Viswabharathiyil- Edappally Raghavan Pillai -വിശ്വഭാരതിയിൽ- ഇടപ്പള്ളി രാഘവൻ പിള്ള

Edappally Raghavan Pillai
Spread the love

Viswabharathiyil By Edappally Raghavan Pillai

പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി-
പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ;
വിജ്ഞാനജിജ്ഞാസയേറുന്ന നിങ്ങളീ
വിശ്വത്തെ വീക്ഷിച്ചു സംതൃപ്തി നേടുവിൻ;
പുല്ലാണു പുസ്തകജ്ഞാനം പുലരിതൻ
പുല്ലാംകുഴൽവിളി വന്നു പുണരവേ;
തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേ
തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാം
പുസ്തകകീടങ്ങളായിട്ടനാരതം
മസ്തകം താഴ്ത്തി നാം മൗനംഭജിക്കുകിൽ
സാരഗർഭങ്ങളാമോരോ നിമിഷവും
കൂരിരുൾക്കുള്ളിലടിഞ്ഞുപോം നിഷ്ഫലം!
പണ്ടു പഠിച്ചുള്ള പാഠമുരുവിട്ടു
തൊണ്ട വരട്ടുന്ന പണ്ഡിതമ്മന്യരാൽ
ശിക്ഷണം ചെയ്യും കലാലയാലംബർ നാം
ലക്ഷണം കെട്ടവരായിച്ചമഞ്ഞുപോയ്!
വാനവനാകാൻ കൊതിക്കുന്ന മർത്ത്യനെ
വാനരനാക്കും കലാലയാദ്ധ്യായനം
വീതാനുലജ്ജം തുടുങ്ങുന്നതേതൊരു
പാതാളമെത്തുവാനയ്യോ! ഭയങ്കരം!
വാസ്തവം കൈവിട്ടതിൻ പാഴ്നിഴലിനെ
വാഴ്ത്തുവാൻമാത്രം പഠിച്ചവരായ നാം,
അന്തമറ്റുന്മുഖമാകും സനാതന—
ഗ്രന്ഥത്തിലേക്കൊന്നു കണ്ണയച്ചീടുകിൽ
അജ്ഞാതമാമിതിന്നാന്തരാർത്ഥം കുറ—
ച്ചാത്മാവറിയാതെ ശാന്തിയുണ്ടാകുമോ?
അല്പവും നിൽകാതെ കാലമതിനുടെ
രാപ്പകൽത്താളുകൾ മുന്നോട്ടു നീക്കവേ
മർത്ത്യനറിയേണ്ട പാഠങ്ങളെത്രയോ
വ്യർത്ഥമായ് മാഞ്ഞുമറയുന്നു നിത്യവും!
താവുന്ന സംസാരസന്താപമേഖങ്ങൾ
താഴ്വാരമെത്രമേൽ മൂടിനിന്നീടിലും,
പ്രത്യഗ്രഭാഗത്തിലെപ്പൊഴും മിന്നുന്ന
നിത്യപ്രകാശനിമഗ്നശിരസ്കരായ്
ചിന്താനിരതരചലേന്ദ്രരാം, മുനി—
വൃന്ദങ്ങളോതുന്ന ദിവൃതത്ത്വങ്ങളെ
പാട്ടിൽ ഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറുതന്നുടെ കമ്രഗാനങ്ങളും;
ജീവിതപത്രങ്ങൾ മേൽക്കുക്മേൽ വീഴ്കിലും,
ഭാവികരങ്ങളാലെത്ര മാച്ചീടിലും
ഭൂയോപി ഭൂയോപി കായത്തിനോടൊത്തു
സായൂജ്യമാളുന്ന തൻനിഴൽപാടിനെ,
ശ്രദ്ധിച്ചുനോക്കിപ്പഠിച്ചാ രഹസ്യങ്ങ—
ളുദ്ധരിച്ചിദ്ധരതന്നിൽ പരത്തുവാൻ
പാടുപെട്ടീടും പരാർത്ഥശരീരരാം
പാദപപാളിതന്നാന്ദോളനങ്ങളും;
വ്യാകരണത്തിന്നിരുമ്പഴിക്കൂടുവി—
ട്ടാകാശമെങ്ങും ചരിക്കും കിളികൾതൻ
സ്വാതന്ത്ര്യസംശുദ്ധഗാനമകരന്ദ—
പൂതകല്ലോലിനിതന്റെ വിശുദ്ധിയും;
സത്തുമസത്തും തിരിഞ്ഞവർക്കുള്ളതാം
സത്യസ്വരൂപം പരത്തിഗ്ഗതഭയം
ആശ്വാസവേവന്നുമേറ്റുന്ന തെന്നലിൻ
ശാശ്വതശാന്തിതൻ സന്ദേശസാരവും
ലോകോത്തരസ്നേഹശുദ്ധിയെ, ദിവ്യമാം
ത്യാഗത്തിലെത്തിച്ചു തൃപ്തരായ്, നിത്യരായ്,
മന്ദഹസിച്ചു മറഞ്ഞുപോയീടുന്ന
മഞ്ഞുകണികതൻ നിസ്വാർത്ഥജന്മവും;
കണ്ടു പഠിക്കുവിൻ, കേട്ടു പഠിക്കിവിൻ,
കണ്ഠം തുറന്നുകൊണ്ടുച്ചരിച്ചീടുവിൻ!….