മാമ്പൂവ്

1
Spread the love

Email to the writer - akhil1234

മെല്ലെ മെല്ലെ ഞാൻ മുഖമൊന്നുയർത്തി
നോക്കിടുന്നാ സുന്ദരനഭസ്സിനെ.
മാദകകാന്തിയിൽ ശോഭിച്ചിടുന്നൊരാ-
നഭസ്സിനെ കാണുകിൽ നൊമ്പരമകന്നുപോയ്.
ഇത്രനാളെന്നെ പോറ്റിവളർത്തിയ ശാഖിയെ
സ്നേഹിച്ചിടാൻ മറന്നതെന്തേ
നിർന്നിമേഷമായൊരെൻ നോട്ടമതുകാൺകേ
പുഞ്ചിരിതൂകി തേജസ്വിയാമംബരം.

ഉല്ലസിച്ചങ്ങനെ നടന്നോരു തെന്നൽ കള്ള-
ച്ചിരിയാൽ വന്നെന്നെയൊന്നുരുമ്മവേ
സൗരഭ്യമില്ലെന്നു പറഞ്ഞവനകന്നുപോയ്
ഒപ്പം കൊഴിഞ്ഞു മലരുകൾ രണ്ട്.

താഴേക്കൊന്നു നോക്കി ഞാനൊളികണ്ണാൽ
സ്തംഭിച്ചുപോയാ മാത്രമേലതു നൂനം.

വീണുപോവതെന്നാൽ തീരുമീ ജന്മോദ്ദേശം.
അഗ്നിയിലെരിയുമെൻ അഭിലാഷമൊക്കേയും.

തേജസ്സാൽ വിടരുമീ വാനത്തിനോടായ്
പ്രണയമല്ലെനിക്കെന്നറിഞ്ഞാലും
അവനാകെയിരുണ്ടു മൂടുകെന്നാകിൽ
കൊഴിഞ്ഞുപോകുമീയെന്നുടെ ജീവിതം.

കാലംതെറ്റിയെന്നോരത്തായ്-
പ്പൂത്തുലഞ്ഞൊരാ കർണ്ണികാരത്തെ
കൗതുകത്താൽ നോക്കി ഞാനോമനിക്കേ
എന്തതു ചന്തം, പറയുവാൻവാക്കുകൾ
പോരെന്ന മട്ടിൽഞാൻ പുഞ്ചിരിക്കേ.
സൗരഭ്യമില്ലെന്നാകിലും പവിത്രമാകുമീ
നിന്നുടെ ജീവിത ശ്രേണിയിൽ
ഞെട്ടറ്റു ധരിത്രിയിൽ പതിക്കുമാ മാത്രയിൽ
നാമൊന്നെന്നതു പരമാർത്ഥമല്ലയോ .

തേനിനായലഞ്ഞൊരു ഭൃഗവും ഒപ്പമൊരു-
കൂട്ടം ഉറുമ്പുകളുമെന്നിലായ്
കൗതുകമുണർത്തവേ
ആവോളമേകിഞാനവർക്കുദാഹമകറ്റിടാൻ.
നന്ദിയേതുമോതാതവർ കൊഴിച്ചുപോയെന്നുടെ
കാന്തിയും.

ആനന്ദം നിറഞ്ഞോരെൻ ജീവിതയാത്രയിൽ
പെട്ടെന്നൊരുദിനം ആകാശമിരുൾമൂടവേ
പ്രകൃതിയവൾ ആർദ്രമാം നാദം മുഴക്കവേ
വിലാപത്തിൻ പരിണിതമായുതിർന്നു നീരുകൾ.

കഷ്ടമെൻ ജീവിതം, ഞാനിന്നു തണ്ടുലഞ്ഞു
നിലം പതിക്കെ, ഒരുയുഗം കാത്തിരുന്നതിൻ
ഫലമസ്തമിക്കേ, പറയാതെ വയ്യെന്നുടെയീശ-
നിന്നുടെയീ ചെയ്തികൾ ക്ഷിതിയിൽ ഗുണപാഠമല്ലെയോ
പൂവായ് നിന്നൊരെൻ ആശകളൊക്കവേ
മാത്രയൊന്നതിൽ പൊലിഞ്ഞു പോകേ
എന്നിരുന്നാലുമീ മുഗ്ദ്ധയാം പുഷ്പം
ഞെട്ടറ്റു വീണതാ പുഞ്ചിരിക്കേ.

അഖിൽ മുരളി

1 thought on “മാമ്പൂവ്

Leave a Reply