മകൾ – അരുൺ സുവദ

0
Spread the love

Email to the writer - Arun Suvatha

ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ 
ഒടുവിലെ തേങ്ങലിൻ നാദം
ഇന്നലെ കണ്ടു ഞാൻ  പാതയോരത്ത്
നിന്നുടൽ കത്തിച്ച ചാരം

കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.
ദേശവും കാലവും ഒന്നുതന്നെ.
അവിടെയും നീ തന്നെ ഇവിടെയും നീ തന്നെ
 മധുര ഭാഷവും ഒന്നുതന്നെ.
ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയ
 വളപൊട്ടുകളുമൊന്നു തന്നെ.  

നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർ
നിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർ
നിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ
ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ 
 
ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട് 
വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു.
   
എവിടെയാണിന്നവർ,
സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ.
എവിടെയാണിന്നവർ,
വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ

 മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽ
നീ വെറും പെണ്ണുടൽ മാത്രം.
ഒന്നുമേ അറിയാഞ്ഞ നോവു മാത്രം

നിന്നെ അറിയാനെനിക്കിന്നു നേരമില്ല
നിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.
നീ വെറും വാർത്തയാണിന്നലത്തെ വാർത്ത
വാർത്തതൻ വേവിൽ ദഹിച്ചിടുന്നോൾ. 
 
ഇരയെന്നു പേരിട്ടു നിന്നെ വിളിച്ചവർ
ഓസ്തിക്കു വേണ്ടിയിന്നെഴുതുന്നു പിന്നെയും.
വിരാമങ്ങളില്ലാത്തഫലശ്രുതിയില്ലാത്ത
അക്ഷര തെറ്റുകൾ ഭോഗിച്ച വാർത്തകൾ.
 
എന്നോ മരിച്ചൊരാ ദൈവങ്ങൾക്കൊപ്പം
മകളെ നീയും വിമൂകമായ്‌ പ്രാർത്ഥിക്ക.
ഒരു കോടി ദീപങ്ങൾ മിഴി തുറക്കാൻ. 
ഈ ജ്വര രാത്രിയോന്നസ്തമിക്കാൻ.
 
ക്രൌര്യങ്ങൾ ഉന്മാദ നൃത്തങ്ങളാടാത്ത,
ശിശുരോദനങ്ങളിൽ ചെന്നിണം വീഴാത്ത.
കനിവുംപ്രതീക്ഷയും സ്നേഹവും പൂക്കുന്ന
ഒരു ഗ്രീഷ്മ വർഷം പുനർജനിക്കാൻ.
മകളെ നീയും വിമൂകമായ്‌ പ്രാർത്ഥിക്ക.
 
അന്നൊരു മാതാവിൻ ഗർഭത്തിലുരുവാകാൻ
അന്നത്തെയമ്മയ്ക്കു പെറ്റൂ വളർത്തുവാൻ
അന്നത്തെയമ്മതൻ മാറോടു ചേരുവാൻ 
മകളെ നീയും വിമൂകമായ്‌ പ്രാർത്ഥിക്ക.
 
English Summary: Malayalam Poem ‘Makal’ written By Mr. Arun Suvatha

Leave a Reply