Bashpanjali – Changampuzha Krishna Pillai – ബാഷ്പാഞ്ജലി – ചങ്ങമ്പുഴ കൃഷ്ണപിള്ള

0
Spread the love

Bashpanjali, Changampuzha Krishna Pillai, ബാഷ്പാഞ്ജലി , ചങ്ങമ്പുഴ കൃഷ്ണപിള്ള, Bashpanjali Lyrics, അന്തിച്ചുകപ്പാർന്നൊരംബരത്തിങ്കലെ,

ChangampuzhaKrishna Pillai

ChangampuzhaKrishna Pillai

Spread the love

Bashpanjali By Changampuzha Krishna Pillai

അന്തിച്ചുകപ്പാർന്നൊരംബരത്തിങ്കലെ-
യ്ക്കെന്തിന്നു പിന്നെയും പായുന്നു നേത്രമേ?
കൽപാങ്കുരംപോലെ കമ്രമായുള്ളൊരാ-
കർപ്പൂരഖണ്ഡമുദിച്ചതില്ലിന്നിയും!
കാലമേ ലോകസരസ്സിങ്കൽനിന്നെത്ര
നീലോൽപലങ്ങളറുത്തു ഗമിച്ചു നീ
എത്ര നിശ്വാസങ്ങൾ പങ്കുവീശീല നിൻ
ജൈത്രയാത്രയ്ക്കു തെളിച്ച വഴികളിൽ!

മാമകസ്വപ്നം സഫലമാക്കിത്തീർത്ത
ഹേമന്തരാത്രികൾ നഷ്ടമായ്ത്തീർന്നു മേ!
തോരാത്ത കണ്ണീർ തുടച്ചുതുടച്ചെന്റെ
താരകേ നിന്നെത്തിരക്കി വലഞ്ഞു ഞാൻ!

മഞ്ഞുനീർത്തുള്ളിയും മാണിക്യമാക്കിയ
മഞ്ജുളോഷസ്സിന്റെ മന്ദസ്മിതാങ്കുരം
ചുംബിച്ചെടുക്കുവാൻ ചുണ്ടുവിടർത്തിയോ-
രംബുജപ്പൂമൊട്ടു ഞെട്ടറ്റടർന്നുപോയ്.

വാനൊളിവാനിങ്കൽ വാരിവിതറിയ
മാരിവിൽ മാത്രയിൽ മാഞ്ഞുമറഞ്ഞുപോയ്
മന്നിനെ വിണ്ണാക്കിമാറ്റുവാൻ മാത്രമായ്
മിന്നിമറയും ക്ഷണികതേ വെൽക നീ
തുംഗസൗഭാഗ്യമെനിക്കു വളർത്തിയ
മംഗലക്കൂമ്പു മറഞ്ഞുപോയെങ്കിലും,
പോകണം പോകണം മുന്നോട്ടുതന്നെ ഞാൻ
ശോകക്കടലിനുള്ളാഴമളക്കുവാൻ!

എന്നാലുമാരൂപമോർക്കാതിരിക്കുവാൻ
എന്നാലസാദ്ധ്യം നിലയ്ക്കുകെൻ ബാഷ്പമേ!

എന്നിലും മീതെ ഞാനിഷ്ടപ്പെടുന്നൊരാ
മുന്തിരിക്കാടിന്റെ ശീതളച്ഛായയിൽ
പുല്ലണിപ്പച്ചവിരിപ്പിലുച്ചയ്ക്കിന്നു
പുള്ളിമാൻകുട്ടിയുറങ്ങാനണകിലും

താരാട്ടുപാടിത്തലോടാറുള്ളൊരാ-
ത്താരൊളിക്കൈകളെ കാണാത്തകാരണം
ആശങ്കയാർന്നു കരഞ്ഞുകരഞ്ഞുകൊ-
ണ്ടാശയറ്റയ്യോ മടങ്ങുന്നിതാകുലം.

പാവനസ്നേഹമേ! പാരിലീശൻ നട്ട
പാരിജാതത്തിൻ കുരുന്നേ ജയിക്കു നീ.

2

മർമ്മരം മേളിച്ച മാമരക്കാവിൽ ഞാൻ
മന്ദാനിലനേറ്റിരിക്കുന്ന വേളയിൽ
നിത്യമെൻ കാതിലമൃതം വർഷം ചെയ്ത
സത്യസംഗീതം സമസ്തവും ശൂന്യമായ്
മൽപ്രേമകാഹളം നീളെപ്പരത്തിയ
സുപ്രഭാതങ്ങളഖിലം മറഞ്ഞുപോയ്
ഇന്നവയെല്ലാം സ്മരണതൻ പൂങ്കാവിൽ,
നിന്നിതാ നർത്തനം ചെയ്യുന്നു ശോഭനം!

ചെമ്പട്ടുദാവണി ചാർത്തിയ വാരുണി
ചെമ്പകപ്പൂത്താലമേന്തിനിന്നീടവേ
വണ്ടണിച്ചെണ്ടുകൾ തിങ്ങിനവാടിയിൽ
തണ്ടലർ പൂത്ത തടാകതടത്തിലായ്
നീലനിശാതലം തന്നിലിരുന്നന്നു
മാലകൊരുത്തവൾ വാണതോർക്കുന്നു ഞാൻ
ബാലാനിലോച്ചലാൽ നീലാളകാളികൾ
ലോലാളകത്തിൽ പറന്നുകളിക്കവേ

നീരോളമാളുന്ന നീരാളസാരിയിൽ
പൂരേണുവീണു പുരാടാഭചേരവേ
മന്ദാക്ഷമന്ദിതകന്ദമന്ദസ്മിതം
മന്ദാരപുഷ്പങ്ങൾ മന്ദാഭമാക്കവേ
ചിത്തത്തുടിപ്പൊന്നടക്കുവാനാകാതെ-
യെത്ര പരുങ്ങി ഞാനൊറ്റവാക്കോതുവാൻ
സുന്ദരമാമസ്സുദിനങ്ങളേ നിങ്ങൾ
മന്ദനാമെന്നെ മറന്നു കഴിഞ്ഞുവോ?

കയ്പ്പുപോയ് ജീവിതം കാരസ്കരോപമം
കൊച്ചലരേ നീയൊഴിഞ്ഞതുകാരണം
അന്നതിനൂതനമായിട്ടു തോന്നിയ
മന്നെത്രവേഗം പഴയതായ്ത്തീർന്നു മേ!
അന്തക്കരണമേ! മാത്രയിൽ മാത്രയി-
ലെന്തിന്ദ്രജാലങ്ങൾ കാണിച്ചതില്ല നീ!

പ്രേമമരന്ദം മരിച്ചോരു ജീവിത-
ത്തൂമലരിൽത്തെല്ലുമാശയില്ലെങ്കിലും
മോഹനേ, നീയെനിക്കോരോദിനത്തിലും
സ്നേഹസന്ദേശമയയ്ക്കണമോമനേ!

Leave a Reply