Agasthya Hrudhayam – V Madhusoodanan Nair അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍

3
Spread the love

അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍, Madhu Soodhanan Nair, രാമ രഘുരാമ നാമിനിയും നടക്കാം

Madhu Soodhanan Nair

V. Madhusoodhanan Nair മധുസൂദനന്‍ നായര്‍

Spread the love
അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍ Rama Raghurama Naam Iniyum Nadakkaam

രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളിൽ കരേറാം
നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം..

ചിട നീണ്ട വഴിയളന്നും പിളർന്നും
കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ശിലയുമമ്പും നീട്ടിയിരതിരഞ്ഞും
ഭാണ്ഡമൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മല കയറുമീ നമ്മളൊരുവേള ഒരുകാതമൊരു
കാതമേ ഉള്ളു മുകളിലെത്താൻ
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഈ പാപ ശില നീ അമര്‍ത്തിച്ചവിട്ടൂ..
ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ

ഗിരിമകുടമാണ്ടാൽ അഗസ്ത്യനെ കണ്ടാൽ
പരലുപോല താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..

ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ
കൊടുമുടിയിൽ ഇവിടാരുമില്ലേ..
വനപർണ്ണശാലയില്ലല്ലോ മനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ..
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയൊരാ നാഗഗന്ധി തൻ
മുദ്രാദലങ്ങളില്ലല്ലോ
അഴലിൻ നിഴൽക്കുത്തു മർമ്മം ജയിച്ചോരു
തഴുതാമ പോലുമില്ലല്ലോ

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്ക് പുളയുന്നു
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരി പോലെ ചിതറിയ വെളിച്ചമമറുന്നു
കണ്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി
പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൗമമൗഢ്യം വാ തുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാക തുപ്പും കനൽച്ചീളുകൾ നക്കി
മല ചുറ്റിയിഴയും കരിന്തേളുകൾ
മണ്ണിലഭയം തിരക്കുന്ന വേരിന്റെ ഉമിനീരിൽ
അപമൃത്യുവിൻ വാലുകുത്തിയാഴ്ത്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ഛയാലീ ശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു..
ദാഹമേറുന്നോ.. രാമദേഹമിടറുന്നോ..

നീർക്കിളികൾ പാടുമൊരു ദിക്കു കാണാം അവിടെ
നീർക്കണിക തേടി ഞാനൊന്നു പോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലു പാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽ കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം

ആതുരശരീരത്തിലിഴയുന്ന നീർ നാഡി
അന്ത്യപ്രതീക്ഷയായ് കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി
കുടലു കൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെ നോവും
ഈ വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം തമ്മിൽ സൗഖ്യം നടിക്കാം

നൊമ്പരമുടച്ച മിഴിയോടെ നീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിത ഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ
അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..
കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയ വെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു
അവൾ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
അഗ്നിബീജം കൊണ്ടു മേനികൾ മെനഞ്ഞു
മോഹബീജം കൊണ്ടു മേധകൾ മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദവിദ്യയിൽ ബിരുദം കൊടുത്തു
നായ്ക്കുരണ നാവിൽ പുരട്ടിക്കൊടുത്തു
നാല്‍ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു
ആ പിഞ്ചു കരളുകൾ ചുരന്നെടുത്തല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സിൽ പുഴുക്കൾ കുരുത്തു
നിന്റെ മൊഴി ചുറ്റും വിഷച്ചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോളന്ത്യത്തിൽ
നിന്‍ കണ്ണിലൂറുന്നതോ നീലരക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെൻ
കരളിലോ കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരി നീട്ടി നോക്കാം
അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
ഉയിരാം അഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയകമലം തുറക്കാം..

ശൈലകൂടത്തിന്റെ നിഡിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെ ഒരായിരംകോടി ആവർത്തിച്ച്
പുഷ്പ രസ ശക്തിയായ് മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തിൻ
അപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ..
വിണ്ണിന്റെ കയ്യിൽ, ഈ വിണ്ണിന്റെ കയ്യിൽ
ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ
മൺകുടം കണ്ടുവോ..
ഇതിനുള്ളിലെവിടെയോ .. എവിടെയോ
തപമാണഗസ്ത്യൻ..

ഊർദ്ധ്വൻ വലിക്കുന്ന ജീവകോശങ്ങളുടെ
വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ
അന്തിമസ്വപ്നത്തിനണ്ഡങ്ങൾ കണ്ടുവോ
അവയിലെ ചീയുന്ന രോദനം കേട്ടുവോ
തേങ്ങലിൻ ഈറൻകുടത്തിങ്കലെവിടെയോ
എവിടെയോ തപമാണഗസ്ത്യന്‍..

സൗര സൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ
വീര്യ ദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിര ജീവനീയ സുഖരാഗവൈഖരി തേടുമൊരു
കുരുവിതൻ കണ്ഠനാള ബാഷ്പങ്ങളിൽ
ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ
വിശ്വനാഭിയിൽ അഗ്നിപദ്മ പശ്യന്തിക്ക്
വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ
അച്ചുതണ്ടിൻ അന്തരാളത്തിലെ
പരാശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-
ലെവിടെയോ തപമാണഗസ്ത്യൻ..

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരു മന്ത്രമുണ്ടോ.. രാമ നവമന്ത്രമുണ്ടോ..?
ഒരു മന്ത്രമുണ്ടോ.. രാമ നവമന്ത്രമുണ്ടോ..?

Rama, Raghurama naam iniyum nadakkaam
Raavinnu munpe kanalkaadu thaandaam
Novinte shoolamuna mukalil kareraam
Naaraaya bindhuvil Agasthyane kaanaam

3 thoughts on “Agasthya Hrudhayam – V Madhusoodanan Nair അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍

  1. അക്ഷരത്തെറ്റുകൾ ധാരാളം കാണുന്നു. ചില വരികൾ ആവർത്തിച്ചിട്ടുണ്ട്. കുറച്ചു വരികൾ നഷ്ടപ്പെട്ടിട്ടുമുണ്ട്.
    തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

Leave a Reply