അമ്മതൻ ജന്മദിനം – രാജേഷ്

0
Spread the love

ഇന്നാണാ ദിനം
എന്നമ്മ തൻജന്മദിനം

ഞാനെന്ന ജന്മത്തെ ജീവിത ചക്രത്തിൽ
തിരിയാൻ വിട്ടൊരു
സുന്ദര ജന്മത്തിൻ
ജന്മദിനം

ഒരമ്മ തൻ മകളായി
കൂടെ പിറപ്പുകളുടോമന
പെങ്ങൾ ആയി
അവരുടെ കൊഞ്ചലായി
വീടിൻ കുസൃതി ക്കുരുന്നായ്
പിറന്നൊരീ പുണ്യജന്മം

ബാല്യത്തിൽ നാളുകൾ
വീട്ടിലും നാട്ടിലും
ഓടിനടന്നൊരു
കുഞ്ഞിളം തെന്നലോ
കൂടെ പഠിച്ചൊരു കുസൃതി
കുരുന്നുകൾക്കെല്ലാം
ജീവന്റെ ജീവനാം കൂട്ടുകാരിയൊ
വീട്ടുകാർ കണ്ടെത്തി
കൈപിടിച്ചേല്പിച്ച
പ്രാണനാഥന്റെ
പ്രിയ സഖിയോ

ജീവിത ചക്രത്തിൻ
സഞ്ചാര വേളയിൽ
കിട്ടിയ വേഷങ്ങൾ
മാറുന്നു മറിയുന്നു
കാലങ്ങൾ നീങ്ങുന്നു
കാലമവളിൽ വർണ
ചിത്രങ്ങൾ കോറുന്നു.

പുതിയൊരു കുപ്പായം
തയ്ചിട്ടു .
വേഷ പകർച്ചയിൽ
തന്നെ താനാക്കിയ
മാതാവിൻ വേദന
ആ സുഖമുള്ള നൊമ്പരം
അവളിലും വന്നണഞ്ഞു.

ഒന്നല്ല രണ്ടല്ല നാലിളം
പൈതങ്ങൾ .
ദൈവ നിയോഗത്തിൽ
അവളുംഭാഗഭാക്കായി.
അവളുമൊരമ്മയായി.
ഭാരിച്ച വേഷങ്ങൾ
ആടിത്തുടങ്ങി.

നാളുകൾ നീങ്ങുന്നു
ജീവിത പാതയിൽ
ജീവന്റെ പാതിയും

പിന്നെ അച്ഛനും അമ്മയും
ദൈവവിളിക്കുത്തരമായ്
തിരികെ മടങ്ങുമ്പോൾ
ചേർത്തു പിടിക്കാൻ
മക്കളും പിന്നെ
കൊച്ചുമക്കളും
പേരക്കിടാങ്ങളും .
സന്തോഷമാണിന്നും അവളുടെ
ജീവിതം നഷ്ടങ്ങൾക്കിപ്പുറവും .

കൈവിരൽ തുമ്പിൽ
പിടിച്ചൊരാ പിഞ്ചു വിരലിൽ
ഇറുകെ പിടിച്ചപ്പോൾ
അവളിലെ കുട്ടിത്തം
വീണ്ടും വിരുന്നെത്തി .

മക്കളും മരുമക്കളും
പേരക്കുട്ടികളും ബന്ധുമിത്രാദികളും
ചൊല്ലുന്നു ആശംസകൾ .
ജന്മദിനാശംസകൾ.

ജീവിത യാത്രയിൽ
നിറമുള്ള , മണമുള്ള
ഓർമയിൽ തങ്ങുന്ന
പുതിയൊരു ജന്മദിനം
അവൾക്കായി നൽകിയ
മക്കളാം ഞങ്ങളോ
ഞങ്ങളിൽ ഒരാളായി
ഒപ്പത്തിനൊപ്പം കൂടി
കളിച്ചു രസിച്ചൊരെൻ
അമ്മയ്‌ക്കോ
ആർക്കാണെന്നറിയില്ല
സന്തോഷകൂടുതൽ

ഇന്നായിരുന്നു ആദിനം
എന്നമ്മ തൻ ജന്മദിനം

English Summary: Malayalam Poem “Ammathan Janmadinam” written by Mr. Rajesh Pillai.

Leave a Reply