Email to the writer - SANTHOSH KUMAR
ചൊല്ലുവാനൊന്നുമില്ലിന്നു നിൻ
വേർപാടിലുള്ളു പിടഞ്ഞിടുമ്പോൾ.
അത്രമേൽ ജീവിതചക്രത്തിലൊട്ടി നീ-
യെൻ നിഴലായൊപ്പം നടന്നതല്ലേ!
തമ്മിൽ പരിഭവമുണ്ടേറെയെങ്കിലും
തമ്മിൽ പിരിഞ്ഞില്ല നമ്മളിന്നോളം.
ഒരുകുഞ്ഞു വേദന നിന്നിലോ,യെന്നിലോ,
നാലുമിഴി നനച്ചിരുന്നില്ലേയെന്നും.
മരണവക്ത്രത്തിന്റെ വേദനപോലെയീ
വേർപാട് നമ്മളിലിനിന്നു പ്രിയ സഖേ!
എങ്കിലും കാലം വിധിക്കും വിയോഗം
വേറിട്ടുപോകുകയെന്നുതന്നെ.
ജീവിതവീഥിയിൽ നാമൊരിക്കലെങ്കിലും
കണ്ടുമുട്ടാമെന്ന പ്രാർത്ഥനയുമായ്
യാത്ര ചോദിക്കുന്നില്ല,ഞാൻ നടന്നിടട്ടെ,
ജീവിതം ബാക്കിയാകുന്നയീവഴിയിൽ.
ഏകുന്നു നന്മകൾ ജീവിതാരാമത്തിൽ
സൗഭാഗ്യമെന്നും വിടർന്നീടുവാൻ.
വേർപാടിൻ വേദന ചെറുതല്ലയെങ്കിലും
പോകാം സഹചരാ! ഇരു വഴിയായ്.