Yathramozhi-Sajeev Vadakara യാത്രാമൊഴി -സജീവ് വടകര
വിടരാതടർന്നൊരെൻ പ്രണയമൊട്ടേ
വിതുമ്പി തളരാത്രെ യാത്രയാകൂ
കനൽ പോലെ എരിയുമെൻ ഓർമ്മകൾ
നോവിന്റെ കഥകളിയാടുന്നൊരീ വേളയിൽ
നിൻ നീലമിഴികളിൽ മെല്ലെ തുളുമ്പുന്ന
മന്ദസ്മിതത്തിലേയ്ക്കലിയുവാനായ്
അനുരാഗ സന്ധ്യകൾ പൂക്കില്ലൊരിയ്ക്കലും
എന്നെന്നിലാരോ നിലവിളിയ്ക്കേ നിന്നെ
പിരിയുവാൻ വയ്യെനിയ്ക്കെങ്കിലും കരൾ
നൊന്തു കേഴുന്നു കൂട്ടുകാരി അധരം
വിതുമ്പാതെ മിഴികൾ തുളുമ്പാതെ യാത്രയാകൂ
സഖീ യാത്രയാകൂ..
ഒത്തിരി നീന്തി തളർന്നൊരെൻ കൈകളും
തമസ്സിന്റെ തേർവാഴ്ച കണ്ടൊരെൻ മിഴികളും
വഴിമാറിയൊഴുകിയ നദിയുടെ ഗതിപോലെ
വിറപൂണ്ടു നിൽക്കുന്നുവെങ്കിലും ഇറ്റിറ്റു വീഴുന്ന
കണ്ണുനീർ തുള്ളിയെ സാക്ഷിയായ് യാത്രാമംഗളം
നേരുന്നു ഞാൻ.. ഏകാന്ത രാവിന്റെ
നൊമ്പര സീമയിൽ
കുളിർകാറ്റു വീശിയൊരാഹ്ലാദ നിമിഷവും
നീലക്കുറിഞ്ഞതൻ
പൂന്തേൻ നുകരുവാൻ സാഹസം കാട്ടിയ
സുന്ദര കാലവും
ആരോരുമറിയാതെ സൂക്ഷിച്ചുവെച്ചൊരു അരുമയാം
നമ്മുടെ ജന്മ സ്വപ്നങ്ങളും മായ്ക്കുവാനാകാത്ത നിനവുകൾ
പലതുമീ നെഞ്ചോടു ചേർത്തു ഞാൻ തേങ്ങിക്കരഞ്ഞിടാം
ഈ ശിഷ്ടജീവിതം നിനക്കായ് പെയ്തിടാം
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ
യാത്രയാകൂ സഖീ യാത്രയാകൂ..
ഇനി നമുക്കെല്ലാം മറക്കാം സഖി സ്നേഹ ശിശിരവും
വാസന്ത ഹേമന്തവും സങ്കട പേമാരി
തന്നിൽ കുതിർന്നൊരാ
ചന്ദ്രികലോലമാം ചെമ്പനീർ പൂക്കളും
ചോര പൊടിയുന്ന വാക്കുകൾ കൊണ്ടു
നീ കുത്തിക്കുറിച്ചൊരാ
പ്രണയ കാവ്യങ്ങളും
സിരകളിൽ അഗ്നിനിറച്ചൊരാ-
മൃദുചുംബനത്തിൻ മധുരവും മറവിയിൽ
മായാസ്മൃതികളുംനിൻ തീവ്ര
മൗനത്തിലൂറും വിഷാദവും
ദിനരാത്രികൾ നാം
കണ്ട സ്വപ്നങ്ങളും ഇനി നമുക്കെല്ലാം
മറക്കാം സഖീ ഇനിയൊരു
ജന്മത്തിൻ പുലരി പിറന്നെങ്കിൽ
ഒരുനവ ജീവിതം കോർത്തിണക്കാം ഒരിയ്കലും
പിരിയാത്തൊരാത്മബന്ധങ്ങളായ്
അഭിലാഷമൊക്കെയും സഫലമാക്കാം
വിടരാതടർന്നൊരെൻ പ്രണയമൊട്ടേ
വിതുമ്പി തളരാത്രെ യാത്രയാകൂ…
English Summary: This Malayalam poem Yathramozhi Written By Sajeev Vadakara. Sajeev Vadakara Latest Malayalam Lyricist