Vazhakkula – Changampuzha Krishna Pillai വാഴക്കുല – ചങ്ങമ്പുഴ കൃഷ്ണപിള്ള

1
Spread the love

vazhakkula, Changambuzha, Vazhakkula poem is written by Changampuzha Krishna Pillai. മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തുമഴ വന്ന നാളൊരു വാഴ നട്ടു.

Spread the love

Vazhakkula by Changampuzha Krishna Pillai

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം  വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
‘ക്കരുമാടിക്കുട്ടന്മാര്‍’  മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്‍?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !

ഇടറുന്ന കഴല്‍വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!

പറയുന്നു മാതേവന്‍- ” ഈ ഞാലിപ്പൂവന്‍റെ
പഴമെത്ര സാദോള്ളതായിരിക്കും !”
പരിചോ, ടനുജന്‍റെ വാക്കില്‍ ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
“കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!”

പരിഭവിച്ചീടുന്നു നീലി :”അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും.”
“കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!”
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍കി!

അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി

“പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!”

“അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!..”
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല –
ക്കൊതിയസമാജം നടന്നു വന്നു.

കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!

അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .

കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്‌, മാതെവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോതുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !

അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!

കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില –
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരിലവിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.

അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക –
ളരുതവനങ്ങനെ നോക്കി നില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.

കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.

മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!

സരസമായ്‌ മാതേവന്‍ കേളന്‍റെ തോളത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!

ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.

ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കുമേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തു പോയി!

കുലതോളിലേന്തിപ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!

നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
” കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ …ഞാന്‍ കൊണ്ടു പോട്ടെ !”

മലയന്‍ നടക്കുന്നു — നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…

About the poem Vazhakkula written by Changampuzha Krishna Pillai

One of his most well-known poems, “Vazhakkula” (a bundle of plantains), portrays a family of struggling farmers as well as a scheming landowner who robs them of the fruits of their labor.
The attitude of Kerala as it awaited an agrarian revolution was well captured in the poem “Vazhakkula.”

malayalamkavithakal.com

English Description: This page contains the lyrics of Malayalam Poem Vazhakkula written by Changampuzha Krishna Pillai.

Who wrote the poem Vazhakkula?

Changampuzha Krishna Pillai is the author of the Malayalam poem Vazhakkula. Ramanan, Vazhakkula, Spandikkunna Asthimadam, Asthiyude Pookkal, Paadunna Pisachu, Kaviyude Poomaala, Manaswini, Kavyanarthaki, Thakarnna Murali, Aa Poomaala, and more of his poetry are all included in Changampuzha Kavithakal.

Poems of Changampuzha Krishna Pillai

1 thought on “Vazhakkula – Changampuzha Krishna Pillai വാഴക്കുല – ചങ്ങമ്പുഴ കൃഷ്ണപിള്ള

Leave a Reply