
Gandhi
Gandhiyum Kavithayum By Satchidanandan
ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെ കാണാൻ ആശ്രമത്തിലെത്തി.
കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള
നൂൽ നൂൽക്കുകയായിരുന്നു ഗാന്ധി.
താൻ ഒരു ഭജനയാകാത്തതിൽ ലജ്ജിച്ച്
വാതിലിൽത്തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല.
കവിത മുരടനക്കിയപ്പോൾ ഗാന്ധി
നരകം കണ്ട തൻ്റെ കണ്ണടയിലൂടെ
ഇടംകണ്ണിട്ടു നോക്കി ചോദ്യമാരംഭിച്ചു:
‘എപ്പോളെങ്കിലും നൂൽ നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പിനെണീറ്റ് അടുക്കളയിലെ
പുകയേറ്റിട്ടുണ്ടോ?
എപ്പോളെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?’
കവിത പറഞ്ഞു:
ജനിച്ചതു കാട്ടിലായിരുന്നു
ഒരു നായാടിയുടെ വായിൽ.
വളർന്നത് മുക്കുവത്തിയുടെ കുടിലിലും.
എങ്കിലും പാട്ടല്ലാതെ
ഒരു തൊഴിലുമറിയില്ല.
കുറേകാലം പാട്ടുപാടി
കൊട്ടാരങ്ങളിൽ കഴിഞ്ഞു
അന്ന് വെളുത്തുകൊഴുത്തിരുന്നു.
ഇപ്പോൾ തെരുവിലാണ്, അരവയറിൽ.
ഗാന്ധി പുഞ്ചിരിച്ചു പറഞ്ഞു:
‘ഈ ഒടുവിൽ പറഞ്ഞ കാര്യം
നല്ലതുതന്നെ; പക്ഷെ
സംസ്കൃതം പറയുന്ന ശീലം മുഴുവനുമുപേക്ഷിക്കണം.
വയലിലേക്കു ചെല്ലൂ,
കർഷകർ സംസാരിക്കുന്നതു ശ്രദ്ധിക്കൂ.’
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി
പുതുമഴപെയ്ത് നിലമുഴുതു മറിക്കാൻ
കൃഷിക്കാരനെത്തുന്ന ദിവസവും കാത്തുകിടന്നു.
ഇത്തരം കവിതകൾ എല്ലാവർക്കും ലഭിക്കാനായി താങ്കൾ ചെയ്യുന്ന പരിശ്രമത്തിനു നന്ദി.
This is an eye opener. And this is one of the poem we studied in our +2 classes