എന്തെഴുതും? – സന്തോഷ്‌ ഇളപ്പുപാറ

0
Spread the love

Email to the writer - SANTHOSH KUMAR

എന്തു ഞാനെഴുതേണ്ടു? എന്നു ഞാനിന്നെന്നുള്ളിൽ
ചിന്തിച്ചു പ്രകമ്പനം കൊണ്ടാകെ വിഷമിച്ചു.

ഒരു നാൾ ചലിക്കാഞ്ഞാൽ തൂലിക നശിച്ചുപോം.
അറിവിൻ കോലാർഖനി ഇടിഞ്ഞങ്ങടഞ്ഞുപോം.

പാടാഞ്ഞാൽ തുരുമ്പിക്കുമുജ്ജ്വല സംഗീതവും
ഉപയോഗത്തിൽ വരാത്തിരുമ്പിൻ കത്തിപോലെ

അതുപോലല്ലോ ചിന്ത; എന്നുമേ സ്ഫുടംചെയ്യ്തു
തൂലികത്തുമ്പിൽനിന്നും വാക്കായി ജനിക്കണം

ഒരുനാൾ ശൈലീദേവി ഉണരും തൂലികയിൽ
തവ തൃക്കയ്യാലെന്നെ അനുഗ്രഹിക്കും സത്യം!

അന്നുഞാൻ എഴുതും വിശ്വസൗന്ദര്യത്തിന്റെ
ഭാവങ്ങളെ ഉള്ളിൽ ആവാഹിച്ചുകൊണ്ട്.

എന്റെ തൂലികയിലെ മഷി തീരുംവരെ
പ്രണയാർദ്രമായ പ്രകൃതിയുടെ രൂപഭാവങ്ങളെ!

മണ്ണിൽ അലയുന്ന നിരാലംബജീവിതങ്ങളുടെ
നേർചിത്രങ്ങൾ കണ്ണുനീരിന്റെ കയ്യൊപ്പ് ചാർത്തി
രചിക്കും.

ഈ ലോകത്തിൽ പുത്തൻ തലമുറകൾക്ക്
ആ ഗീതകം ഉണർവ്വിന്റെ ഉണർത്തുപാട്ടാകുവാൻ.

എന്റെ സംഗീതധാരയിൽ നിന്നും ഉണരും
സാന്ത്വനത്തിന്റെ സംഗീതം, ഹിമകണം പോലേ.

തളരുന്നു ഹൃദയങ്ങളെ പുതിയ വർണ്ണങ്ങളാൽ
ചിത്രശലഭമാക്കി കൂട്ടികൊണ്ട് പോകുവാൻ.

പരസ്പരം പ്രണയിക്കുന്ന ആത്മാക്കളെ എന്റെ തൂലികയാൽ
ഒന്നാക്കി സ്വർഗ്ഗിയാനുഭൂതിയിൽ ലയിപ്പിക്കും.

അങ്ങനെ ഈ പ്രപഞ്ചമാകെ പുതിയ ഒരു
പ്രകാശത്തിന്റെ കിരണങ്ങൾ പരാതി കൊണ്ട്

കയ്യിൽ തൂലിക ഉയർത്തി സംഗീതധാരയുമായി
ഞാൻ തെരുവിൽ നിന്നും തെരുവിലേയ്ക്ക് ഒഴുകും.

English Summary : The page contains the poem ‘Enthezhuthum?’ written By Santhosh Kumar

Leave a Reply