
Kiraathavrutham - Kadammanitta Ramakrishnan
Kirathavritham By Kadammanitta Ramakrishnan
ഈറ്റപ്പുലി നോറ്റു കിടക്കും ഈറൻകണ്ണു തുറന്നും
കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും
നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ
നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ
ആകാശത്തച്ഛൻ ചത്തുകിടപ്പതു കണ്ടു നടുങ്ങി
മലയോരത്തമ്മയിരുന്നു ദഹിപ്പതു കണ്ടു കലങ്ങി
മുല പാതി മുറിഞ്ഞവളാറ്റിൻകരയിൽ കനലായി വിളിച്ചു
കനലിൻ വിളി ചാട്ടുളിയായികരളിൽ ചെന്നാഞ്ഞുതറച്ചു
കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ
ഉലകാകെയുലയ്ക്കുംമട്ടിൽ അലറീ കാട്ടാളൻ
അലകടലിൻ വേരുപറിക്കാൻ കുതറീ കാട്ടാളൻ
ഒരു നിമിഷം തേങ്ങിക്കരയും വേഴാമ്പൽപ്പക്ഷികണക്കെ
മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ
മാനത്തിനു മൗനം, ഭ്രാന്തസ്നേഹത്തിനു ദാഹം പെരുകി
മാന്തോപ്പുകളുരുകും മണ്ണിലിരുന്നു കാട്ടാളൻ.
കരിമേഘം ചത്തുകിടക്കും കാകോളക്കടലോ മാനം?
കരിമരണം കാവലിരിക്കും കടുനോവിൻ കോട്ടയിലോ ഞാൻ?
എവിടെൻെറ കിനാക്കൾ വിതച്ചോരിടിമിന്നലു പൂക്കും മാനം
എവിടെൻെറ തുളസിക്കാടുകൾ, ഈറൻമുടി കോതിയ സന്ധ്യകൾ?
പച്ചപ്പൈ ചാടിനടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ?
കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
കാറ്റിന്റെ ചിലങ്കകൾ കെട്ടി കാട്ടാറിൻ തരിവള മുട്ടി
കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
കരിവീട്ടിക്കാതൽ പിണഞ്ഞും കൺപീലിക്കാടു വിടർന്നും
കവിളത്തഴകേഴു വളഞ്ഞും പൂഞ്ചായൽ കെട്ടുകളൂർന്നും
ഉടലിളകിയരക്കെട്ടിളകി മുലയിളകിക്കാർമുടി ചിതറി
കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
മുളനാഴി നിറച്ച പഴഞ്ചാറൊരു മോന്തിനു ലഹരിപിടിച്ചാ
മാഞ്ചോട്ടിൽ താളം കൊട്ടി തലയാട്ടിയ ഞാനിന്നെവിടെ?
എവിടെപ്പോയെൻെറ ദിനങ്ങൾ? എവിടെപ്പോയെൻെറ കിടാങ്ങൾ?
തേൻകൂടുകൾ തേടിപ്പോയോരാൺകുട്ടികളെൻെറ കിടാങ്ങൾ
പൂക്കുട നിറയ്ക്കാൻ പോയോരെൻകുട്ടികൾ പെൺപൈതങ്ങൾ.
അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ – രാമ്പൽപ്പൂമൊട്ടുകളെവിടെ?
തളിരെല്ലുകൾ കരിയും മണമോ തറയുന്നു നാഡികളിൽ?
മലരുരുകിയൊലിക്കും നിറമോ നിറയുന്നു ദിക്കുകളിൽ?
ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു തീത്തുള്ളി
കാട്ടാളൻ കരളിൽ നുറുങ്ങിയ നട്ടെല്ലു നിവർന്നെഴുന്നേറ്റു
ചുരമാന്തിയെഴുന്ന കരുത്തിൻ തിരമാലകൾ ചീറിയലച്ചു
“വേട്ടക്കാരവരുടെ കൈയുകൾ വെട്ടും ഞാൻ കൽമഴുവോങ്ങി
മലതീണ്ടിയശുദ്ധം ചെയ്തവർ തലയില്ലാതൊഴുകണമാറ്റിൽ
മരമൊക്കെയരിഞ്ഞവരെന്നുടെ കുലമൊക്കെ മുടിച്ചവരവരുടെ
കുടൽമാലകൾകൊണ്ടു ജഗത്തിൽ നിറമാലകൾ തൂക്കും ഞാൻ.
കുരലൂരിയെടുക്കും ഞാനാക്കുഴലൂതി വിളിക്കും വീണ്ടും
മത്താടി മയങ്ങിയ ശക്തികൾ എത്തും ഞാൻ വില്ലുകുലയ്ക്കും
കുലവില്ലിനു പ്രാണഞരമ്പുകൾ പിരിയേറ്റിയ ഞാണേറ്റും ഞാൻ
ഇടിമിന്നലൊടിച്ചമ്പഗ്നിത്തിരയായക്കരിമുകിലിൽ ചെ-
ന്നുരയും പൊരി പേമഴയായിപ്പൊഴിയും
പൊടിവേരുകളായിപ്പടരും മുള പൊട്ടിവിളിക്കും കിരണം
ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വളരും വളരും
വനമോടികളാടിത്തെളിയും വനമൂർച്ഛയിൽ ദുഃഖം തകരും ഞാനന്നു ചിരിക്കും.”
നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ…
നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ…