Thakaratha Neerpla-Edappally Raghavan Pillai തകരാത്ത നീർപ്പോള – ഇടപ്പള്ളി രാഘവൻ പിള്ള
Thakaratha Neerpla By Edappally Raghavan Pillai
കാലത്തിൻ വേലക്കാരിയാം വാസരം
വേലചെയ്തു വലഞ്ഞു വശംകെട്ടു.
അന്ത്യയാത്രയും ചൊല്ലി,ദ്ദഹിക്കവേ,
അന്തരീക്ഷമിരുണ്ടു പുകയാലേ!
തങ്കരളാം കരിങ്കല്ലലിയാതെ
ശങ്കയെന്യെ, മുതലാളിതൃപ്തിക്കായ്
മങ്കയാൾമൂലമന്നു താനാർജ്ജിച്ച
തങ്കനാണ്യങ്ങനെണ്ണുന്നുഡുച്ഛലാൽ!
അന്തിയോളമലഞ്ഞുനടന്നൊരെ-
ന്നന്തരംഗത്തിനാർത്തി കെടുത്തുവാൻ,
കിട്ടിയില്ലിറ്റു കഞ്ഞിത്തെളിപോലും,
കഷ്ടമെന്നാശയൊക്കവേ നിഷ്ഫലം!
ആലസ്യമെനിക്കെന്നുമരുളുമൊ-
രാലയദ്വാരമെത്തിയുൽക്കണ്ഠയാൽ
മുട്ടി ഞാനിന്നു, മെങ്കിലൊരുത്തരും
കിട്ടിയില്ല, തുറന്നില്ല വാതിൽ മേ;
വെന്തു തീവ്രമെരിയുമെൻ ഹൃത്തിങ്കൽ
ചന്ദനച്ചാർ പുരട്ടും കരത്തിലും
ഇറ്റനുകമ്പ വീഴ്ത്തുവാനില്ലാതെ
വറ്റിയോ? മമ കൈക്കുമ്പിൾ ശൂന്യമായ്!
സ്തന്യമറ്റതാം മാതാവുതൻ ചോര-
തന്നെയല്ലയോ, പൈതൽ നുകരുന്നൂ.
നിഷ്കളങ്കമെൻ കണ്ണീർപ്രവാഹത്താൽ
മൽക്കരക്കുമ്പിൾ പൂർണമായ്ത്തീരട്ടെ,
നീണ്ടുകാണും നിരാശതൻ നർത്തന-
മണ്ഡപമാകുമീ നിശീഥത്തിങ്കൽ,
എന്തുകൊണ്ടു നശിച്ചില്ലീ ബുദ്ബുദം,
വൻതിരമാല തല്ലിത്തകർത്തിട്ടും?
നീളവേ, ഞാൻ വൃഥാവിലായെന്തിനു
‘നളെ’യെന്നു സമാശ്വസിച്ചീടുന്നു?
നാളെയെന്നുടെ പട്ടടയിൽ തൃണ-
നാള-മല്ലയോ? ഇന്നത്തെയാണു ഞാൻ.