മുമ്പ്, എന്നുവെച്ചാൽ മൂടുന്നതിന് മുമ്പ് ZAINAB SUROORA

0
Malayalam Poem by Zainab Suroora

Malayalam Poem by Zainab Suroora

Spread the love

Munpu, ennuvechal moodunnathinu munpu – Poem written by Zainab Suroora

ഇന്നലെയാണ്
ഒരു നഗ്ന ചിരിയോടെ
ഉമ്മ കാലുകളൊന്ന് നിലത്ത് വെച്ചത്.
തളിർത്തു വരുന്ന റോസിന്
ഒരു കുമ്പിളു കൊണ്ട്
ദാഹം ചുരുട്ടിയത്.

ചുറ്റിവരിഞ്ഞ്, ‘ക്ഷ’ വരഞ്ഞ
മുൾവേലികൾക്കപ്പുറം
നടപ്പാതകൾ വെട്ടി
വാതില്പടികളോരോന്നിനോടും
പതിഞ്ഞ് സലാം ചൊല്ലി,
മങ്ങിത്തുടങ്ങിയ
ചരമകോളം
നോക്കി നെടുവീർപ്പയച്ചത്.

ഏറെ വൈകി
എന്നെയും ചേർത്തണച്ചാണ്
ഉറങ്ങിയത്.
കണ്ണീർ ചാലുകൾക്കടിയിൽ,
ചുണ്ടിലപ്പോഴുമൊരു വിളക്കിനുള്ള
വെട്ടമുണ്ടായിരുന്നു.

ഇടക്കെപ്പഴോ
നിശ്ചലശ്വാസങ്ങൾ
ഞങ്ങൾക്കിടയിൽ
ത്വവാഫ്
ചെയ്യുന്നുണ്ടായിരുന്നു.

അറ്റു വീഴുമെന്നുറപ്പുള്ളതു കൊണ്ട്
ഉപ്പ
വിറച്ച കൈ നെഞ്ചത്ത് വെച്ചാണ്
ഒരു മേൽത്തുണിയിൽ
ഉമ്മയെ മൂടി വെച്ചത്.

അസ്ഥികളിൽ മരവിപ്പ് കേറ്റി
ഞാനൊരു ചുംബനത്തെ നിവർത്തവെ
പന്തലിൽ
ഒച്ചപ്പെടുന്നുണ്ട്
“മറമാടാൻ എടുക്കല്ലേ?”ന്നൊരു അസമയ ഉച്ചാരണം.

Audio Collections – Malayalam Kavithakal

Leave a Reply