.

ഹാ! ശുഭേ നിജ ഗതാഗതങ്ങൾ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരൻ,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികൾ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.

സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങൾ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുയുണരുന്നനാൾവരെ.

കാട്ടിലിങ്ങൊരുമഹാനുഭാവതൻ
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാൻ
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാൺകയാം, ശുഭേ”

ഭാഗം 6

ഏവമോതി നടകൊൾവതിന്നവൻ
ഭാവമാർന്നു, പരിതപ്തയായുടൻ
ഹാ! വെളുത്തവൾ മിഴിച്ചുനിന്നു മൺ
പാവപോലെ ഹതകാന്തിയായ് ക്ഷണം

ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൗഹൃദനയങ്ങളോർത്തുഴ-
ന്നെന്തുചെയ്യുമവൾ?-ഹാ! നടന്നവൻ.

കണ്ടുടൻ കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവൾ
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാൾ-

‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോൽ‘

കൂവി വായുവിലകന്ന താമര-
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോൽ
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവിൽ വീണവൾ പിടിച്ചു തല്പദം

“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാൻ.

അന്യഥാ കരുതിയാർദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നിൽ നിത്യപരിചര്യയൊന്നിനാൽ.”

ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാൽ
കോമളം സതി നനച്ചു തല്പദം
ആ മഹാൻ തിരിയെനിന്നു, നിർമ്മല-
പ്രേമമാം വലയിലാരു വീണിടാ!

“തോഴി കാരുണികനാണു നിന്നിൽ ഞാൻ,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.

പാവനാംഗി, പരിശുദ്ധസൗഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളിൽ
പൂവുപോൽ, അശുഭനശ്വരങ്ങളിൽ

സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ.

ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാൻ“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവൾ.

നോക്കിനിന്നു ഹൃതയായവന്റെ ദി-
വ്യക്യനിർവൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം

ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവൾ

അന്തരുത്തടരസോർമ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോൽ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാൽ.

ശാന്തവീചിയതിൽ വീചിപോലെ സം-
ക്രാന്തഹസ്തമുടൽ ചേർന്നു തങ്ങളിൽ,
കാന്തനാദമൊടു നാദമെന്നപോൽ,
കാന്തിയോടപരകാന്തി പോലെയും.

ധന്യമാം കരനസത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നിൽക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുർല്ലഭമലോകസംഭവം

ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാൻ,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതിൽ.

ചാരുഹാസ, യറിവെന്നി പെയ്തു ക-
ണ്ണീരുടൻ, ചർമമേഘവൃഷ്ടിപോൽ,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധി പുളകമാർന്നുമില്ലവൻ.

ഓമലാൾ മുഖമതിന്നു നിർഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയർന്നു മിന്നല്പോൽ
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.

ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതിൽ
വീണു, വായു വിരമിച്ചു കേതുവിൽ
താണുപറ്റിയ പതാകപോലവൾ.

ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീർത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേർ-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാൻ.

സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാർന്നതവളെന്നറിഞ്ഞവൻ
“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരർത്ഥമോ!
ഹന്ത! കർമ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാൾ
സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവൾ!
ഭാഗം 7
ആരറിഞ്ഞു തനുഭൃത്തുകൾക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!

ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിൻ സുഖമഹോ! കൊതിക്കിലാം.

ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ, ഖരൻ, യമൻ?

ജാതസൗഹൃദമുറങ്ങുവാൻ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോൽ,
നീ തുനിഞ്ഞു നിരസിച്ചിരിക്കിൽ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!

ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!

ഉത്തമേ! വിഗതരാഗമാകുമെ-
ന്നുൾത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

നേരു-ശൈശവമതിങ്കലന്നു നിൻ
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാൻ,
കോരകത്തിൽ മധുവെന്നപോലെയുൾ-
ത്താരിൽ നീ പ്രണയമാർന്നിരുന്നതും,

ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാൻ,
എല്ലുമല്ലനുതപിച്ചിടുന്നു, തേൻ-
വെന്ന നിന്മൊഴികൾ നിന്നുപോകയാൽ

ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!

ആകുലത്വമിയലില്ല യോഗി ഞാൻ,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെൻ പ്രിയേ!

വേണിയാകിയ വെളുത്ത നിർഝര-
ശ്രേണി ചിന്നിവിരഹാർത്തിയാർന്നു താൻ
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേൾക്ക നീ!

നീലവിൺ‌നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാൽ
കാലചക്രഗതി നിന്നുപോയിതോ!

ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നിൽ വിദ്യവെളിവായ നാൾമുതൽ

മാനസം പരിപവിത്രമായി നിൻ
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാർന്നൊരെൻ-
മേനിയും മഹിത തീർത്ഥഭൂമിയായ്!

ധർമ്മലോപമണയാതെ നമ്മളിൽ
ശർമ്മവും വ്യഥയുമേകിയേറെനാൾ
നിർമ്മലേ ഒരു വഴിക്കു നീണ്ടൊരീ
കർമ്മപാശാഗതി നീ കടന്നുതേ!”

പ്രേമഗൗരവമിയന്നിവണ്ണമുൾ-
സ്ഥേമയറ്റരുളി, യാർന്നു പിന്നെയും
ആ മഹാൻ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാൽ.

ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോൾ
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാൾ
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ

‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താൾ
ദളിതഹൃദയം-കൈയാൽ ശാന്തിബിംബത്തിൽനിന്നും
ഗളിതസുഷമമാം നിർമ്മാല്യമാല്യം കണക്കേ.

അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തിൽ
വിന്യസ്തരാക്കി മൃദുമെയ്യവർ നോക്കിനിന്നാർ,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താർ-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.

അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോർത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേർത്തദിക്കിൽ
കല്പിച്ചവൾക്കു ഖനനം വരയോഗിയോഗ്യം.

നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണർപോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.

ലോകക്ഷേമോത്സുകനഥ വിദേശത്തിൽ വാണാ യതീന്ദ്രൻ,
ശോകം ചേർന്നീലവനു നളിനീചിന്തയാൽ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങൾ മങ്ങാ പതിഞ്ഞാൽ.

അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോർ-
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാർജ്ജി-
ച്ചവിരതസുഖമാർന്നാനാ മഹാൻ ബ്രഹ്മഭൂയം!

1 thought on “Nalini – Kumaran Asan നളിനി – കുമാരനാശാൻ

Leave a Reply