Varunnu Njan- Edappally Raghavan Pillai- വരുന്നു ഞാൻ- ഇടപ്പള്ളി രാഘവൻ പിള്ള

0
Edappally Raghavan Pillai

Edappally Raghavan Pillai

Spread the love

Varunnu Njan By Edappally Raghavan Pillai

പാതിയും കഴിഞ്ഞതില്ലെൻ ഗ്രന്ഥപാരായണം
ഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?
ജ്ഞാനതൃഷ്ണനാമെന്റെ നീടുറ്റ നിത്യാദ്ധ്വാനം
പാനപാത്രത്തിൽ വെറും കണ്ണുനീർ നിറപ്പാനാം!
പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,
പാതിരാപ്പിശാചിന്റെ നർത്തനരംഗം ചുറ്റും!
അക്ഷരമോരോന്നും ഞാൻ വായിച്ചുതിർക്കുന്നേരം
അക്ഷികൾ ചുടുബാഷ്പാലന്ധമാകുന്നൂ പാരം!
ഏറുമെൻ നെടുവീർപ്പിൻ നിശ്വാസനിപാതങ്ങൾ
– നീറുമീ ഹൃദയത്തിൻ നിശ്ശബ്ദഞരക്കങ്ങൽ-
മതി,യിബ്ഭയാനകമൂകത ഭഞ്‌ജിക്കുവാൻ
മതിയിൽക്കുറേക്കൂടി തീക്കനൽ ചൊരിയുവാൻ!

II

ആദ്യത്തെയദ്ധ്യായങ്ങളൊക്കവേയമൂല്യങ്ങൾ
-ആനന്ദാർണവത്തിലെസ്സുന്ദരതരംഗങ്ങൾ!
ആയതിന്നാന്ദോളനമേറ്റു ഞാൻ പോയിപ്പോയി
ആഴമറ്റിടും കയംതന്നിലാപതിക്കയായ്!
ഇനിയും മുന്നേട്ടേയ്ക്കോ?…. വേണ്ടിതിന്നവസാനം
ഇതിലും ഭയാനകമാകുവാനത്രേ നൂനം!
കത്തുകയാണെന്നാലുമെന്മുന്നിൽ ഗതഭയം
കർത്തവ്യം നടത്തുവാനേതോരു ദീപം സ്വയം!

ഞാനതുമനാദരിച്ചെങ്ങനെ വിരമിക്കും?
കാണുവതസഹ്യമാ, ണെങ്ങനെ മുഴുമിക്കും!
അങ്ങതാ, മമ ഭാഗ്യപുഞ്ജമെൻ മലർശയ്യ
ഭംഗിയായൊരുക്കിയെന്നാഗമം കാക്കുന്നയ്യാ!
നിദ്രയും വെടിഞ്ഞു ഞാൻ വായനയാർന്നാലേവം
ഭദ്രയാമവളൊന്നു കണ്ണടയ്ക്കുമോ പാവം!
ഓമനേ, വരുന്നു ഞാൻ, വായന നിറുത്തട്ടേ
ഈ മണിദീപാങ്കുരം ഞാൻതന്നെ കെടുത്തട്ടേ!…

Leave a Reply