This Malayalam Poem Vedham Written by Yusafali Kecheri
ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻ
ചുമ്മാ മുഖം കറുപ്പിച്ചിരുന്നു.
ഉപ്പേരിയില്ല,കറിയില്ല,മീനില്ല
പപ്പടം ‘വട്ട’ത്തിലാണുതാനും.
ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുണ്ടൊരു
ചോന്നുള്ളിച്ചമ്മന്തി -അത്രമാത്രം.
ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,
ദേഹമൊട്ടാകെ വിറച്ചിരുന്നു.
വല്ലാതെയില്ല വിശപ്പെനിക്കെങ്കിലും
വല്ലായ്മ്മയുണ്ടെന്നു ഞാൻ നടിച്ചു.
ഉണ്ണാൻ തുടങ്ങിയാൽ വിണ്ണുന്നൊരുണ്ണിയാ-
യെണ്ണുമാറുണ്ടന്നെൻ വീട്ടിലെന്നെ,
എങ്കിലും തീൻമേശ വിട്ടു പരിഭവി-
ച്ചെങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു.
പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ
പിൻപുറത്തേയ്ക്കൊന്നു പാളിനോക്കി.
അപ്പോൾ ഞാൻ കണ്ടു വടക്കിനിമുറ്റത്തൊ-
രാൾക്കൂട്ടം, പാവങ്ങളെന്നയൽക്കാർ
കൂടിയിരിക്കയാണുമ്മയവർക്കൊക്കെ-
ച്ചൂടുള്ള കഞ്ഞി പകർന്നിടുന്നു.
ഓടിക്കളിക്കുന്നുണ്ടാ ‘പഷ്ണിക്കഞ്ഞിയി-
ലോരോ നെടിയരിവറ്റുമാത്രം.
അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും
അന്നമൊരു സ്വപ്നമായിരുന്നു.
ആംഗലവാഴ്ചയും യുദ്ധക്കെടുതിയും
ആകെയെൻ ഗ്രാമം തകർത്തിരുന്നു.
തന്തമാർ, തള്ളമാർ കുട്ടികളന്യോന്യം
തള്ളിമാറ്റുന്നു,കലമ്പിടുന്നു.
ഒട്ടുചിലർ കഞ്ഞി മോന്തിപ്പിരിയുന്നു
മറ്റും പലർ വന്നുചേർന്നിടുന്നു.
അമ്പാർന്നു കഞ്ഞി വിളമ്പുവാൻ മുറ്റത്തു
കുമ്പിട്ടു നിൽപ്പത്തിന്നുള്ളിൽ, ദൂരേ
എന്നെക്കണ്ടുമ്മയരികിലെത്തിച്ചോല്ലി.
“നന്നേ തിരക്കായിരുന്നു മോനേ.
പറ്റീല മീൻകറിയുണ്ടാക്കാൻ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞി വേണ്ടേ?
വിണ്ണുവാൻ നിൽക്കാതെ ചമ്മന്തിച്ചോറുണ്ടെ-
ന്നുണ്ണിപോ, നേരമായ് ബെല്ലടിക്കാൻ
നാലുമണി വിട്ടു നീ വരുമ്പോഴേക്കും
അയിലച്ചാറുണ്ടാക്കിവെച്ചിടാം ഞാൻ”
ഇത്രയും ചൊല്ലിപ്പിരിഞ്ഞുപോയുമ്മ, എ-
ന്നുൾതതട്ടിൻ കാപട്യം വെന്തെരിഞ്ഞു.
ഉണ്ണാവ്രതവുമായന്യരെയൂട്ടുന്നൊ-
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കേ
നീറുമെന്നുള്ളം കുറുകീ; പഴയരി-
ച്ചോറെനിക്കുണ്ടല്ലോ വേണ്ടുവോളം;
പഞ്ഞക്കെടുതിയിൽ നീറുവോർ വറ്റില്ലാ-
ക്കഞ്ഞിക്കിരന്നു വലഞ്ഞീടുമ്പോൾ!
പിന്നെ ഞാൻ വൈകിയി ,ല്ലെന്നുടെ ചോറുമാ-
യുമ്മതൻ പിന്നിൽ പതുങ്ങിയെത്തി
ഉള്ളലഞോതിനേൻ :”എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ.”
പൊട്ടിക്കരഞ്ഞുമ്മ മാറോടു ചേർത്തെന്നെ-
ക്കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ:
“ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ-
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പൈക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ.”
English Summary : This Malayalam Poem Vedham Written by Yusafali Kecheri Yusufali Kechery was a poet, film lyricist, film producer and director from Kerala, India. He wrote during the modern era of Malayalam poetry and won the Odakkuzhal Award, the Kerala Sahitya Academy Award and the Vallathol Award.