Viplavam! Viplavam- Edapilli Raghavan Pilla വിപ്ലവം! വിപ്ലവം!- ഇടപ്പള്ളി രാഘവൻ പിള്ള

0
Edappally Raghavan Pillai

Edappally Raghavan Pillai

Spread the love

Viplavam! Viplavam By Edapilli Raghavan Pilla

എത്ര കരികിലും, പിന്നെയും പിന്നെയും
പത്രം മുളയ്ക്കുമെന്നാശാപതംഗമേ!
പോകായ്മ, പോകായ്മ മേല്പോട്ടിരുൾത്തട്ടി-
ലേകാ കിയായിക്കഴിക്കാം കുറച്ചുനാൾ.
വാരുറ്റ വാസരം കേട്ടു ചിരിക്കിലും
വാരുണിയെത്ര മുഖം കറുപ്പിക്കിലും
ഭാവപ്പകർച്ചയൊരല്പം ഗണിക്കാതെ
ഭാവി ഭയാനകമെന്നുമോർത്തീടാതെ
ഇച്ഛയ്ക്കിണങ്ങിയപോലെ പലേതരം
സ്വച്ഛന്ദഗാനങ്ങൾ പാടിപ്പറന്നു നീ
സ്വാതന്ത്ര്യമാരാഞ്ഞു മുന്നോട്ടുപോയതി-
പ്പാരതന്ത്ര്യത്തിൽപ്പതിക്കുവാൻ മാത്രമാം!
അല്പം പരിമിതമെങ്കിലും പിന്നിട്ടൊ-
രപ്രദേശം താൻ പ്രഹർഷപ്രദായകം!
ക്ലേശം പുരണ്ട നിൻ കണ്ഠനാളം കുറ-
ച്ചാശ്വസിച്ചീടുമസ്സംഗീതമണ്ഡപം
നിന്നെ ക്ഷണിക്കയാണിപ്പൊഴും പിന്നോട്ടു
മിന്നൽപ്പിണർക്കരം വീശിയിടക്കിടെ.
ചിന്തയ്ക്കുമപ്പുറത്താരുമറിയാത്ത
ബന്ധുരമായൊരു പഞ്ജരാന്തസ്ഥരായ്
നിന്നെയോർത്തെപ്പൊഴും സ്നേഹഗാനത്തിന്റെ
പൊന്നല വീശുന്ന പുണ്യത്തിടമ്പിനായ്

നിൻ നിത്യസങ്കല്പഗാനം പതിവുപോൽ
വിൺതട്ടിലെങ്ങാനുമെത്തി മുട്ടീടവേ
“ദുസ്സഹം! ദുസ്സഹം! ദുർവിഷപൂരിതം!
ദുഃസ്വഭാവത്തിൻ പ്രദർശന”മാണുപോൽ
കഷ്ടം! ‘കല കല’യ്ക്കെന്ന മഹദ്വാക്യ-
മൊട്ടുമറിയാത്ത സാഹിതീദാസരേ!
ഓലത്തുരുമ്പിൽ മുറുകെപ്പിടിക്കുന്ന
ലീലയ്ക്കു ഞാനിതാ കൈതൊഴാം കൈതൊഴാം
ആവൽച്ചിറകടികൊണ്ടു മുഖരിത-
മാകുന്ന നീരന്ധ്രനീലനഭഃസ്ഥലം
നേരിൽ പ്രഭാകരൻ നീളേ നിറയുന്ന
നീരദപാളിയാൽ നിഷ്പ്രഭനാകവേ
ആവശ്യമില്ല നിന്നാത്മസംഗീതങ്ങ-
ളീവിശ്വമത്രമേൽ പാതാളമാർന്നുപോയ്.
മേൽക്കുമേൽ തിങ്ങുന്ന കൂരിരുൾമഗ്നനാം
രാക്കുയിലോർക്കാതെ രാഗം തുടങ്ങിയാൽ
പേക്കിനാവിങ്കൽ കഴിയുന്ന മൂങ്ങകൾ-
ക്കോർക്കുവാൻ വ,യ്യവ മൂളാൻ തുടങ്ങീടും!
ലോകവികൃതികൾ കണ്ടൊരു താരകം
ശോകരസ സ്ഫുരൽപ്പുഞ്ചിരി തൂകിയാൽ
കാളുമസൂയ ഘനീഭവിച്ചുള്ളതാം
കാളാംബുദങ്ങൾ മുരങ്ങാൻ തുടങ്ങീടും!
ലോകത്തിനുണ്ടൊരു കാഞ്ചനകഞ്ചുകം
ലോലം-സദാചാരമെന്ന നാലക്ഷരം
ആയതിന്നുള്ളിലടയ്ക്കുന്നതില്ലെത്ര
മായാത്ത ബീഭത്സനഗ്നചിത്രം നരൻ!
സത്യം തിരയുമെന്നാത്മാവതിനുടെ
സത്തുമസത്തും തുറന്നുകാട്ടീടവേ
ആട്ടിൻതുകലിട്ട ചെന്നായ്ക്കളൊക്കെയു-
മാർത്തുവിളിക്കുന്നു ‘വിപ്ലവം! വിപ്ലവം!’
ആദർശജീവിതം പാടിനടക്കുന്ന-
മാദൃശരെത്രമേൽ സുസ്ഥിരമാകിലും

മർത്ത്യൻ സമുദായജീവയാണെങ്കിലോ മറ്റഭിപ്രായങ്ങളാദരിച്ചീടണം കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം; ആഴമേറീടുന്നൊരാഴി കടക്കിലും ആഴക്കു വെള്ളത്തിൽ മുങ്ങി മരിക്കണം!

Leave a Reply