Samkramanam-Aattur Ravivarma-സംക്രമണം -ആറ്റൂർ രവിവർമ്മ

0
Spread the love

Malayalam Poem Samkramanam Written by Aattur Ravivarma.

കുറേനാളായുള്ളി- 
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു 

വിരലുകൾ മൂക്കിൽ 
തിരുകിയാണു ഞാൻ നടപ്പതെങ്കിലും 
അരികത്തുള്ളോരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു  

അറിവുവെച്ചപ്പോൾ 
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ  വാരി 
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ് 

ഒരു പെണ്ണിൻ തല-
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-
മതിന്റെ കാതിന്മേൽ 
കടലിരമ്പീല-തിര  തുളുമ്പീല 
മുഖത്തു  കണ്ണുക- 
ളതിന്നു  പാതിരയ്ക്കടക്കുവാൻ  മാത്രം,
ഒരു നിശബ്ദമാം 
മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ 

മയങ്ങാറുണ്ടാവി-
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു-
മവളെക്കാൾ നേർത്തെ  പിടഞ്ഞെണീറ്റിലാ 
പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും 

ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം 
ഒരട്ടി മണ്ണവൾ !

ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തു ഞാ- 
നതി സൂക്ഷ്മം വേറൊരുടലിൽ  ചേർക്കാവൂ!

ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം  കടുവയിൽ 

(ഇനിയുമുണ്ണിക -
ളു റങ്ങുമ്പോഴത്തിൻ  മുരൾച്ച കേൾക്കാവൂ 
മലയുടെ താഴെ 
വയലിനക്കരെ, കതകിനപ്പുറം )
അവളുടെ നാവി -
ന്നെടുത്തു  വേറൊരു കുരലിൽ ചേർക്കാവൂ;
ഇറയത്തെച്ചിലു 
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര 
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ 

പൂരങ്ങളും ജന -
പദങ്ങളും ചൂഴും വനവഹ്നികളി-
ലവൾതന്നുഗ്രമാം 
വിശപ്പു  ചേർക്കാവൂ, കലർത്തിടാവൂഞാ -
നവൾ തൻ വേദന 

ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ -
മണയ്ക്കാവൂ  വിളനിലങ്ങളെയുണ-
കിട്ടുന്ന സൂര്യനിൽ 

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ 
ബലിമൃഗമായി-
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി. 

English Summary : This Malayalam Poem Samkramanam Written by Aattur Ravivarma. Attoor Ravi Varma was an Indian poet and translator of Malayalam literature. One of the pioneers of modern Malayalam poetry, Ravi Varma is a recipient of Kendra Sahitya Akademi Award, Kerala Sahitya Akademi Award for Poetry and Kerala Sahitya Akademi Award for Translation, besides many other honours.

Leave a Reply