Virunnukaaran By Changampuzha Krishna Pillai
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ.
നിൻ കനിവിൻ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ
സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!
ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!
ഭാവപ്രദീപ്തമാമെൻമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!
ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?