Nallathe Prabhatham – Edappally Raghavan Pillai നാളത്തെ പ്രഭാതം – ഇടപ്പള്ളി രാഘവൻ പിള്ള
Nallathe Prabhatham By Edappally Raghavan Pillai
നാളത്തെ പ്രഭാതമേ, നിൻമുഖം ചുംബിക്കുവാൻ
നാളെത്രയായീ കാത്തുനില്പിതെന്നാശാപുഷ്പം!
നീളത്തിൽ നിന്നെക്കണ്ടു കൂകുവാനായിക്കണ്ഠ-
നാളത്തിൽ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!
പാടിഞാനിന്നോളവും നിന്നപദാനംമാത്രം
വാടിയെൻ കരളെന്നും നിന്നഭാവത്താൽമാത്രം!
ഗോപുരദ്വാരത്തിങ്കൽ നിൽക്കും നിന്നനവദ്യ
നൂപുരക്വാണം കേട്ടെൻ കാതുകൾ കുളുർക്കുന്നു!
ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും
മുഗ്ദ്ധ നീ മുന്നോട്ടെത്താനെന്തിനു ലജ്ജിക്കുന്നു!
അങ്ങു വന്നെതിരേൽക്കാനാകാതെ ചുഴലവും
തിങ്ങുമീയിരുൾക്കുള്ളിൽ വീണു ഞാൻ വിലപിച്ചു.
തെല്ലൊരു വെളിച്ചമില്ലോമനേ, യിതായെന്റെ
പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസൻ!….
നന്ദി…