Pakalukal Raathrikal – Ayyappa Paniker പകലുകള്‍ രാത്രികള്‍ – അയ്യപ്പപ്പണിക്കർ

0
Spread the love

നീ തന്നെ ജീവിതം സന്ധ്യേ, അയ്യപ്പപ്പണിക്കർ, Nee thanne jeevitham sandhye, Ayyappa Paniker

Ayyappa Paniker Malayalam Poet അയ്യപ്പപ്പണിക്കര്‍

Ayyappa Paniker Malayalam Poet അയ്യപ്പപ്പണിക്കര്‍

Spread the love

Pakalukal Raathrikal – Nee Thanne Jeevitham Sandhye Lyrics – Ayyappa Paniker

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നൂ രാത്രികള്‍ പകലുകള്‍
നിന്നില്‍ മരിക്കുന്നു സന്ധ്യേ

നീ രാത്രിതന്‍ ജനനി നീ മൃത്യുതന്‍ കമിനി
നീ പുണ്യപാപ പരിഹാരം
നരവന്നുമൂടിയ ശിരസ്സില്‍, മനസ്സില്‍
നരനായൊരോര്‍മ്മ വിളറുന്നൂ
നരകങ്ങള്‍ എങ്ങെന്റെ സ്വര്‍ഗ്ഗങ്ങളെ-
ങ്ങവകള്‍ തിരയുന്നു നീ തന്നെ സന്ധ്യേ

കണ്ണാടിയില്‍ മുഖം കാണുന്ന സമയത്ത്
കണ്ണുകളടഞ്ഞൂ വെറുപ്പാല്‍
കനിവിന്റെ നനവൂറി നില്‍ക്കുന്ന കണ്ണുമായി
വരിക നീ വരിക നീ സന്ധ്യേ

നിദ്രകള്‍ വരാതായി
നിറകണ്ണില്‍ നിന്‍ സ്മരണമുദ്രകള്‍ നിഴല്‍ നട്ടുനില്‍ക്കേ
നിന്‍ മുടിച്ചുരുളിലെന്‍ വിരല്‍ചുറ്റി വരിയുന്നൂ
നിന്‍ മടിക്കുഴിയിലെന്‍ കരള്‍ കൊത്തിവലിയുന്നൂ
എല്ലാര്‍ക്കുമിടമുള്ള വിരിവാര്‍ന്ന ഭൂമിയില്‍
പുല്ലിനും പുഴുവിനും പഴുതുള്ള ഭൂമിയില്‍
മുടി പിന്നി മെടയുന്ന വിരല്‍ നീണ്ടുനീണ്ടു-
നിന്‍ മടിയിലെ കുടിലില്‍ ചെന്നഭയം തിരക്കുന്നൂ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവില്‍ കിടന്നുവോ നമ്മള്‍
പുണരാതെ ചുബനം പകരാതെ
മഞ്ഞിന്റെ കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍
ഒരു വാതില്‍ മെല്ലെ തുറന്നിറങ്ങുന്ന പോല്‍
കരിയില പൊഴിയുന്ന പോലെ
ഒരു മഞ്ഞുകട്ടയിലലിയുന്ന പോലെത്ര
ലഘുവായി ലളിതമായി നീ മറഞ്ഞൂ

വരുമെന്ന് ചൊല്ലി നീ ഘടികാരസൂചിതന്‍
പിടിയില്‍ നില്‍ക്കുന്നില്ല കാലം
പലരുണ്ട് താരങ്ങള്‍ അവര്‍ നിന്നെ ലാളിച്ചു
പലതും പറഞ്ഞതിന്‍ ലഹരിയായി തീര്‍ന്നുവോ
പറയൂ മനോഹരി സന്ധ്യേ..

