കരിമ്പിൻ നീര് മധുരിക്കുന്നത് – രജിശങ്കർ ബോധി

0
Spread the love

Email to the writer - Reji Shankar Bodhi

Karimbin neeru madhurikkunnathu – Rejishankar Bodhi

കരിമ്പിൻ നീര്
ഇത്രമേൽ മധുരിക്കുന്നത്
ചതഞ്ഞരഞ്ഞ ജീവൻ
മരിക്കാത്തത് കൊണ്ടാണ്.

അരഞ്ഞരഞ് മധുരം ചിന്തുന്നവർ
ബാക്കി വെക്കുന്നത്
കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം.

ഒരിക്കലും  പെയ്യാത്ത മഴ  ഓങ്ങിയിരിക്കുന്ന
ആകാശത്തിൻ കീഴിലിരുന്ന്
നീ പകരുന്നതെന്ത്?
ഓരോ ഇലകൾ കൊഴിയുമ്പോഴും;
മരങ്ങൾ പോലും ദീർഘനിശ്വാസമുതിർക്കുന്നത്
നീയറിയുന്നു.
നിൻറെ മൗനം;
പഠിക്കാത്തവൻറെ
എഴുത്ത് പോലെ
അഴിയാക്കുരുക്കായ്
വായനക്കപ്പുറത്ത് പതുങ്ങിക്കിടക്കുന്നു.
മധുരിക്കുന്ന കാറിനു മരണത്തിൻറെ ഗന്ധമാണന്ന്
ശവംതീനിയുറുമ്പുകൾക്കറിയാം.
മതിലിനപ്പുറം അവർ  
ഊഴംകാത്ത് കിടക്കുകയാണ്.

കാളിയും ഭ്രാന്തനും മന്ത്മാറ്റിക്കളിക്കുന്ന ചുടുകാട്ടിൽ
മധുരം;  അരുവിയായ്, പെരുമ്പുഴയായ്,
കടലായ് ഒഴുകുകയാണന്ന്
വായില്ലാത്തവൻ കുന്നിൻ മുകളിലിരുന്ന്
മുക്രയിട്ടു.
അത്കേട്ട് അവനെ നോക്കച്ചിരിച്ച വരരുചി
പുതിയൊരു പറയക്കുടിയിലേക്ക് ചൂട്ട് വീശി.

വായുള്ളവൻ
നിലത്ത് ഇല്ലാത്തതെന്തോ തിരയുകയാണ്.

Leave a Reply