Email to the writer - Renji abhilash
കാലമാം നദി കാൽത്തള കെട്ടിയൊഴുകുന്നു.
ഇന്നീ ജീവിതസന്ധ്യയിൽ
സിന്ദൂരമണിഞ്ഞൊരെൻ മൗനത്തിൽ നിന്നോർമ്മകൾ
കണ്ണീർമഴയായ് പൊഴിയുന്നു.
അന്നു നീയാഴക്കടലായിരുന്നു
ഞാൻ കടൽത്തീരവും…
തിരമാലക്കൈകൾ
നീട്ടി നീയണഞ്ഞു, എന്നരികിലേക്ക്…
എന്റെ കണ്ണീർമുത്തുകൾ
കോരിയെടുക്കുവാൻ…
എനിയ്ക്കായ് സാന്ത്വനഗീതം ചൊരിയുവാൻ…
നീയംബരമായിരുന്നു
ഞാനംബുദവും…
മിന്നൽപിണരുകൾ
പ്രഭ ചൊരിയുമ്പോൾ തൂഹർഷമായെന്നിൽ നീ
പെയ്തിരുന്നു.
നീ പൂർണ്ണചന്ദ്രനായിരുന്നു
ഞാനാത്മനക്ഷത്രവും…
നീ ചിരിയ്ക്കും
നേരത്തെന്നിലെ
അന്ധകാരമകന്നിരുന്നു.
നമൊരുമിച്ചൊരു നിലാവു നെയ്തപ്പോൾ
എത്രയെത്ര ജീവിതഗന്ധികൾ വിടർന്നിരുന്നു …
എങ്കിലും നീയെന്ന
ഉജ്ജ്വലവെളിച്ചത്തിൻ
തോഴിയാം നിഴലായ് നിൽക്കുവാനായിരു –
ണെന്നുമെനിയ്ക്കേറെയിഷ്ടം.
ജീവിതവനികയിൽ
ഒരുകൊച്ചു സംശയക്കാറ്റു വീശിയനേരത്തു
നീയെന്ന മധുവൂറും വസന്തത്തെ ഞാൻ
ഭൂതകാലത്തിന്റെ കാട്ടിലുപേക്ഷിച്ചു.
ഇന്നലെകളുടെ കരുതലും
പച്ചപ്പിന്റെ വിശാലതീരവും
എനിയ്ക്കിന്നന്യമായി.
ഇന്നെന്റെ സ്വപ്നങ്ങളിൽ തിരയുന്നു ഞാൻ നീയാം
നദിയുടെ കുത്തൊഴുക്കും…
കാലങ്ങൾ മുന്നേ നാമൊരുമിച്ചു
യാത്ര ചെയ്ത സന്തോഷ പാതയും…
മേഘങ്ങളില്ലാത്ത ആകാശവീഥിയിലൂടെ
ദുഃഖഭാരമേതുമില്ലാതെ
ഇനിയൊന്നൊഴുകണം വൃഥാ.
ഇന്നെന്റെ അസ്ഥികൾ ദുർബലമാണ്.
കാലത്തിന്റെ ദുർഘട പാതകൾ മുന്നിലില്ല.
ഊന്നുവടികളുമില്ല.
ഒരിയ്ക്കലും സ്വതന്ത്രമാക്കപ്പെടാത്ത
ഒരു നൗക പോൽ
ചുടുകാറ്റിലുലയുന്നു ഞാൻ.
ഇന്നിനിയ്ക്കു കൂട്ടിനായ്,
സിന്ദൂരമണിഞ്ഞ മൗനക്കൂട്ടിലെ
ഭ്രാന്തിന്റെ
ചങ്ങലക്കിലുക്കങ്ങൾ മാത്രം…
English Summary: ‘Sindhooramaninja Mounam’ is Malayalam Poem written by Renji Abhilash