Spandikkunna Asthimadam – Changampuzha Krishna Pillai – സ്പന്ദിക്കുന്ന അസ്ഥിമാടം – ചങ്ങമ്പുഴ കൃഷ്ണപിള്ള

0
Spread the love

Spandikkunna Asthimadam, Changampuzha Krishna Pillai, സ്പന്ദിക്കുന്ന അസ്ഥിമാടം, ചങ്ങമ്പുഴ കൃഷ്ണപിള്ള, Changampuzha, Kavithakal Lyrics,

ChangampuzhaKrishna Pillai

ChangampuzhaKrishna Pillai

Spread the love

Spandikkunna Asthimadam By Changampuzha Krishna Pillai

അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം!

ദു:ഖചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!….

സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!

മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധി,യപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വക്കുകൾമാത്രം!

മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!….

പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ-
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-

“താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:

‘മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!….’

താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകകളേ, നിങ്ങൾതൻ നാട്ടിൽ? … ”

ലോകം ശാശ്വതമല്ല, ജീവിതസുഖ-
സ്സ്വപ്നങ്ങൾ മായും, വരും
ശോകം, മായികബുദ്ബുദങ്ങൾ മറയും,
പായും സരിത്സഞ്ചയം,
നാകം കാല്പനികോത്സവാങ്കിതലസൽ-
ക്കാനൽജ്ജലം!- പിന്നെ,യെ-
ന്തേകം, സത്യ, മനശ്വരം? മൃതി!-യതേ,
മൃത്യോ, ജയിക്കുന്നു നീ!

താമരപ്പൊയ്കയിൽ,ത്തങ്കത്തെളിവെയിൽ
താവിച്ചിരിച്ചോരുഷസ്സിൽ,
ആളികളൊത്തു ചേർന്നാടിക്കുഴഞ്ഞു നീ
കേളിനീരാട്ടിനന്നെത്തി.
കൊഞ്ചുന്നതത്തകൾ ചൂഴു,മൊരുകൊച്ചു-
പഞ്ചവർണ്ണക്കിളിപോലെ!
കണ്ടു ഞാൻ നിന്നെ,ക്കുവലയമദ്ധ്യത്തിൽ-
ച്ചെണ്ടിട്ട തണ്ടലർപോലെ!!

സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ
നന്ദനവനത്തി,ലാ ഗീഷ്മാന്തസായന്തനം,
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ,യോരോ നേർത്ത
തങ്കനൂലിന്മേൽക്കോർത്ത തോരണം കെട്ടിത്തൂക്കി.
കണ്ണാടിച്ചെപ്പിൽ പിടിച്ചിട്ട മിന്നലുപോലെ
കണ്ണഞ്ചും പൂമൊട്ടുകൾ വിടർന്നകമ്പിക്കാലിൽ
കാറ്റാടിച്ചെടികളാ ‘റേഡിയോ’ പെയ്യും ഗാന-
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു കുളിർകാറ്റിൽ!
കൊച്ചിയി,ലഴിമുഖ,ത്തലമാലകൾക്കക-
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്!
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച
മാനസത്തിങ്കൽ, കഷ്ടം, സങ്കടം കൊളുത്തുന്നു.
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ-
ക്കണ്ണടഞ്ഞപ്പോൾ ‘കൊച്ചുകുട്ട’നെക്കണ്ടില്ലല്ലോ!
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര
ചിന്തകളെരിഞ്ഞിട്ടില്ലാ മൃദുഹൃദയത്തിൽ!! …


Spandikkunna Asthimadam – Changampuzha Krishna Pillai

Leave a Reply