
Kavi Ayyappan
Jail muttathe pookkal By A Ayyappan
എന്നെ ജയില്‍ വാസത്തിനു വിധിച്ചു.
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍.
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു
എനിയ്ക്കു ശിക്ഷ.
സെല്ലില്‍ അല്പനാളുകള്‍ മാത്രം
വാസമനുഭവിയ്ക്കേണ്ട എന്നെ
അവര്‍ അവഞ്ജയോടെ നോക്കി.
ദംഷ്ട്രകളാല്‍ അലറാതെ ചിരിച്ചു.
ജയില്‍ വാസമനുഭവിയ്ക്കാന്‍
വന്നിരിയ്ക്കുന്നു ഒരുത്തന്‍ എന്നായിരുന്നു
പുച്ഛഭാവത്തിന്റെ അര്‍ത്ഥം.
സെല്ലില്‍ സുഖവാസമാക്കാമെന്ന
എന്റെ അഞ്ജതയില്‍ കറുത്തമതിലുകളും
കാക്കി കുപ്പായങ്ങളും
എന്നെ വിഡ്ഡിയായ് കണ്ടു.
ഇന്ത്യയെ കണ്ടെത്തലും
അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകളും
ജയിലില്‍ വെച്ചെഴുതിയ ഡയറികുറിപ്പുകളും
എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു
തിന്നുന്ന ഗോതമ്പിന്
പുള്ളികള്‍ പണീയെടുക്കണം.
ക്ഷുരകന് ക്ഷുരകന്റെ ജോലി
തുന്നല്‍ക്കാരന് തുന്നല്‍
എനിയ്ക്ക് എഴുതാനും വായിയ്ക്കാനുമുള്ള
പണി തരുമെന്ന് കരുതി,
കിട്ടിയത് ചെടികള്‍ക്ക്
വെള്ളം തേകാനുള്ള കല്പന.
കസ്തൂരിയുടെ ഗന്ധം തരുന്ന ജമന്തിയ്ക്ക്
കത്തുന്ന ചെത്തിയ്ക്ക്, ചെമ്പരത്തിയ്ക്ക്,
കനകാംബരത്തിന്, കറുകയ്ക്ക്
ആരും കാണാതെ, നുള്ളാതെ
റോസിന് ഒരുമ്മകൊടുത്തു
അഴികളിലൂടെ നോക്കിയാല്‍
നിലാവത്ത് ചിരിയ്ക്കും വെളുത്ത മുസാണ്ട
എല്ലാ ചെടികള്‍ക്കും വെള്ളം തേകി.
സൂര്യകാന്തിയില്‍ നിന്ന് ആരും കാണാതെ
ഒരു വിത്തെടുത്ത് വിളയേണ്ടിടത്തിട്ടു.
അതിനും വെള്ളം തേകി
വിത്തുപൊട്ടിയോയെന്ന് എന്നും നോക്കി
മോചിതനാകേണ്ട നാള്‍ വന്നു
എന്റെ പേര്‍ വിളിയ്ക്കപ്പെട്ടു.
ചെടികള്‍ കാറ്റത്താടി
എല്ലാം പൂക്കളും എന്നെ നോക്കി
ഹാ! എന്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി.