Email to the writer - Sathish Kalathil
പഞ്ഞകർക്കടകം മാഞ്ഞോണത്തിനു
പഞ്ഞം പോക്കാമെന്നു നിരീച്ചവരന്നു
നിരത്തോരങ്ങളങ്ങിങ്ങായിരിപ്പുറച്ചു
നിരനിരയായ്, ഗണ്ഡാന്തം പിറന്നോർ;
‘വഴിയിൽ വാണിഭമോ?’ യെന്നു ശേവുകക്കാരൻ;
വഴിയില്ലങ്ങത്തേ, ഒഴി വയറുകളെന്നു വാണിഭക്കാർ.
വഴിയോരത്തു വാണിഭം വിധിയല്ലെന്നു രാജശാസനം;
വലതുകാൽ വീശാൻ തുടങ്ങി ശേവുകക്കാരൻ.
മരവയർ കാളിയാലും തിരുമനം വാടിയാൽ
മരണമെന്നപോൽ കാലം, ശേവുകക്കാരനും!
അത്തൽ തീർക്കാൻ നിരത്തിൽ കുത്തിവെച്ച
അരിപ്പായകൾ നീർത്തി, മത്തനും കുമ്പളനും
ചേനയും ചേമ്പും കാവത്തും വഴുതനയും
ചേന്നനും പാറനും കോരനും മാടിക്കെട്ടി;
മൺചട്ടികൾ വട്ടിയിലാക്കി ചിന്നനും കൂട്ടരും
മൺപാത തൊടാതവർക്കൊപ്പം പാഞ്ഞു പോയി!
ശേഷിച്ച ജീവനുമെടുത്തുള്ളാ പലായനം നോക്കി
ശേവുകക്കാരൻ നില്ക്കേ, ഒരു ചൂലും കുട്ടയും
ശേവുകക്കാരനെ ഓച്ഛാനിച്ചു നിന്നിരുന്നു; അന്ന്,
ശേഷിക്കാനതിജീവനമന്ത്രമില്ലാ നിർഗതിക്കിന്നു
നിയമങ്ങളിടതിങ്ങിയുണ്ടെന്നതു നിശ്ചയം;
നീതിയോ, വഴിയിൽ മൃതിപ്പെട്ടുക്കിടക്കുന്നു!
പൊൻപണമില്ലാ മടിശീലകളെ നോക്കി
പൊന്നോണമിളിക്കുന്നു; പൊന്നുതമ്പ്രാക്കരും!!
വഴിവാണിഭമില്ലാ നഗരം ഭാവനം ചെയ്യുന്നോർ
ഒഴിവയറുകളില്ലാ നാടെന്തേ വാർക്കുന്നില്ല?!!
- ഗണ്ഡാന്തം= മഹാഭാഗ്യദോഷി
- ശേവുകക്കാരൻ= സേവകൻ
English Summary: Lyrics of Malayalam poem ‘Vazhiyil Vanibhamo’ written by Sathish Kalathil