അപൂർണ്ണതയുടെ ആകൃതി ZAINAB SUROORA

0
Malayalam-poem-ZAINAB-SUROORA

Malayalam-poem-ZAINAB-SUROORA

Spread the love

നഷ്ടപ്പെടലിന്റെ അങ്ങാടിത്തിരക്കുകൾ കൊണ്ട്
ജലഛായങ്ങൾ
കണ്ണിൽ വെച്ചവളിലേക്ക്
ശ്രദ്ധിച്ചു നോക്കണം…

നിശബ്ദത ആരോഹണം പാടുന്ന രാത്രി
അകലങ്ങൾക്ക് നോട്ടം കൊടുത്ത്
ജനലഴികളിൽ
തളർന്നുണങ്ങിയ ചിറകുകളുയർത്തി
ഒരിക്കൽ കൂടി മുൻകാലത്തേക്ക്
പറക്കാൻ ശ്രമിക്കുന്നുണ്ടാവും..

വെള്ളമറക്കകത്ത്
സഞ്ചാര വേഗത കൂട്ടിയോടിച്ച
പ്രാണസ്വൈര്യത്തിലേക്ക്
നിലക്കാത്ത പ്രണയത്തിന്റെ
ചക്രങ്ങൾ തുടിച്ചു പായുന്നുണ്ടാവും.

പുലരാതെ പോയ
കിനാക്കളെ കഥാപാത്രങ്ങളാക്കി
ജനൽ വഴി അകത്തു കേറിയ ഇരുട്ടിനെ
കഥ പറഞ്ഞുറക്കുന്നുണ്ടാവാം.

ഒരു നനവ് താങ്ങി തലയിണകൾ
പ്രേമത്തിന്റെ
കടലെന്ന് നീന്തുന്നുണ്ടാവാം.

കുറ്റിരുട്ടിന്റെ അസ്തമയങ്ങൾക്ക്
തൊട്ടുമുമ്പ് മാത്രം
ഓർമ്മകളുടെ എല്ലാ കീറലുകളും
തോർത്തിക്കളഞ്ഞ്
ഉമ്മറത്തേക്ക് നടക്കുന്നുണ്ടാവാം.

Audio Collections – Malayalam Kavithakal

Leave a Reply