Sahyathapam സഹ്യതാപം Rajesh Babu
Email to the writer - Rajeshbabu
മഴയൊതുങ്ങി പുഴയൊതുങ്ങി മലതൻ കലിയുമടങ്ങി
മനസ്സിനുള്ളിൽ തിളക്കും ശോകം പക്ഷെ തീക്കനലാഴി
മണ്ണ് തന്നുടെ ഉള്ളിലുറങ്ങിയ നിശബ്ദമാം താപം
മരണതീയായ് തിളച്ചു തൂവി എല്ലാം തവിട് പൊടിയായീ
ഇന്നലപുഴ ശാന്തസുന്ദരി ലജ്ജാവതി കരിനീലാംഗീ
ഇന്ന് ചെങ്കണ്ണുരുട്ടി അവൾ രുദ്ര കൊടുംകാളി !!
പുത്രിയോട് കൂടും മമത, സ്‌നേഹം താതന്ന്,
തളർത്തി അവളെ നാം , വളർത്തി താപം മലതനുൾപൂവിൽ
നന്നായ് പലവിധം നമ്മെകണ്ണുരുട്ടി തന്നടയാളം ,
ഇന്നലെ പിന്നെയുമെൻപുഴ ചങ്കു കലക്കികാട്ടി,നാമുണർന്നില്ല
കുന്നിൻപുത്രിയാം നദിയെ നാം കഴുത്തു ഞെരിച്ചപ്പോൾ
ഒന്നായെത്തി സഹ്യൻ ഉരുൾ വെടിപട സന്നാഹവുമായീ
ഇന്ന് കരഞ്ഞിട്ടെന്തു കാര്യം, ഞാൻ
ഇന്നെലെകളിൽ കരിച്ച വനനികുഞ്ജങ്ങൾക്കായ്,
കുടിവെള്ളത്തിനായി ഉയരെ തടഞ്ഞ നീരുറവകൾക്കായ്
അടിവലിഞ്ഞവ മണ്ണിനെ ജലപൂരിതമാക്കി
മണ്ണും മലയും തമ്മിലുള്ള ബന്ധം വിടർത്തി
മേഘവിസ്‌ഫോടനം പിന്നെ കൂനിന്മേൽ കുരുപോൽ
ഇന്നെന്നഹന്തതൻ കന്മഷം പാനം ചെയ്തു,
എൻകൂട്ടർ, ചെടികൾ പിന്നെ മൃഗാദിപക്ഷികളും !
മരണമെത്താത്ത സ്‌ഥലമതില്ലത്ഭൂതം! പക്ഷെ
മരണമെനിക്കുമുണ്ടെന്ന ബോധവുമില്ല!!
ഒരു വനനദീതടം കണ്ടാലവിടേക്കൊരു കുടിലുകെട്ടി പി-
ന്നൊരു ‘റിസോർട് -പുഴക്കര’ ആക്കും ഞാനതിനെ!
പിന്നടുത്തവനത്തിനരുകിലൊരു മലയുണ്ടെങ്കിലെവിടെ
ചന്നന്നൊരു ടൂറിസ്റ്റ്ബംഗ്ലാവും പിന്നൊരു ‘ട്രക്കിങ്’ റൂട്ടും
അതിനുചുറ്റും കുറെ വനം വെട്ടിപിടിച്ചി ട്ടങ്ങൊരു പണ-
കൊതി രാഷ്ട്രീയക്കാരനെയും കൂട്ടി മരങ്ങൾ വെട്ടിവിറ്റിടാം!
പിന്നെ കൃഷിയായവിടെ പട്ടയംവേണം-ഞാൻ കൃഷിക്കാരൻ,
നാല് പയറും മരച്ചീനിയും പിന്നൊരു വാഴയും നട്ടു
നാപ്പതു വർഷരേഖഉണ്ടാക്കി പട്ടയം കിട്ടി ,
നന്ദി, കൈകൂലി രാഷ്ട്രിയ-ഉദ്യോഗസ്ഥ കോമരങ്ങൾക്ക്!
നാളുനാലു കഴിഞ്ഞിപ്പോൾ പ്രശ്നം അതിഭയങ്കരം!
സഹ്യപുത്രന്മാരും കൂടെകുറെ കൂർമ്മവൃന്ദങ്ങളും
നീളെവന്നു മരച്ചീനിയും വാഴയും പിന്നെ
സഹകരണത്തോടെപച്ചകറിയും തിന്നുന്നു !!
വെടിവച്ചിടാൻ അനുമതി വേണമിന്നെനിക്ക്,പിന്നെ
വൈദ്യുതവേലിയായ് , പന്നിപടക്കം എന്റൊരുഭോഷ്ക്!
കുഴൽകിണർ കുത്തിത്തണ്ണി ഭൂഗർഭമാക്കി
പിന്നെ തടയാനാകുമോ കാട്ടുപോത്തിനേം കരിവീരന്മാരേം
നാലു വർഷംകഴിഞ്ഞിപ്പോൾ മണ്ണൊലിച്ചുപോയ്
പാറ തെളിഞ്ഞിപ്പോഴവിടം കൃഷിക്കുമൊട്ടുമാവില്ല
‘ക്വാറിലോബി’ ക്കിതു തൃണസമാനം വിറ്റോഴിച്ചീടാം!
‘ഫ്രീ’ക്ക് കിട്ടിയതല്ലേ “കാട്ടിലെ തടി,തേവരുടാന”!!
പാറപൊട്ടിക്കാൻ ബോംബുസ്ഫോടനം നടത്തുന്നതിശീക്രം
എപ്പോൾവേണമെങ്കിലും ‘ബാൻ’ വരാം അതിനുമുമ്പേകഴിക്കാം
മലകൾ ,ഡാമുകൾ പച്ചത്തുരുത്തുകൾ, എല്ലാംത കർന്നിടാൻ
വെമ്പൽ കൊണ്ടങ്ങനിരിക്കുന്നു ടൈംബോംബെന്നതുപോൽ!
ഇന്നിതുവരെ കണ്ടതെല്ലാം വെറും ‘ട്രൈലെർ’ ,
ഇന്നി മഹാപ്രളയനാളുകൾക്കില്ലതിദൂരമിന്നുറങ്ങിയാൽ,
എന്നു വരും എന്നുള്ളിൽ സുബോധോദയം?
ഇന്നിനിജനിക്കാൻ പോകും സന്തതികൾക്കായ്!
മഴയൊതുങ്ങി പുഴയൊതുങ്ങി മലതൻ കലിയുമടങ്ങി
മനസ്സിനുള്ളിൽ തിളക്കും ശോകം പക്ഷെ തീക്കനലാഴി
അറിഞ്ഞുണർന്നെണീറ്റുമാറ്റുവിൻ നിന്റവ്യവസ്ഥകളെ
പ്രബുദ്ധ ശക്‌തിയാകു നീ നിൻ വരും തലമുറക്കായ്
English Summary: This page contains the lyrics of the poem ‘Sahyathapam’ (സഹ്യതാപം) written by Rajesh Babu