Email to the writer - akhil1234
നിലാവിൻ പുതപ്പിനുമേലെ
പരാജയ കഥകൾ കേട്ടു
തല ചായ്ച്ചിരിക്കവേ
ഞാനൊരു
നായയായി മാറും
ചില സന്ധ്യകളിൽ.
മണൽപ്പരപ്പുകളിൽ
ജീവിതം
ചൂഴ്ന്നുപോകുമ്പോൾ
ചുള്ളിപോലുള്ള
നീളൻ കാലുകൾ
നക്കിയും മുരണ്ടും
ഞരങ്ങിയും ചൂളിയും
ഒരു കോണിലായൊതുങ്ങും.
നന്ദി കെട്ടവർക്കു പിന്നാലെ
വാലാട്ടി നടക്കും.
കാക്കകൾ ബാക്കി വെച്ച
മനുഷ്യൻ വാരിവിതറിയ
കയ്പ്പാർന്ന എച്ചിലുകൾ
നക്കിതോർത്തി
കടൽ തുപ്പിയ പാറക്കെട്ടിൽ
മുഖമിട്ടുരയ്ക്കും.
ജീവനില്ലാത്തവക്കുമേലെ
മൂത്രം വിസർജ്ജിക്കും.
ഒരാൾ രണ്ടാൾ
പിന്നീടു ഒരുകൂട്ടം.
ഉള്ളീന്നൊരു ആന്തൽ.
ഒരു തൊടൽ.
ഒരു മണത്തുനോക്കൽ.
കാലമെന്നൊരു വേട്ടക്കാരൻ
ഉന്നംതെറ്റാതെറിയുന്ന
നെറികേടിന്റെ കല്ലുകൾ
നെറുകുംതലയിൽ തുള്ളും.
അമ്മേ, എന്നൊരു മുക്ര.
പാടകെട്ടിയ കണ്ണിൽനിന്നും
കണ്ണുനീർ തുളുമ്പാതെ,
കടലിനോടും,
എന്തിനാണ് നോവിച്ചതെന്നു
പറയാത്തവരോടും
നന്ദി പറയും.
തിരയിരമ്പൽ കണ്ടു
കണ്ണു മഞ്ഞളിച്ചവർ
കാലിനടിയിൽ നിന്നും
മണ്ണൊലിച്ചുപോകുന്നതു
അറിയാതെ പോകുന്നു!
കഷ്ടം!
ഇവൻ വെറും നായ,
മഹാമനുഷ്യാ……..
ദൈവത്തിന്റെ ഇളം പ്രതിഛായ!
English Summary: ‘Kadalkkarayile Naaya’ is a Malayalam poem written by Akhil