Pravaasam – Akhil Murali പ്രവാസം – അഖിൽ മുരളി

0
Spread the love

Email to the writer - akhil1234

ഉരുകി ഒലിച്ചിടും
വിയർപ്പു കുമിളകൾ
ആകാംഷയുടെ മുൾമന
ഏറ്റു പൊട്ടി വീണിടും മരുഭൂമിതൻ
മടിത്തട്ടിൽ.

അന്ധമില്ലാ മരുഭൂമിയിൽ
മരുപ്പച്ച തേടി അലഞ്ഞൊരു
സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ

മുന്നിൽ കാണും
സാഗരത്തിന്റെ മറുവശം കാണാൻ
കൊതിച്ചിടും ചില ജന്മങ്ങൾ.

നൊന്തു നീറിയ ജീവിത
വഴികൾ താണ്ടി
നനഞ്ഞു കുതിർന്ന കണ്ണീരൊപ്പാൻ
പ്രവാസം വരിച്ച യൗവനങ്ങൾ.

ജീവിതമാകുന്ന പുസ്തക താളിലെ
പകിട്ടാർന്ന താളുകൾ നോക്കാതെ
തൻ ഉറ്റവരെ കാക്കാൻ പുറപ്പെട്ട
അഭിമാന ജന്മം.

സ്വർഗ്ഗം തോൽക്കും
വഴികാഴ്ച്ചകൾ
സ്വർഗ്ഗ തുല്ല്യമാകില്ല മർത്യാ.
നാം കാലുറപ്പിച്ച ഭവന ചാരുത
ആ സ്നേഹ വാത്സല്യം
ഒരിക്കലും ത്രാസ്സിനെ
ചലിപ്പിക്കില്ല.

ദിനങ്ങൾ പലതു കൊഴിഞ്ഞു
പോകുന്നു
അതറിയാതെ ഉരുളുന്നു
ചില മേനികൾ മണ്ണിലായ്.

മനസ്സ് കുളിർക്കുന്ന
പക്ഷിജാലങ്ങളും
പ്രിയമുള്ളവർ തൻ പുഞ്ചിരിയും
തെന്നലിൽ ആർത്തടിക്കും
ജനല്പാളിയും,
തുലാവർഷ മഴയും കുളിരും കൈകോർത്തെത്തുന്ന
പ്രകമ്പന നാദവും എല്ലാം
മരുഭൂമിയിൽ
എരിഞ്ഞമരുന്നു.

പിച്ച വെക്കും തൻ പൈതലിൻ
കാലൊച്ചയും
ആ കളിചിരിയും ഓർമയിൽ
താലോലിച്ചു ഉരുകുന്ന
മനമതുണ്ട്.

വീശിയടിക്കുന്ന ഓരോ കാറ്റിലും
എന്റെ നാടിന്റെ ഗന്ധം
ഞാനാസ്വദിക്കുന്നു.

പണ്ടു ഞാൻ പക്ഷിയെ
ബന്ധനമാക്കിയിട്ടുണ്ടാകാം
ഇന്നവയെപോലെ മതിമറന്നു പറക്കാൻ
ഏറെമോഹിച്ചിടുന്നു.

ചൂടു കാറ്റു വീശുമി മണലാരണ്യത്തിൽ
നിധി തേടി വന്നവരാണ് നാം.
ഇന്ന് ആ കുംഭം പാതാളത്തിലേക്കു
താഴുന്നത് എന്തിനാണ്.

അഖിൽ മുരളി

Leave a Reply