Kaalakal-P.Bhaskkaran-കാളകൾ -പി .ഭാസ്‌ക്കരൻ
Malayalam Poem Kaalakal Written by P.Bhaskkaran
തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി –
ക്കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി –
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനിക്കൂടി.
തോളുകൾ കുനിഞ്ഞിട്ടുണ്ടാവന്നും, സ്വജീവിത –
നാളുകൾ തൽകണ്ഠത്തിലേറ്റിയ നുകം പേറി,
കാലുകൾ തേഞ്ഞിട്ടുണ്ടിന്നവന്നും നെടുനാള-
ക്കാലത്തിൻ കരളമാം പാതകൾ താണ്ടിതാണ്ടി.
ദുർവിധി കുടിച്ചെന്നും മിഴിനീർ വറ്റിക്കയാൽ
നിർവികാരങ്ങളാണാക്കണ്ണുകൾ നിര്ജീവങ്ങൾ.
മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ
പുണ്ണുകൾ പടർന്നിട്ടുണ്ടാവന്നും കരൾക്കാമ്പിൽ.
ഒട്ടേറെക്കാലം മുമ്പിലച്ചെറുപഞ്ഞക്കുടിൽ –
ത്തൊട്ടിലിൽ കൈക്കുഞ്ഞായിപ്പിറന്ന കാലം മുതൽ,
ലക്ഷ്യമെങ്ങറിയാതെ മൃത്യുവിൻ ഭയാനക –
ശിക്ഷയിൽബ്ഭയം പൂണ്ടു കാൽക്ഷണം പതറാതെ,
ജീവിതം കയറ്റിയോരുലക്കടഭാരം തിങ്ങു –
മാവണ്ടി വലിക്കയാണിസ്സാധു നാളിൽ നാളിൽ !
ഗ്രാമവീഥിയിൽ,നേരം വെളുക്കെ,ക്കുടം പേറി,
ത്താമരക്കുളം നോക്കിക്കന്യമാർ ഗമിക്കുമ്പോൾ,
പുഞ്ചയ്ക്കു വെള്ളം തേവും കൃഷിക്കാർതൻ ശുദ്ധമാം
നെഞ്ചുകൾ സംഗീതമായ് ചുറ്റിലും ചുറ്റിടുമ്പോൾ,
ഉച്ചയ്ക്ക് വഴിവക്കിൽപ്പേരാലിൻ ചുവട്ടിലായ്
സ്വച്ഛനിദ്രയിൽ മുങ്ങിപ്പഥികർ ശയിക്കുമ്പോൾ,
ചാഞ്ഞിടും കരിക്കൊള്ളിവള്ളിയിലൂഞ്ഞാലാടി –
ക്കാഞ്ഞിരമരത്തോപ്പിൽ തത്തകൾ ചിലയ്ക്കുമ്പോൾ,
അന്തിയിൽ, വിഷക്കാവിൽ, വെളിച്ചമകറ്റുവാൻ
ദുർമന്ത്രവാദം ചെയ്യും മൂങ്ങകൾ മൂളീടുമ്പോൾ,
അകലെക്കുന്നിൻമോളിൽ, രാത്രിതൻ ഗുഹകളെ –
യലറും തെണ്ടിപ്പട്ടിയോളിയാൽ നിറയ്ക്കുമ്പോൾ
കണ്ടിടാറുണ്ടു ഞാനാക്കിഴവൻ വണ്ടിക്കാരൻ
വണ്ടിയും തെളിച്ചുകൊണ്ടങ്ങിങ്ങു ചാരിപ്പതായ്.
മിണ്ടുകില്ലൊന്നും തന്നെ മിഴിയും ചുണ്ടും ;വണ്ടി –
ത്തണ്ടിന്റെ ദയാർഹമാം ഞരക്കം മാത്രം കേൾക്കാം.
കാളകൾ ചരിക്കുന്നു മന്ദമായ്;ത്തെളിക്കുന്ന
കാള’യും ചലിക്കുന്നിതാവിധമൊന്നും തന്നെ !
ഒട്ടേറെയപൂർവമായ്ക്ക്കേട്ടിടാം, വണ്ടിക്കാരൻ –
ചാട്ടവാറുലയ്ക്കവേ മൂളുന്ന പാട്ടൊന്നേവം:
“നാടകമേ…യുലകം;നാളൈ, നടപ്പതേ –
യാരറിവാർ -ഒരു നാടകമേ…..യുലകം!”
ഒരു നാൾ ഗ്രാമവീഥി തന്നിലായ്കണ്ടു ഞാനെൻ
കരളു നടുങ്ങാവെയിമ്മട്ടാമൊരു രംഗം;
നാലുപേർ-അല്ലാ-നാലുകാളകൾ-പഴന്തുണി
മൂടിയ മരക്കട്ടിൽ പേറി മുന്നേറിടുന്നു!
കട്ടിലിൽ -തതുണിക്കുള്ളിൽക്കിടപ്പൂ തൻ ചൈതന്യം
വറ്റിയ ‘വണ്ടിക്കാള ‘ -പണ്ടത്തെ വണ്ടിക്കാരൻ!
കണ്ണുനീർ ചൊരിഞ്ഞീലാ ചുറ്റിലും മിത്രാദികൾ;
വിണ്ണിലായ് വിഷാദത്തിൻ വിലാപം പടർന്നീല.
തോളത്തു ഖനം തൂങ്ങും കട്ടിലും പേറിക്കൊണ്ടു
കാളകൾ നാലും മാത്രമിഴഞ്ഞു മുന്നേറുന്നു.
English Summary : This Malayalam Poem Kaalakal Written by P.Bhaskkaran.Pulloottupadathu Bhaskaran alias as P. Bhaskaran, was a Malayalam poet, lyricist of Malayalam film songs and filmmaker. He penned more than 3000 songs for about 250 films. He also directed 44 Malayalam feature films and 3 documentaries, produced 6 feature films and acted in several movies.