Sandrasawhridam – Ramapurath Warrier സാന്ദ്രസൗഹൃദം – രാമപുരത്ത് വാര്യർ

Ramapurath Warrier രാമപുരത്ത് വാര്യർ
Spread the love

Malayalam Poem Sandrasawhridam Written by Ramapurath Warrier

സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാം
സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും
സാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖേ!
സാരനായ ഭവാനൊന്നും മറന്നില്ലല്ലീ?
ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരും
ഒരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും
പെരുങ്കാട്ടിൽ പുക്കിന്ധനമൊടിച്ചുകെട്ടിവച്ചതും
അരുണനസ്തമിച്ചതും മറന്നില്ലല്ലീ?
കൂരിരുട്ടുമാകസ്മികമായൊരു മഹാമഴയും
കൂടിവന്നു കൊടുങ്കാറ്റും കൂടീട്ടാസ്മാകം
മോഹമേറെ വളർത്തതുമുഷപ്പോളം തകർത്തതും
ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും
പാർത്തിരിയാതെ പറന്നുപോമിക്കാറ്റത്തെന്നുൾക്കാമ്പി –
ലോർത്തൊരു തുരപ്പിനുള്ളിലൊളിച്ചന്യോന്യം

കോർത്തു കൈകൾ പിടിച്ചതും പിന്നെപ്പേടിതീരുംവണ്ണം
മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ?
താപസനന്തിക്കു നമ്മേകാണാഞ്ഞിട്ടു പത്നിയോടു
കോപിച്ചതും പുലർകാലേ തിരഞ്ഞുകാൺമാൻ
താപംപൂണ്ടു താനേ പുറപ്പെട്ടനേരം കുളുർന്നു നാം
പേടിച്ചു വിറകും കൊണ്ടരികിൽ ചെന്നതും,
ചെമ്മേ വീണുനമസ്ക്കരിച്ചതും മഹാമുനി മോദാൽ
നമ്മെയെല്ലാമനുഗ്രഹിച്ചതും തോന്നുന്നോ ?
നന്മ നമുക്കതേയുള്ളു ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും.

English Summary : This Malayalam Poem Sandrasawhridam Written by Ramapurath Warrier.Ramapurathu Warrier is considered to be the pioneer of the “Vanchippattu” or Boat song form of poetry in Malayalam language. Vanchippattu is a poetic form of folk origin composed entirely in the Dravidian metre nathonnata.