Peelikannukal – Cherusseri പീലികണ്ണുകൾ – ചെറുശ്ശേരി

0
Spread the love

This Malayalam Poem Peelikannukal writtwn by Cherusseri. Cherusseri wrote Krishnagadha, the famous poem in Malayalam.

Spread the love

Mlayalam Poem Peelikannukal Written by Cherusseri.

ഗോകുലനാഥനായ് നിന്നൊരു നന്ദനോ –
ടാകുലനാകാതെ ചെന്നാൻ പിന്നെ:
“നമ്മുടെ ദേശത്തു പോവാതിനായിട്ടു
ചെമ്മേ തുടങ്ങേണം താതാനിപ്പോൾ
യാദവന്മാർക്കെല്ലാം മോദത്തെ നൽകി നി-
ന്നാദരവോടു തഴപ്പിച്ചുടൻ
അമ്മയെകാണ്മാനായ് ഞാനും വരുന്നതു-
ണ്ടുണ്മയിച്ചൊന്നതു തെറിനാലും

അച്ഛനുമമ്മയും മറ്റിവനുണ്ടല്ലോ
ഇച്ഛയിൽ നൽകുവാനെന്നു നണ്ണി
ദീർഘമായുള്ളൊരു കാലമിന്നിങ്ങനെ
പാർക്കുമിങ്ങെന്നുള്ളതോർക്കവേണ്ട
അച്ഛനായുള്ളതു നീയൊഴിച്ചില്ലെനി-
ക്കച്യുതന്തന്നുടെ പാദത്താണ
പെറ്റു വളർത്തൊരു തായായി നിന്നതു
മുറ്റുമെനിക്കു മറ്റാരുമല്ലേ;
ആറ്റിലും തീയിലും വീഴാതെകണ്ടെന്നേ-
പോറ്റി വളർത്തുന്നതു നിങ്ങളല്ലോ.
ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളെയൊന്നും മറക്കയില്ലേ.”

നന്ദനോടിങ്ങനെ ചെന്നുടൻ തന്നുടെ
ചങ്ങാതിമാരോടു ചെന്നാൻ പിന്നെ;
“അച്ഛന്നു ചങ്ങാതമായിട്ടു നിങ്ങളു-
മിച്ഛയിൽ പോകണമമ്പാടിയിൽ.
പാരാതെ പോന്നങ്ങു വന്നതുമുണ്ടു് ഞാൻ
നാരായനന്ദന്റെ പാദത്താണ.
നിങ്ങളുമായുള്ള ലീലകൾ ചിന്തിച്ചാ-
ലെങ്ങനെ ഞാനിങ്ങു നിന്നുകൊൾവൂ?
കാളിന്ദീതീരത്തേക്കാനനംതന്നിലെ-
ക്കായ്കളെത്തിന്നല്ലോ ഞാൻ വളർന്നു.
എന്നുമതിന്നുള്ളൊരിച്ഛ പുലമ്പിയു-
ണ്ടെന്നുള്ളിലെന്നതു തേറിനാലും “
ഇങ്ങനെ ചെന്നു തൻ ചങ്ങാതിമാരുള്ളിൽ
പൊങ്ങിന വേദന പൊക്കിപ്പിന്നെ
നന്മകളർന്നുള്ള രത്നവും ചേലയും
നന്ദന്നുമെല്ലാർകും നൽകിനിന്നാൻ.

അമ്മയ്ക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ
നന്ദന്തങ്കൈയിലേ നല്കിചൊന്നാൻ:
“നൽചേല നാലുമെന്നമ്മതങ്കൈയിലേ
ഇച്ഛയിൽ നല്കേണമിന്നുതന്നെ.
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
എന്നെ മറക്കൊല്ലായെങ്ങിനെ.
പാൽവെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളിൽ
പാരമേനിക്കെന്നു ചൊൽക പിന്നെ.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കിൽ മെല്ലെ വരുത്തവേണം;

വാഴപ്പഴങ്ങളും വണ്ണംതിരണ്ടവ
കേഴുവാനല്ലായ്കിലെന്നു ചൊൽവൂ.
ചിറ്റാടയുണ്ടു ഞാൻ പെട്ടകംതന്നുള്ളിൽ
മറ്റാരും കാണാതെ വച്ചു പോന്നു;
ഊനപ്പെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നുതേന്മാനസത്തിൽ.
മഞ്ഞൾ പിഴിഞ്ഞുള്ള കൂറകളെന്നുമേ
മങ്ങാതെ മാനിച്ചുകൊള്ളേണം നീ,
വെറ്റില തിന്നു ചൊരുക്കിനനേരത്തു
തെറ്റെന്നു പൂട്ടുവാൻ ചെന്നോനല്ലോ
കൂലിയായന്നതിന്നാമ്മതാൻ നൽകിന
ചോലയും മാലുറ്റു പോകൊല്ലാതെ.

പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ
കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ-
ഞ്ഞൂണിന്നു വാരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നീ നല്കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.
പൊങ്ങിനോരോശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ
പാവകളൊന്നുമേ പാഴായിപ്പോകാതെ
പാലിച്ചുകൊള്ളേണം പാരാതെ നീ.
ചേണൂറ്റു നിന്നുള്ളൊരോണവില്ലൊന്നുമേ
ഞാണറ്റുപോകൊല്ല ഞാൻ വരുമ്പോൾ.”

(കൃഷ്ണഗാഥ Krishnagadha )

English Summary: This Malayalam Poem Peelikannukal writtwn by Cherusseri. Cherusseri Namboothiri is a 15th-century Malayalam poet who belonged to Kolathunadu, present Kannur district in northern Kerala. Cherusseri wrote Krishnagadha, the famous poem in Malayalam.

Leave a Reply