Vasantham Kazhinju-Edapally Raghavan Pilla-വസന്തം കഴിഞ്ഞു- ഇടപ്പള്ളി രാഘവൻ പിള്ള
Vasantham Kazhinju by Edapally Raghavan Pilla
തോഴി:
“തളരിത’താരകേ!’ നീയിനിയും
തളരാതെ പാടുന്നതാരു കേൽക്കും?
അതിദദ്ധമായ നിൻ തന്ത്രികളി-
ലനിരുദ്ധഗനത്തിനർത്ഥമില്ലേ!”
നായിക:
“മദിരോത്സവത്തിൽ മുഴുകിയോരോ
മധുമാസം തോഴി, മറഞ്ഞെന്നാലും
അകലെയലസമലയടിക്കും
അരുവിയിഗ്ഗാനങ്ങളേറ്റുപാടും.”
“സ്മരണതൻ മഞ്ജുളമന്ദഹാസം
അരുണാഭമന്നത്തെയന്തരീക്ഷം,
ഇനിയെത്ര കണ്ണീരൊഴുക്കിയാലും
കനിവറ്റ കാലം തെളികയില്ല!”
“അഖിലവും, സാക്ഷിയായ് കണ്ടിരുന്നോ-
രവസരം മേലിലദൃശ്യമെങ്കിൽ,
ഒഴിയാതൊഴുകുമിത്തപ്തബാഷ്പം
മിഴിയിൽനിന്നെന്തും മറച്ചുകൊള്ളും!”
“തളിരുണ്ടത്താരുണ്യശ്രീയിൽത്തത്തും
കളകണ്ഠം പാടിപ്പറന്നുപോയി.”
“മകരന്ദം പെയ്യുമഗ്ഗാനനാള-
മനുവേലമെന്നുള്ളിൽ മാറ്റൊലിക്കും!”
“സുലഭമപ്പുഞ്ചിരിയാകും ചിത്ര-
ശലഭങ്ങളെല്ലാം കരിഞ്ഞുപോയി!”
“അഴകിൻ കണികകളെങ്കിലും ഞാൻ
മഴവില്ലിൽക്കണ്ടുകൊണ്ടാശ്വസിക്കും.”
“പുളകും പുരട്ടീടുമാ വചസ്സാം
പുതുമലരെല്ലാം കൊഴിഞ്ഞുപോയീ!”
“പരമനിർവാണദമാ, മവതൻ
പരിമളധോരണി വീശിവീശി
അഭിരാമ സ്വപ്നശതങ്ങൾ തീർപ്പൊ-
രവഗാഹ കാവ്യങ്ങൾ ഞാൻ പഠിക്കും
പ്രണയത്തിൻ ചഞ്ചൽച്ചിറകു വീശി-
യകലത്തൊരാത്മാവലഞ്ഞുവെന്നാൽ,
കഠിന നിരാശതൻ മണ്ഡലത്തിൽ
തടയും തളരും തകർന്നുപോകും!”
“ഇരുളിന്നടിത്തട്ടിലെത്രയെത്ര
കരളുകൾ തേങ്ങിക്കരഞ്ഞെന്നാലും
കരിയുവാനുള്ള സുമങ്ങളെല്ലാം
വിരിയും വിതറും സുന്ധസാരം
തകരും ഞാൻ-ജീവിതമാകമാനം
പകരാവൂ പാവന പ്രേമഗാനം;
അനഘമാണെന്തിലും മർത്ത്യജന്മം
അനുരാഗിയെന്നാലതിലും കാമ്യം!…”