‘വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ
നിന്നൂടെ തത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപ്പൂരവും
നിന്നോളമില്ലമറ്റാർക്കുമെന്നുള്ളതും
നിന്നാലസാധ്യമായില്ലൊരു കർമ്മവും
നിർണയമെങ്കിലുമൊന്നിതു
വിശ്വവും നിശ്ശേഷധാന്യധനാ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേതൽപ്രയാസം തവ
യുക്ത ,മതല്ലായ്കിലെന്തതിനാൽ ഫലം?
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.
വഹ്നിസന്തപ്തലോഹസ്തംബുബിന്ദുനാ
സന്നിദം മർത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷുശ്രവണഗളസ്ഥമാം ദർദൂരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു
പുത്രമിത്രാർത്ഥകളത്രാദിസംഗമ-
മെത്രയുംഅല്പകാലസ്ഥിതമോർക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യമൊഴുകുന്ന കാഷ്ടങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയസംഗമം
ലക്ഷ്മിയുംഅസ്ഥിരയല്ലോ മനുഷ്യർക്കു,
നിൽക്കുമോ യൗവനവും പുനരധ്രുവം?
സ്വപ്നസമാനം കളത്രസുഗം നൃണാ-
മൽപ്പമായുസ്സും നിരൂപിക്ക ലക്ഷ്മണ !
രാഗാദിസങ്കുലമായുള്ള സംസാര –
മാകെ നിരുപിക്കിൽസ്വപ്നതുല്യം സഗേ !
ദേഹം നിമിത്തമഹം ബുദ്ധികൈക്കൊണ്ടു
മോഹംകലർന്നു ജന്തുക്കൾ നിരുപ്പിക്കും
ബ്രഹ്മണോഹം നരേന്ദ്രോഹമാട്യോഹമേ –
ന്നാമ്റെഡിതം കലർന്നിടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ടിച്ചുപോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞുപോയീടിലാം
മണ്ണിന്നു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം.
ത്വങ്‌മാംസരക്താസ്ഥിവിൺ മൂത്രരേതസാം
സമ്മേളനം പഞ്ചഭൂതകനിർമ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുളെളാന്നിതധ്രുവം
ദേഹാഭിമാനംനിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരിൽനിരൂപിച്ചതും തവ
ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ !
ദോഷങ്ങളൊക്കവേ ദേഹാഭിമാനിനാം
രോഷേണ വന്നു ഭവിക്കുന്നതോർക്ക നീ .
ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യർക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോർക്കിൽ ജ്ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ.
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും
ആകയാൽ മോക്ഷാർത്ഥിയാകിൽ വിദ്യാഭ്യാസ –
മേകാന്തചേതസാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭമോഹാദികൾ
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതിൽ ക്രോധമറികേടോ ..
മാതാപിതൃഭ്രാതൃമിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നതിനു പുമാൻ
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം .
English Summary: Lakshmana Swanthanam Malayalam Poem from Adyaathma Ramayanam Kilippattu Written by Thunchathu Ezhuthachan