ചിറകറ്റു വീഴുന്നൂ താരം
ചിതകൂട്ടി നില്‍ക്കുന്നു കാലം
വരികില്ല നീ ഇരുള്‍ക്കയമായി നീ
ഇന്ന് ശവദാഹമാണെന്‍ മനസ്സില്‍
വരികില്ലെന്നറിയാമെന്നായിട്ടും
വാനം നിന്‍ വരവും പ്രതീക്ഷിച്ചിരുന്നൂ
ചിരകാലമങ്ങനെ ചിതല്‍ തിന്നു പോയിട്ടും
ചിലതുണ്ട് ചിതയിന്‍മേല്‍ വയ്ക്കാന്‍

പൊഴിയുന്നു കരിയിലകള്‍ നാഴിക
വിനാഴികകള്‍ കഴിയുന്നു നിറമുള്ള കാലം
വിറകൊള്‍വു മേഘങ്ങള്‍ പറക നീ-
യമൃതമോ വിഷമോ വിഷാദമോ സന്ധ്യേ

ഇനിവരും കൂരിരുള്‍ക്കയമോര്‍ത്തു
നീ പോലും കനിയുമെന്നൂഹിച്ച നാളില്‍
നിന്റെയീ നിഴലൊക്കെ അഴലെന്നു കരുതിയെന്‍
തന്ത്രികളെ നിന്‍ വിരലില്‍ വച്ചൂ
അറിയുന്നു ഞാന്‍ ഇന്ന് നിന്റെ
വിഷമൂര്‍ച്ചയില്‍ പിടയുന്നുവെങ്കിലും സന്ധ്യേ
ചിരിമാഞ്ഞുപോയൊരെന്‍ ചുണ്ടിന്റെ
കോണിലൊരു പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ, ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതില്‍ കാണും

ഇനിയുള്ള കാലങ്ങള്‍ ഇതിലേ കടക്കുമ്പോള്‍
ഇത് കൂടിയൊന്നോര്‍ത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാര്‍ത്ത വാരവും വന്നാല്‍
അലറാത്ത കടല്‍ മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ..

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെയിരുളുന്നൂ നീ തന്നെ മറയുന്നൂ
നീ തന്നെ നീ തന്നെ സന്ധ്യേ

എവിടുന്നു വന്നിത്ര കടുകയ്പ്പ് വായി-
ലെന്നറിയാതെയുഴന്നു ഞാന്‍ നില്‍ക്കേ
കരിവീണ മനമാകെ എരിയുന്നൂ പുകയുന്നൂ
മറയൂ നിശാഗന്ധി സന്ധ്യേ..

ഒരു താരകത്തെ വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നൂ കരിമേഘജാലം
ഇരുളിന്റെ കയമാര്‍ന്നുപോയ്‌ സൗരയൂഥ-
ങ്ങളിനി നീ വരൊല്ലേ വരൊല്ലേ..

ചിറകറ്റ പക്ഷിക്ക് ചിറകുമായി നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാനയാത്ര പറഞ്ഞു നീ
ഇനിയും വരൊല്ലേ വരൊല്ലേ

മൃതരായി, മൃതരായി ദഹിച്ചുപോയ്‌
നീ വച്ച മെഴുകിന്‍ തിരികളും സന്ധ്യേ
ഇനിയില്ല ദീപങ്ങള്‍, ഇനിയില്ല ദീപ്തികള്‍
ഇനിയും വെളിച്ചം തരൊല്ലേ..

ഒടുവില്‍ നിന്‍ കാലടിപ്പൊടി കൂടി തട്ടിയെന്‍
പടിവാതില്‍ കൊട്ടിയടച്ച പോലെ
മറയൂ നിശാഗന്ധി സന്ധ്യേ
നിന്റെ മറവിയും കൂടി മറയ്ക്കൂ

നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ട് പോകുന്നു സന്ധ്യേ
നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ട് പോകുന്നു സന്ധ്യേ

അവസാനമവസാനമവസാനമീയാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീയാത്ര
അവസാനമവസാനമല്ലോ.

English Summary: ‘Pakalukal Raathrikal‘ Malayalam Poem By Ayyappa Panikkar

Leave a Reply